'പൊറിഞ്ചു മറിയം ജോസ്' തെലുങ്ക് റീമേക്കിന് ഒരുങ്ങുന്നു
NewsKerala

‘പൊറിഞ്ചു മറിയം ജോസ്’ തെലുങ്ക് റീമേക്കിന് ഒരുങ്ങുന്നു

റീമേക്കിന് ഒരുങ്ങി മലയാള ചിത്രം ‘പൊറിഞ്ചു മറിയം ജോസ്’. 2019-ല്‍ ജോഷി സംവിധാനം ചെയ്ത വിജയ ചിത്രം തെലുങ്ക് ഭാഷയിലേക്ക് റീമേക്ക് ചെയ്യുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ജോജു ജോര്‍ജ്ജ്, നൈല ഉഷ, ചെമ്പന്‍ വിനോദ് എന്നിവര്‍ ടൈറ്റില്‍ റോളുകളിലെത്തിയ സിനിമയിലെ ജോജുവിന്റെ പോറിഞ്ചു എന്ന കഥാപാത്രം ചെയ്യുന്നത് നാഗാര്‍ജുനയാകും എന്നും സൂചനകള്‍. എന്നാല്‍ സിനിമയിലെ മറ്റു കഥാപാത്രങ്ങളേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല. ഈ വര്‍ഷം ജനുവരിയില്‍ റിലീസ് ചെയ്ത നാഗാര്‍ജുന പ്രധാന വേഷത്തിലെത്തിയ ചിത്രം ‘ബംഗരാജു’ ടോളിവുഡ് ബോക്‌സ് ഒഫീസില്‍ പരാജയം നേരിട്ടിരുന്നു. തുടര്‍ന്ന് ഒക്ടോബറില്‍ റിലീസ് ചെയ്ത ‘ദി ഗോസ്റ്റ്’ എന്ന ചിത്രത്തിനും വിജയം നേടാനായിരുന്നില്ല. പുതിയ റീമേക്ക് പ്രതീക്ഷകള്‍ നല്‍കുന്നതാണ് എന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍. ‘പൊറിഞ്ചു മറിയം ജോസ്’ റീമേക്കിനായി സംവിധായകരുമായി ചര്‍ച്ചകള്‍ നടന്നുവരികയാണ്. നാഗാര്‍ജുന റീമേക്കിന് സമ്മതം മൂളിയിട്ടുണ്ട് എന്നുമാണ് റിപ്പോര്‍ട്ട്.

തെലുങ്ക് തിരക്കഥാകൃത്ത് പ്രസന്ന കുമാറാണ് പൊറിഞ്ചു മറിയം ജോസ് റീമേക്ക് സംവിധാനം ചെയ്യുന്നത്. പ്രസന്ന കുമാറിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ഇത്. ‘യു ടേണ്‍’, ‘സീടിമാര്‍’, ‘ദി വാരിയര്‍’ എന്നീ സിനിമകള്‍ നിര്‍മ്മിച്ച ശ്രീനിവാസ ചിട്ടൂരിയാണ് നിര്‍മ്മാണം. സിനിമയുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, നാഗാര്‍ജുന തന്റെ നൂറാമത്തെ ചിത്രത്തിനായി തമിഴ് സംവിധായകന്‍ മോഹന്‍ രാജയുമായി ചര്‍ച്ചകള്‍ നടത്തുകയാണ്, അഖില്‍ അക്കിനേനിയെ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് സൂചന.

Related Articles

Post Your Comments

Back to top button