നിയമസഭാ തെരഞ്ഞെടുപ്പിന്, തെരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കങ്ങൾ തുടങ്ങി.

ന്യൂഡൽഹി / കേരളം ഉൾപ്പടെ 5 സംസ്ഥാനങ്ങളിൽ അടുത്ത ഏപ്രിൽ – മേയ് മാസങ്ങളിലായി നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്, തെരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കങ്ങൾ തുടങ്ങി. ഇതിന്‍റെ ഭാഗമായി കമ്മിഷന്‍റെ സീനിയർ ഉദ്യോഗസ്ഥർ വരും ദിവസങ്ങളിൽ പശ്ചിമ ബംഗാളും തമിഴ്നാടും സന്ദർശിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. കമ്മിഷൻ സെക്രട്ടറി ജനറൽ ഉമേഷ് സിൻഹയാണ് തമിഴ്നാട്ടിലെത്തുന്നത്. ഡെപ്യൂട്ടി ഇലക്ഷൻ കമ്മിഷണർ സുദീപ് ജെയിൻ പശ്ചിമ ബംഗാളിലെത്തും. ഏപ്രിൽ- ജൂൺ കാലയളവിൽ ഇപ്പോഴത്തെ നിയമസഭയുടെ കാലാവധി അവസാനിക്കുന്ന കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട്, പുതുച്ചേരി, അസം നിയമസഭകളിലേക്കാണ് വോട്ടെടുപ്പു നടക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനു തൊട്ടു പിറകെ കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പും എത്തുകയാണ്. തദ്ദേശ തെരഞ്ഞെടുപ്പു കാലത്തെ കൂടിച്ചേരലുകൾ വൈറസ് കേസുകളെ എത്രമാത്രം സ്വാധീനിച്ചിട്ടുണ്ട് എന്ന് ഇനിയുള്ള നാളുകളിലാണ് അറിയാൻ കഴിയുന്നത്. രാജ്യത്ത് കൊവിഡ് കേസുകളുടെ പ്രതിദിന വർധനയിൽ കേരളം മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ്. കൊവിഡ് സാഹചര്യം നിലനിൽക്കുമ്പോൾ നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒരുക്കവും നടത്തേണ്ടിവരുമെന്ന സാഹചര്യം കേരളത്തിനു ആശങ്ക നൽകുന്നുണ്ട്. പശ്ചിമ ബംഗാളും കൊവിഡ് ഭീഷണിയിൽ തന്നെയാണ്. മമത സർക്കാർ വേണ്ടത്ര ഗൗരവം പരിശോധനകൾക്കു നൽകുന്നില്ലെന്ന ആക്ഷേപവും നില നിൽക്കുന്നുണ്ട്. ഏറ്റവും ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന ബംഗാളിൽ വൈറസ് വ്യാപന ഭീതിയും കൂടുതലാണ്. രോഗവ്യാപനം നിയന്ത്രിക്കുന്നതിൽ തമിഴ്നാട് മാത്രമാണ് ഇക്കൂട്ടത്തിൽ മുന്നിലുള്ളത്.