പ്രവാസികളുടെ കാര്യത്തില്‍ കേന്ദ്രം കേരളത്തെ അഭിനന്ദിച്ചിട്ടില്ല,പി ആര്‍ ടീമില്‍ ഇംഗ്ലീഷ് അറിയുന്നവരെ വെക്കണം, കേന്ദ്ര മന്ത്രി മുരളീധരന്‍.

പ്രവാസികളുടെ കാര്യത്തില്‍ കേന്ദ്രം കേരളത്തെ അഭിനന്ദിച്ചിട്ടില്ലെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍. ജൂൺ 24 ന് കേരളത്തിനായി പ്രത്യേകം നിർദേശം പറ്റില്ലെന്ന് കേന്ദ്രം കേരളത്തെ അറിയിച്ചിരുന്നു. ഈ കത്ത് സംസ്ഥാന സർക്കാർ പൂഴ്ത്തി. 25 ന് അയച്ച കത്ത് അഭിനന്ദനം എന്ന് പറഞ്ഞു പുറത്തു വിടുകയായിരുന്നു. പ്രവാസികള്‍ രോഗവ്യാപകരാണെന്ന് കേരളം പറഞ്ഞു. ആ മണ്ടത്തരം തിരുത്തിയത് നന്നായി എന്നാണ് കത്തില്‍ പറഞ്ഞത്. അത് അഭിനന്ദനമാകില്ല. പി ആര്‍ ടീമില്‍ ഇംഗ്ലീഷ് അറിയുന്നവരെ വെക്കണമെന്നും കേന്ദ്ര മന്ത്രി മുരളീധരന്‍ പറയുകയുണ്ടായി.
മാര്‍ച്ച് 25 മുതല്‍ കോവിഡ് പ്രതിരോധത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ കാണിച്ച മാതൃകയെ പ്രശംസിച്ച് കൊണ്ട് കേന്ദ്രം അഭിനന്ദന കത്ത് അയച്ചിട്ടുണ്ട്. ഇത് കേരളത്തിന് മാത്രമായി കേന്ദ്രം നല്‍കിയ ഒരു അഭിനന്ദന കത്തല്ല. ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം കത്തയച്ചിട്ടുണ്ട്. അത്തരമൊരു കത്താണ് കേരളത്തിനും ലഭിച്ചത്. മറ്റ് സംസ്ഥാനങ്ങള്‍ ഈ കത്ത് പി ആര്‍ വര്‍ക്കിന് ഉപയോഗിച്ചിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു. യു എന്‍ വെബിനാറില്‍ പങ്കെടുത്തത് പി ആര്‍ വര്‍ക്കിനായി ഉപയോഗിച്ചു. പി ആര്‍ വര്‍ക്കിന് ഉപയോഗിക്കുന്ന പണം പ്രവാസികളുടെ ക്വാറന്‍റൈന് ഉപയോഗിക്കണം. ജനങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്ക് ഉപയോഗിക്കേണ്ട പണമാണ് ഇത്തരത്തില്‍ കേരളം പി ആര്‍ വര്‍ക്കിനായി ഉപയോഗിക്കുന്നത്. കോവിഡ് പ്രതിരോധത്തില്‍ 28ാം സ്ഥാനത്താണ് കേരളമുള്ളത്. ടെസ്റ്റിംഗ് കാര്യത്തിൽ വളരെ പിന്നിലാണ്. അത്രയും മോശം ടെസ്റ്റിംഗ് സംവിധാനമാണ് സംസ്ഥാനത്തുള്ളതെന്നും മുരളീധരന്‍ പറഞ്ഞു.