പ്രജുവിന്റെ തിരോധാനം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ഏഴു വര്‍ഷം മുന്‍പ് കാണാതായ പ്രജുവിനെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബാലുശേരി കിനാലൂരിലെ ദാമോദരന്റെ മകന്‍ പ്രജു ഇസ്ലാം മതം സ്വീകരിച്ച് ഐഎസില്‍ ചേര്‍ന്നു എന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. ഏഴു വര്‍ഷമായി പ്രജുവിനെക്കുറിച്ച് യാതൊരു വിവരവുമില്ലാതെ ഇരിക്കുകയാണ് വീട്ടുകാര്‍.
പ്രജു ഇസ്ലാം മതം സ്വീകരിച്ചാണ് വിവാഹം കഴിച്ചത്. ബാലുശേരി മങ്കയത്ത് ഒരു വൃദ്ധയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായിരുന്ന പ്രജുവിനെ കാണാനില്ല എന്നുകാണിച്ച് ഭാര്യ പനായി മുക്കിലെ ഷറീന 2015 ഡിസംബറില്‍ പരാതി നല്‍കിയിരുന്നു. വര്‍ഷമിത്രയായിട്ടും പ്രജുവിനെക്കുറിച്ച് യാതൊരു വിവരവും വീട്ടുകാര്‍ക്ക് ലഭ്യമായിരുന്നില്ല. എന്നാല്‍ കഴിഞ്ഞദിവസം നാര്‍ക്കോട്ടിക് ജിഹാദ് സംബന്ധിച്ച് വാര്‍ത്താസമ്മേളനം നടത്തിയപ്പോഴാണ് പിണറായി ഈ വെളിപ്പെടുത്തല്‍ നടത്തിയത്.
പ്രജു എലത്തൂരില്‍ നിന്ന് രണ്ടാമതൊരു വിവാഹവും കൂടി കഴിച്ചിട്ടുണ്ട് എന്നാണ് പറയുന്നത്. ഭാര്യയും 12 വയസുള്ള മകനും പ്രായമായ മാതാവുമാണ് ഇപ്പോള്‍ വീട്ടിലുള്ളത്. പ്രജുവിന്റെ പേരിലുള്ള കേസ് നടത്തിപ്പിന് കിടപ്പാടം പണയം വച്ചു. കിടപ്പാടം പണയത്തിലാക്കി ഭാര്യയുടെ പക്കലുള്ള സ്വര്‍ണവും പണവുമെല്ലാം കൈക്കലാക്കിയാണ് പ്രജു നാടുവിട്ടത്.
സ്വന്തം ഭാര്യയേയും മകനേയും തെരുവിലേക്ക് തള്ളിവിട്ട് കിടപ്പാടം പോലും വില്‍ക്കേണ്ട അവസ്ഥയിലാക്കി മുങ്ങിയ അവന് ഏത് ദൈവമാണ് സാമാധാനം കൊടുക്കുക. ഉണ്ടാക്കി വെച്ച കടങ്ങളെല്ലാം വീട്ടി അന്തസ്സോടെയാണ് ഈ പണിക്ക് പോയതെങ്കില്‍ പറഞ്ഞുനിക്കാമായിരുന്നു. ഇനി സ്വര്‍ണക്കട്ടിയുമായി അവന്‍ തിരിച്ച് വന്നാലും എനിക്കും മകനും വേണ്ട- ഇതാണ് ഭാര്യ പ്രജുവിനെക്കുറിച്ച് പറയുന്നത്.
പ്രദേശത്തെ ഫ്‌ളോര്‍മില്ലില്‍ ദിവസക്കൂലിക്ക് പോയുള്ള തുച്ഛമായ വരുമാനംകൊണ്ടാണ് ഇപ്പോള്‍ ജീവിതം കഴിഞ്ഞുപോകുന്നത്. രണ്ടര ലക്ഷം രൂപയ്ക്കാണ് അന്ന് കിടപ്പാടം പണയത്തിന് കൊടുത്തത്. പിന്നീട് ഈട് ആവശ്യപ്പെട്ട് ബുദ്ധിമുട്ടിച്ചതോടെ ആകെയുള്ള ആറേ മുക്കാല്‍ സെന്റ് പലിശക്കാരന് എഴുതിക്കൊടുത്തു. കേസ് നടക്കുന്നുണ്ടെങ്കിലും ഇരുപത് ലക്ഷം രൂപ വേണമെന്നാണ് ഇപ്പോള്‍ അയാള്‍ പറയുന്നത്.
ഇരുപത് ലക്ഷം പോയിട്ട് ഇരുപത് രൂപ കൊടുക്കാന്‍ ഇപ്പോള്‍ തനിക്ക് കഴിയില്ലെന്നും അത് തിരിച്ചുകിട്ടാന്‍ മാത്രം എന്തെങ്കിലും ആരെങ്കിലും ചെയ്തുതരണമെന്നും ഷെറീന പറയുന്നുണ്ട്. എന്തായാലും കേരളത്തില്‍ കാണാതാകുന്ന യുവാക്കളില്‍ പലരും ഐഎസില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പരസ്യമായി സമ്മതിച്ചിരിക്കുകയാണ്. ഇത് നാട്ടുകാരില്‍ വന്‍ ഭീതിയാണ് നാട്ടുകാരില്‍ ഉണ്ടാക്കിയിരിക്കുന്നത്.