ബിസിനസ് പങ്കാളിയേയും ഷൈബിന് അഷ്റഫ് കൊലപ്പെടുത്തിയെന്ന് സംശയം; വൈദ്യന്റെ ഘാതകന് സൈക്കോ

കല്‍പ്പറ്റ: ഒറ്റമൂലിക്കായി വൈദ്യനെ തടവില്‍ പാര്‍പ്പിച്ച് ക്രൂരമായി പീഡിപ്പിച്ചു കൊന്ന ഷൈബിന് അഷ്റഫ് ഗള്‍ഫില്‍ വച്ച് മറ്റൊരു കൊലപാതകം നടത്തിയെന്ന് സംശയം. ബിസിനസ് പങ്കാളി ഷൈബിന് അഷ്റഫിന് ഇരയായതായി സൂചനകള്‍ പുറത്തുവന്നു.
ബത്തേരിയില്‍ ലോറി ക്ലീനറായിരുന്നു ഷൈബിന്. ഇടയ്ക്ക് ഓട്ടോറിക്ഷയും ഇയാള്‍ ഓടിച്ചിരുന്നു. പിന്നീട് അമ്മ ജോലി തേടി ഗള്‍ഫിലേക്കു പോയി. അമ്മയ്ക്കു പിന്നാലെയാണ് ഷൈബിന് ഗള്‍ഫില്‍ എത്തിയത്. ഗള്‍ഫില്‍ ഷൈബിന്റെ ബിസിനസ് പങ്കാളിയായിരുന്നു ഹാരിസ് എന്നയാള്‍. 2020 മാര്‍ച്ച് അഞ്ചിന് അബുദാബിയില്‍ കൈയിലെ ഞരമ്പ് മുറിഞ്ഞു മരിച്ച നിലയില്‍ ഹാരിസിനെ കണ്ടെത്തിയിരുന്നു. ഹാരിസിന്റെ മാനെജരായ സ്ത്രീയെയും മരിച്ച നിലയില്‍ കണ്ടെത്തി. ഇരുവരുടെയും മരണത്തില്‍ ഷൈബിന് പങ്കുണ്ടെന്ന സംശയമാണ് ഉയര്‍ന്നിരിക്കുന്നത്.
അഭിപ്രായ ഭിന്നതകള്‍ ഉടലെടുത്തതിനെ തുടര്‍ന്ന് ഹാരിസിനെ ഷൈബിന് കൊലപ്പെടുത്തിയെന്ന് ബന്ധുക്കള്‍ സംശയിക്കുന്നു. നാട്ടിലേക്ക് തിരിക്കാന്‍ ഇരിക്കെവെയായിരുന്നു ഹാരിസിന്റെ അപ്രതീക്ഷിത മരണം. ഹാരിസിന്റെ മരണം ആത്മഹത്യയാക്കി മാറ്റാന്‍ ഷൈബിന് ഗൂഢാലോചന നടത്തിയെന്നും വ്യക്തമായിട്ടുണ്ട്. ഹാരിസും മാനെജരായ സ്ത്രീയും തമ്മില്‍ വഴക്കും മല്പ്പിടിത്തവുമുണ്ടായെന്നും ഹാരിസ് സ്ത്രീയെ കൊന്ന് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും വരുത്തിത്തീര്‍ക്കാനാണ് ശ്രമിച്ചത്. ഹാരിസിന്റെ മരണത്തില്‍ സംശയം തോന്നിയ കുടുംബം പൊലീസില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ കുടുംബത്തിനുനേരെ ഭീഷണി ഉയര്‍ന്നതോടെ അവര്‍ പിന്‍വലിഞ്ഞെന്ന് പറയപ്പെടുന്നു.