Editor's ChoiceKerala NewsLatest NewsLocal NewsNationalNews

കാര്‍ഷിക നിയമത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന നയപ്രഖ്യാപന പ്രസംഗം, പ്രതിപക്ഷം ഇറങ്ങിപ്പോയി.

തിരുവനന്തപുരം /കാര്‍ഷിക നിയമത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള ഭാഗം നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ നിയമസഭയില്‍ വായിച്ചു. പ്രതിപക്ഷ ബഹളത്തിനിടെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം നടത്തിയത്.കര്‍ഷക സമരം കേരളത്തെയും ബാധിക്കുമെന്നും, നിയമം കോര്‍പറേറ്റുകളെ സഹായിക്കാനുള്ളതാണെന്നും,ഉപഭോക്തൃ സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയാകുന്നതാണ് നിയമമെന്നും ഗവര്‍ണര്‍ പറഞ്ഞു.ഈ സാഹചര്യത്തിൽ കര്‍ഷകര്‍ക്ക് സ്ഥിരം സഹായ പദ്ധതി സംസ്ഥാനം ഒരുക്കുന്നതാണ്. സുഭിക്ഷ കേരളം പദ്ധതിക്ക് പുതിയ മുഖം നല്‍കും. സമ്പാദ്യ ശീലം വര്‍ധിപ്പിക്കാന്‍ കര്‍ഷക സഞ്ചയിക പദ്ധതി നടപ്പിലാക്കും. ഗവര്‍ണര്‍ പറഞ്ഞു.
സ്‌പീക്കർക്കെതിരേയും സർക്കാരിനെതിരേയും പ്രതിപക്ഷം മുദ്രാവാക്യം മുഴക്കികൊണ്ടിരുന്നു. അഴിമതി സർക്കാർ രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം ബഹളം വെച്ചത്. നയപ്രഖ്യാപന പ്രംഗത്തിന് മുമ്പ് സംസാരിക്കാൻ പ്രതിപക്ഷ നേതാവ് ശ്രമം നടത്തിയെങ്കിലും നടന്നില്ല. ബഹളം വച്ച പ്രതിപക്ഷ എം എൽ എമാരോട് തന്റെ ഭരണഘടന കർത്തവ്യം ഗവർണർ ഓർമ്മിപ്പിച്ചു കൊണ്ട് ഗവർണർ നയപ്രഖ്യാപനം തുടർന്നതോടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയുണ്ടായി. പ്രതിപക്ഷത്തിന് പിന്നാലെ പി സി ജോർജും സഭ വിടുകയായിരുന്നു. നയപ്രഖ്യാപനം ബഹിഷ്‌കരിച്ച് സഭയ്ക്ക് പുറത്തെത്തിയ പ്രതിപക്ഷം നിയമസഭാ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഡോളര്‍ കടത്തില്‍ സംശയത്തിന്റെ നിഴലിലായ സ്പീക്കര്‍ രാജിവച്ച് സഭയുടെ അന്തസ് കാത്തുസൂക്ഷിക്കുക, മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാരുടെ താവളം, സ്വര്‍ണക്കടത്തിന്റെയും അഴിമതിയുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ്, തുടങ്ങിയ പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭാ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്.ഏറെ വെല്ലുവിളികൾ നേരിട്ട സർക്കാരാണ് ഇതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗത്തിൽ പറയുകയുണ്ടായി. ലോക്ക്ഡൗൺ കാലത്ത് ആരെയും പട്ടിണി കിടത്താതിരിക്കാൻ സർക്കാർ ശ്രദ്ധിച്ചു. കൊവിഡ് മഹാമാരി സാമ്പത്തിക നിലയെ ബാധിച്ചു. കൊവിഡ് കാലത്ത് ആദ്യമായി ആശ്വാസ പദ്ധതികൾ പ്രഖ്യാപിച്ച സംസ്ഥാനം കേരളമാണ്. സൗജന്യ ഭക്ഷ്യകിറ്റും സൗജന്യ ചികിത്സയും അടക്കം സംസ്ഥാനം നൽകിയെന്നും ഗവർണർ പറഞ്ഞു.

പ്രകടനപത്രിക നടപ്പാക്കിയ സർക്കാരാണിത്. നൂറുദിന കർമ്മപരിപാടി പ്രകാരം തൊഴിലവസരങ്ങൾ സൃഷ്‌ടിച്ചു. മതേതര മൂല്യങ്ങൾ സംരക്ഷിക്കാൻ മുന്നിൽ നിന്ന സർക്കാരാണിത്. കേന്ദ്ര ആനുകൂല്യങ്ങൾ വാങ്ങിയെടുക്കാൻ സർക്കാരിനായി. ഫെഡറലിസം സംരക്ഷിക്കുന്നതിൽ കേരളം മുന്നിലാണ്. കേരളം മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമെന്നാണ് നിക്ഷേപകർ കരുതുന്നത്. പ്രവാസി പുനരധിവാസത്തിന് മുൻഗണന നൽകും. സാമൂഹ്യ സുരക്ഷ പെൻഷനുകൾ കൂട്ടി. പരമാവധി തൊഴിൽ ഉറപ്പാക്കുമെന്നും ഗെയിൽ പദ്ധതി അഭിമാനകരം എന്നും ഗവർണർ പറഞ്ഞു.കൊവിഡ് മൂലമുളള സാമ്പത്തിക മാന്ദ്യം നേരിടാൻ ഇപ്പോഴത്തെ സാമ്പത്തിക സഹായം പോരാ എന്നും, സന്നദ്ധ സേവകരുടെ പ്രവർത്തനം കൊവിഡ് കാലത്ത് നല്ലതുപോലെ ഉപയോഗിക്കാൻ കഴിഞ്ഞതായും മത്സ്യത്തൊഴിലാളി മേഖലയ്‌ക്കായി നിരവധി പദ്ധതികൾ ആവിഷ്‌കരിക്കാനായതായും, ഗവർണർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button