അനാവശ്യമായി ഹോണ്‍ അടിക്കുന്നവര്‍ക്ക് പിഴയീടാക്കാന്‍ പോലീസ്
NewsKerala

അനാവശ്യമായി ഹോണ്‍ അടിക്കുന്നവര്‍ക്ക് പിഴയീടാക്കാന്‍ പോലീസ്

തിരുവനന്തപുരം: അനാവശ്യമായി ഹോണ്‍ അടിക്കുന്നവര്‍ക്ക് പിഴ ചുമത്താന്‍ പോലീസ് തീരുമാനം. റോഡിലേക്കിറങ്ങിയാല്‍ ആവശ്യത്തിനും അനാവശ്യത്തിനും വാഹനങ്ങളുടെ ഹോണുകള്‍ മുഴക്കുന്നത് നാം കണ്ടിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങളില്‍ മുന്നറിയിപ്പ് നല്‍കുന്നതിനാണ് ഹോണ്‍ ഉപയോഗിക്കേണ്ടത്. എന്നാല്‍ ഇതിനു വിപരീതമായി ദേഷ്യം, നിരാശ, അക്ഷമ എന്നിവ പ്രകടിപ്പിക്കാന്‍ ചിലര്‍ തുടര്‍ച്ചയായി ഹോണ്‍ മുഴക്കുന്നു. ഈ അവസ്ഥയ്ക്ക് പരിഹാരം കാണാന്‍ ഒരുങ്ങുകയാണ് കേരള പോലീസ്. ഇനി ഇത്തരത്തില്‍ ഹോണ്‍ മുഴക്കുന്നവര്‍ക്ക് 1000 രൂപ മുതല്‍ 2000 രൂപ വരെ പിഴയീടാക്കാനാണ് പോലീസ് തീരുമാനം.

അനാവശ്യമായും തുടര്‍ച്ചയായും ആവശ്യത്തിലധികം ഹോണ്‍ മുഴക്കുന്നവര്‍ക്കും ‘നോ ഹോണ്‍’ എന്ന സൈന്‍ ബോര്‍ഡ് വച്ച ഇടങ്ങളില്‍ ഹോണ്‍ മുഴക്കുന്നവര്‍ക്കുമാണ് പിഴയീടാക്കുക. ഇവരില്‍ നിന്ന് ആദ്യ ഘട്ടത്തില്‍ 1000 രൂപയും കുറ്റം ആവര്‍ത്തിച്ചാല്‍ 2000 രൂപയുമാണ് ഈടാക്കുക. മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 194F പ്രകാരമാണ് പിഴ ഈടാക്കുന്നത്. റോഡില്‍ യാത്ര ചെയ്യുന്നവര്‍ക്കോ വാഹനം ഓടിക്കുന്നവര്‍ക്കോ അപകടം സംഭവിക്കാവുന്ന സന്ദര്‍ഭത്തില്‍ മാത്രം ഹോണ്‍ മുഴക്കാനാണ് പോലീസിന്റെ നിര്‍ദേശം.

തുടര്‍ച്ചയായി മുഴങ്ങുന്ന ഹോണ്‍ മൂലം വാഹനമോടിക്കുന്ന പ്രായമുള്ളവരില്‍ എന്ത് ചെയ്യണം എന്ന ആശയക്കുഴപ്പം ഉണ്ടാക്കുകയും ഇത് അപകട സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും പോലീസ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. ‘ശബ്ദ മലിനീകരണത്തിന്റെ പ്രധാന ഉറവിടമാണ് നിരന്തരമായ ഹോണ്‍ ഉപയോഗം. ഗര്‍ഭസ്ഥ ശിശുക്കള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ആരോഗ്യത്തിന് ഹാനികരമായ കാര്യം കൂടിയാണ്, പ്രത്യേകിച്ച് എയര്‍ ഹോണും ശബ്ദപരിധി പാലിക്കാത്തവയും. സാവധാനത്തില്‍ കേള്‍വിശക്തി നഷ്ടപ്പെടുന്നതിന് അമിത ശബ്ദം സ്ഥിരമായി കേള്‍ക്കുന്നത് കാരണമാകുന്നു.’ കുറിപ്പില്‍ പറയുന്നു.

ബ്രേക് ചവിട്ടുന്നതിലും എളുപ്പം ഹോൺ മുഴക്കുന്നതാണെന്ന് കരുതുന്നവരാണ് പല ഡ്രൈവർമാരും. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍…

Posted by Kerala Police on Friday, September 16, 2022

Related Articles

Post Your Comments

Back to top button