പ്രിയ സ്വരാജ്, വാഴകള്‍ എന്ന് വിളിക്കുന്ന അണികളോട് താങ്കളും തോറ്റുപോയ എംഎല്‍എയാണെന്ന് പറയണം; രാഹുല്‍ മാങ്കൂട്ടത്തില്‍
കൊച്ചി : തെരഞ്ഞെടുപ്പില്‍ എപ്പോഴും ശരി മാത്രമാണ് ജയിക്കുന്നതെന്ന് പറയാനാവില്ലെന്ന് എം.സ്വരാജിനോട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. മുസോളിനിയും ഹിറ്റ്ലറും വരെ ജയിച്ചിട്ടുണ്ടെന്ന് താങ്കള്‍ അണികളെ പറഞ്ഞ് മനസിലാക്കണമെന്നും രാഹുല്‍ പറഞ്ഞു. തോറ്റുപോയ എംഎല്‍എമാരെ താങ്കളുടെ അണികള്‍ ‘വാഴകള്‍’ എന്ന് വിളിക്കുമ്ബോള്‍ നിങ്ങളും തോറ്റ് പോയ എംഎല്‍എയാണെന്ന് അവരോട് പറയണമെന്നും രാഹുല്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രാഹുലിന്റെ പ്റതികരണം.
കുറിപ്പിന്റെ പൂര്‍ണരൂപം…………………….
പ്രിയ സഖാവ് M സ്വരാജ്,
തെരഞ്ഞെടുപ്പില്‍ എപ്പോഴും ശരി മാത്രം ജയിക്കും എന്ന് പറയാനാകുമോ, അങ്ങനെയല്ല ചരിത്രം. എല്ലായ്പ്പോഴും ശരി മാത്രം ജയിക്കുന്ന ഒരു കളിയല്ല തെരഞ്ഞെടുപ്പ്.
മുസ്സോളിനിയുടെ ജയം ശരിയുടെ വിജയം ആയിരുന്നില്ല. ഹിറ്റ്ലറുടെ ജയം ശരിയുടെ വിജയമായിരുന്നില്ല. മോദിയുടെ വിജയം ശരിയുടെ വിജയം ആയിരുന്നില്ല.
‘തിരിച്ചുവന്നീടാത്ത ദൂരയാത്രയല്ലിതെന്‍ സഖാക്കളേ
അടിച്ചുടച്ചിടാവതല്ല തീര്‍ച്ച നമ്മള്‍ തന്‍ മനോബലം
കാല്‍വിലങ്ങുകള്‍ തീര്‍ത്ത കൈകളില്‍ കരുത്തുമായി
ഉയര്‍ത്തെണീറ്റു വന്നിടും സമീപമാത്രയൊന്നില്‍ നാം’
ഇത് നിങ്ങളുടെ വാക്കുകളാണല്ലോ സഖാവ് സ്വരാജ്. ഈ വാക്കുകള്‍ നിങ്ങള്‍ ആദ്യം പഠിപ്പിക്കേണ്ടത് നിങ്ങളുടെ അണികളെ തന്നെയാണ്.
ശരിയുടെ ജയം എപ്പോഴും തെരഞ്ഞെടുപ്പില്‍ ജയിക്കില്ലായെന്നും, മുസ്സോളിനിയും ഹിറ്റ്ലറും വരെ ജയിച്ചിട്ടുണ്ടെന്നും താങ്കള്‍ അണികളെ പറഞ്ഞ് മനസിലാക്കണം.
തോറ്റ് പോയ MLA മാരെ താങ്കളുടെ അണികള്‍ ‘വാഴകള്‍’ എന്ന് വിളിക്കുമ്ബോള്‍ താങ്കളും തോറ്റ് പോയ MLA ആണെന്ന് അവരോട് പറയണം. തോറ്റ് പോയവര്‍ പിന്നെയും രാഷ്ട്രീയം പറയുമ്ബോള്‍ അവരെ തെറിയഭിഷേകം നടത്തുന്നവരോടും, നാവടക്കുവാന്‍ പറയുന്നവരെയും താങ്കള്‍ ഗുണദോഷിച്ച് പറയണം നാളെ താങ്കള്‍ക്കും രാഷ്ട്രീയം പറയണ്ടതാണെന്ന്.