
തിരുവനന്തപുരം: കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ പോരുകള്‍ മൂര്‍ച്ഛിക്കുമ്പോള്‍ അനുദിനം കുതിച്ചുയരുന്ന വിലകള്‍ മറന്നുപോകുന്നു. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഏറ്റുമുട്ടല്‍, ആര്യ രാജേന്ദ്രന്റെ കത്ത് വിവാദം, വിഴിഞ്ഞം പ്രശ്നം തുടങ്ങിയ പ്രശ്നങ്ങള്‍ കത്തിനില്‍ക്കുന്നതിനാല്‍ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ക്ക് വില കൂടിയത് ആരും കാണുന്നില്ല.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് അനുദിനം വരുന്ന പച്ചക്കറികള്‍ തോന്നിയ വിലയ്ക്ക് ഇവിടെ വിറ്റഴിക്കുമ്പോള്‍ അത് ചോദ്യം ചെയ്യാന്‍ പോലും ആരുമില്ലാത്ത അവസ്ഥയിലാണ്. തമിഴ്നാട്ടിലെ കര്‍ഷകരില്‍ നിന്ന് കിലോയ്ക്ക് മൂന്ന് രൂപ നിരക്കില്‍ തക്കാളി വാങ്ങുമ്പോള്‍ ഇവിടെ 25 രൂപയാണ് വിപണി വില. മറ്റെല്ലാ പച്ചക്കറികള്‍ക്കും വില 50 രൂപയ്ക്കു മുകളിലായിട്ട് മാസങ്ങള്‍ പിന്നിട്ടു. ഓണത്തിനുശേഷം വില കുറയുന്ന പച്ചക്കറി ഇക്കുറി ആ പതിവും തെറ്റിച്ച് കുതിക്കുകയാണ്.
വിലക്കുതിപ്പില്‍ ഗാര്‍ഹിക പാചകവാതക വില പൊള്ളുകയാണ്. വാണിജ്യ സിലിണ്ടറിന് 2021ല്‍ 1473 ആയിരുന്നത് ഇപ്പോള്‍ 1900. ഗാര്‍ഹിക സിലിണ്ടറിന് 2021ല്‍ 853 രൂപയായിരുന്നത് 1090 രൂപയിലെത്തി. മുമ്പുണ്ടായിരുന്ന സബ്സിഡി ഇപ്പോഴില്ലാത്തത് ഇരട്ടി ആഘാതമാണ്. കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ പാലിനും പാല് ഉത്പന്നങ്ങള്‍ക്കും വില കൂട്ടിയതോടെ ഇനി വില കൂടാത്തതായി മറ്റൊന്നുമില്ല. ഡിസംബറോടെ മദ്യവിലയും കൂടും.
അരിക്ക് കഴിഞ്ഞ എട്ട് മാസമായി പൊതുവിപണിയില്‍ പ്രധാനപ്പെട്ട എല്ലാ അരിയിനങ്ങള്‍ക്കും കിലോയ്ക്ക് 30 രൂപവരെ വിലവര്‍ധിച്ചു. അരി വില പിടിച്ചുനിര്‍ത്താന്‍ ഉത്പാദക സംസ്ഥാനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച ഫലം കണ്ടില്ല. ജനുവരിയില്‍ പുതിയ വിളവെടുപ്പ് വരെ അരിവില കുറയില്ല. ശബരിമല സീസണായതോടെ തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വില കൂടി. രണ്ടാഴ്ചമുമ്പ് തേങ്ങ കിലോയ്ക്ക് ചില്ലറ വില 35 രൂപയുണ്ടായിരുന്നത് 40 ആയി ഉയര്‍ന്നു. നാടന്‍ തേങ്ങയ്ക്ക് 45 രൂപ നല്കിയാല് തന്നെ കിട്ടാനില്ലാത്ത അവസ്ഥയാണ്.
Post Your Comments