എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഉറുഗ്വായെ പരാജയപ്പെടുത്തി പറങ്കിപ്പട പ്രീ ക്വാര്‍ട്ടറില്‍
Sports

എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഉറുഗ്വായെ പരാജയപ്പെടുത്തി പറങ്കിപ്പട പ്രീ ക്വാര്‍ട്ടറില്‍

ദോഹ: ഖത്തര്‍ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കുന്ന മൂന്നാമത്തെ ടീമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍. രണ്ടാം പകുതില്‍ നേടിയ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ ഉറുഗ്വായെ പരാജയപ്പെടുത്തിയത്. ബ്രൂണോ ഫെര്‍ണാണ്ടസ് ഇരട്ട ഗോളോടെ തിളങ്ങിയ മത്സരത്തില്‍ ഗ്രൂപ്പ് എച്ച് ചാമ്പ്യന്മാരാകാനും പോര്‍ച്ചുഗലിന് സാധിച്ചു.

ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം 54ാം മിനിറ്റില്‍ മനോഹരമായൊരു ചിപ് ഷോട്ടിലൂടെ ബ്രൂണോ ഫെര്‍ണാണ്ടസ് ഉറുഗ്വയെ ഞെട്ടിച്ചു. ഇടത് വിംഗിലൂടെ തുടങ്ങിയ നീക്കത്തിനൊടുവില്‍ റാഫേല്‍ ഗുരേരോയുടെ പാസ് സ്വീകരിച്ച് ബോക്‌സിനകത്തേക്ക് ബ്രൂണോ ഫെര്‍ണാണ്ടസ് കോരിയിട്ട ഷോട്ടിലേക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കുതിച്ചുയര്‍ന്നു.

സൂപ്പര്‍താരത്തിന്റെ തലയില്‍ തൊട്ടുതൊട്ടില്ലെന്ന മട്ടില്‍ പന്ത് ഉറുഗ്വായ് ഗോള്‍കീപ്പര്‍ സെര്‍ജിയോ അല്‍വാരസിനെയും മറികടന്ന് വലയിലെത്തി. ആദ്യം ക്രിസ്റ്റ്യാനോയുടെ പേരിലാണ് ക്രെഡിറ്റ് ചെയ്ത്. പിന്നീട് പരിശോധനയില്‍ ക്രിസ്റ്റ്യാനോ പന്തില്‍ തൊട്ടില്ലെന്നു വ്യക്തമായതോടെ ഗോള്‍ ക്രെഡിറ്റ് ബ്രൂണോ ഫെര്‍ണാണ്ടസിനായി. കളിയുടെ തീരാറായ ഘട്ടത്തില്‍ പെനാല്‍ട്ടി ബോക്‌സിനകത്ത് വച്ച് പന്ത് ഉറുഗ്വായ് ഡിഫന്‍ഡര്‍ ഹോസെ മരിയ ഹിമിനസിന്റെ കൈയില്‍ തട്ടി.

തുടര്‍ന്ന് വിഎആര്‍ പരിശോധനയില്‍ പോര്‍ച്ചുഗലിന് പെനല്‍റ്റി അനുവദിച്ചു. ബ്രൂണോ ഫെര്‍ണാണ്ടസ് എടുത്ത സ്‌പോട്ട് കിക്ക് ഗോള്‍ കീപ്പര്‍ സെര്‍ജിയോ അല്‍വാരസിനെ കബളിപ്പിച്ച് വലയില്‍. സെര്‍ജിയോ തന്റെ ഇടതു വശത്തേക്കു ചാടിയപ്പോള്‍ പന്തു പതിച്ചത് എതിര്‍ വശത്തെ മൂലയില്‍. സ്‌കോര്‍: 2-0. മൂന്ന് പോയിന്റുമായി ഘാനയാണ് ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. ഒരോ പോയിന്റ് വീതമുള്ള ദക്ഷിണ കൊറിയ മൂന്നാം സ്ഥാനത്തും ഉറുഗ്വായ് നാലാം സ്ഥാനത്തുമാണ്.

Related Articles

Post Your Comments

Back to top button