കൊടി പിടിച്ചാൽ സ്വർണ്ണം കടത്താമെന്നുമെന്നും കൊടി പിടിക്കാത്തവർക്ക് സെക്രട്ടേറിയറ്റിന് മുന്നിൽ ഇരിക്കാം; സിപിഎമ്മിനെയും സർക്കാരിനെയും വിമർശിച്ച് രാഹുൽ ഗാന്ധി

തിരുവനന്തപുരം: ഐശ്വര്യ കേരള യാത്രയുടെ സമാപനത്തിൽ സിപിഎമ്മിനെയും സർക്കാരിനെയും വിമർശിച്ച് രാഹുൽ ഗാന്ധി. അഴിമതി അന്വേഷണങ്ങളിൽ സിപിഎം – ബിജെപി ഒത്തുകളിയാണ് നടക്കുന്നതെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
ധാർഷ്ട്യത്തിൻറെ ശബ്ദമായിരുന്നില്ല ഐശ്വര്യ കേരള യാത്ര. മത്സ്യതൊഴിലാളികളുടെ ഉപജീവനം സംസ്ഥാന സർക്കാർ നഷ്ടപ്പെടുത്തുന്നു. കേന്ദ്രം പുറത്തിറക്കിയ കർഷക ബില്ലുകൾ കർഷകരെ ഇല്ലാതാക്കും. ബിജെപിയെയും സിപിഎമ്മിനെയും രാഹുൽ ഗാന്ധി ഒരേ നാണയത്തിൽ വിമർശിച്ചു.
ഇടത് പക്ഷത്തിൻറെ ആളാണെങ്കിൽ നിങ്ങൾക്ക് ജോലി കിട്ടും. കൊടി പിടിച്ചാൽ സ്വർണ്ണം കടത്താമെന്നുമെന്നും കൊടി പിടിക്കാത്തവർക്ക് സെക്രട്ടേറിയറ്റിന് മുന്നിൽ ഇരിക്കാമെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. നിരാഹാരം കിടക്കുന്നവർ മരിക്കാൻ പോയാലും മുഖ്യമന്ത്രിക്ക് കുലുക്കമില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സാധാരണക്കാരെ ഇല്ലാതാക്കുന്നു. ഇന്ധന വില അന്താരാഷ്ട്ര തലത്തിൽ കുറയുന്ന സാഹചര്യത്തിലും രാജ്യത്ത് കൂടുകയാണ്. ഈ പണം രാജ്യത്തെ ഏറ്റവും വലിയ സമ്പന്നരിലേക്കാണ് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.