പോപ്പുലര്‍ ഫ്രണ്ടിന് അഞ്ച് വര്‍ഷത്തേക്ക് നിരേധനം; എട്ട് അനുബന്ധ സംഘടനകളും നിരോധിച്ചു
NewsNational

പോപ്പുലര്‍ ഫ്രണ്ടിന് അഞ്ച് വര്‍ഷത്തേക്ക് നിരേധനം; എട്ട് അനുബന്ധ സംഘടനകളും നിരോധിച്ചു

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കും എട്ട് അനുബന്ധ സംഘടനകള്‍ക്കും രാജ്യത്ത് നിരോധനം. അഞ്ച് വര്‍ഷത്തേക്കാണ് കേന്ദ്ര സര്‍ക്കാര്‍ സംഘടനകളെ നിരോധിച്ചത്. റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍, ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, നാഷണല്‍ കോണ്‍ഫഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍, നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, റിഹാബ് ഫൗണ്ടേഷന്‍ കേരള എന്നീ അനുബന്ധ സംഘടനകളെയാണ് പോപ്പുലര്‍ ഫ്രണ്ടിനൊപ്പം നിരോധിച്ചത്.

രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇന്ത്യയുടെ ഐക്യവും ക്രമസമാധാനവും തകര്‍ക്കുന്ന നിലയില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നുമുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇനി ഈ സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതു കുറ്റകരമാകും. വിവിധ സുരക്ഷാ ഏജന്‍സികളുടെ നേതൃത്വത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ വ്യാപകമായി റെയ്ഡ് നടത്തുകയും പ്രധാന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ റെയ്ഡില്‍ കേരളത്തില്‍ നിന്നുള്ള ഉള്‍പ്പെടെ 250ഓളം പിഎഫ്ഐ നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തിരുന്നത്. ഇതിന് ശേഷമാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഭീകരവാദം, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസമാഹരണം നടത്തി, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പരിശീലനം നടത്തി എന്നീ ആരോപണങ്ങളാണ് പിഎഫ്ഐയ്‌ക്കെതിരെ ഉണ്ടായിരുന്നത്. ഈ വിഷയത്തിലാണ് വിവിധ ഏജന്‍ഡസികള്‍ അന്വേഷണം നടത്തുന്നത്. രാജ്യത്ത് നിരോധിക്കപ്പെടുന്ന 43-ാമത്തെ സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ.

Related Articles

Post Your Comments

Back to top button