ഷോപ്പ് ഓണ്‍ വീല്‍സില്‍ പൊതുജന പങ്കാളിത്തം ആവാം: കെഎസ്ആര്‍ടിസി
തിരുവനന്തപുരം: ഷോപ്പ് ഓണ്‍ വീല്‍സ് പദ്ധതിയുടെ നടത്തിപ്പില്‍ പൊതുജനങ്ങള്‍ക്കും പങ്കാളികളാകാമെന്ന് കെഎസ്ആര്‍ടിസി. ഷോപ്പ് ഓണ്‍ വീല്‍സ് പദ്ധതി കുടുംബശ്രീയെ മുന്‍നിര്‍ത്തി സിപിഎം പ്രവര്‍ത്തകര്‍ നടത്തിപ്പ് കൈക്കലാക്കിയതോടെ പദ്ധതി പാളുന്നുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് കെഎസ്ആര്‍ടിസിയുടെ പ്രതികരണം. പദ്ധതിയുടെ ഭാഗമായി, മില്‍മ, മത്സ്യഫെഡ്, കുടുംബശ്രീ സംരഭകരേയും ഉപയോഗിക്കും എന്നായിരുന്നു സര്‍ക്കാരും കെഎസ്ആര്‍ടിസിയും അറിയിച്ചിരുന്നത്.
അത്തരത്തില്‍ പാലക്കാട് ഡിപ്പോയില്‍ റോഡിനോട് ചേര്‍ന്ന് പ്രധാനപ്പെട്ട സ്ഥലത്ത് ഒരു ബസ് സ്ഥാപിച്ച് മില്‍മയ്ക്ക് മാസം ഇരുപതിനായിരം രൂപ വാടകയ്ക്കു നല്‍കുന്നു എന്നാണ് പ്രഖ്യാപിച്ചത്. എന്നാല്‍ ഈ ബസില്‍ ഇപ്പോള്‍ ഷോപ്പ് നടത്തുന്നത് ബേക്ക്‌സ് ആന്‍ഡ് സ്‌നാക്ക്‌സ് എന്ന സ്ഥാപനത്തിന്റെ പേരിലാണ്. ഈ സ്ഥാപനത്തിന്റെ ഉടമ സിപിഎമ്മിന്റെ സന്തതസഹചാരിയാണെന്ന് എംപ്ലോയിസ് സംഘ് ചൂണ്ടിക്കാട്ടുന്നു. ബസ് പാര്‍ക്ക് ചെയ്ത സ്ഥലത്തിന് ചുറ്റും ആയിരത്തിലധികം സ്‌ക്വയര്‍ ഫീറ്റ് സ്ഥലം ഇവര്‍ വേലി കെട്ടി തിരിച്ചു.
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്ത് ഒരു മാസം ഒരു ബസ് പാര്‍ക്ക് ചെയ്യുന്ന സ്ഥലവും ഒപ്പം കൈവശപ്പെടുത്തിയ 1000 സ്‌ക്വയര്‍ ഫീറ്റ് സ്ഥലവും ചേര്‍ത്ത് മാസം കേവലം ഇരുപതിനായിരം രൂപ മാത്രം വാടക. സ്ഥലം കൈയേറിയത് ചോദ്യം ചെയ്ത കെഎസ്ആര്‍ടിസി ജീവനക്കാരോട് ഷോപ്പ് ഉടമ പറഞ്ഞത് മാസം 20,000 രൂപയല്ല 60,000 രൂപയാണ് നല്‍കുന്നത് എന്നാണെന്നും സംഘടന പറയുന്നു. കെഎസ്ആര്‍ടിസിക്ക് ഇരുപതിനായിരമേ കിട്ടുന്നുള്ളു. ബാക്കി 40,000 രൂപ ആരുടെ പോക്കറ്റിലേക്കാണ് പോകുന്നത് എന്ന് വ്യക്തമാക്കേണ്ടത് കെഎസ്ആര്‍ടിസി മാനേജ്‌മെന്റാണെന്നും എംപ്ലോസിസ് സംഘ് ചൂണ്ടിക്കാട്ടി.
തിരുവനന്തപുരത്ത് തമ്പാനൂരില്‍ ഒരു ബസ് കുടുംബശ്രീക്ക് മാസം 20,000 രൂപക്ക് കൊടുത്തു എന്ന് രേഖകള്‍. പക്ഷേ സ്ഥാപനം നടത്തുന്നത് ആലിഫ് ബില്‍ഡേഴ്‌സിന്റെ ബന്ധുവായ ഹോട്ടല്‍ നടത്തിപ്പുകാരന്‍. അവിടെ സ്ഥാപന ഉടമ മാസം നല്‍കുന്നത് 80,000 രൂപ. പക്ഷേ കെഎസ്ആര്‍ടിസിക്ക് ലഭിക്കുന്നത് 20,000 രൂപമാത്രമാണ്. കെഎസ്ആര്‍ടിസി ടിക്കറ്റിതര വരുമാനത്തിലൂടെ കോടികള്‍ വരുമാനമുണ്ടാക്കുമെന്ന് പറയുമ്പോള്‍ ഇത്തരത്തില്‍ കോടികള്‍ ആരുടെ പോക്കറ്റിലേക്കാണ് പോകുന്നത് എന്നറിയുന്നില്ല.
ഷോപ്പ് ഓണ്‍ വീലിന്റെ പേരില്‍ നടക്കുന്ന ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് വിജിലന്‍സ് അന്വേഷണത്തിന് വിധേയമാക്കണമെന്ന് കെഎസ്ടി എംപ്ലോയീസ് സംഘ് ആവശ്യപ്പെട്ടു. ഇത്തരം ഷോപ്പുകള്‍ ടെന്‍ഡര്‍ മാനദണ്ഡങ്ങള്‍ പാലിച്ച് പൊതുജനങ്ങള്‍ക്ക് പരസ്യ ലേലത്തിലൂടെ നല്‍കി വരുമാനം കെഎസ്ആര്‍ടിസിക്ക് ലഭിക്കാന്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.