രാജസ്ഥാനിലെ ആള്‍വാര്‍ ആള്‍ക്കൂട്ടകൊല: നാല് ഗോരക്ഷ ഗുണ്ടകള്‍ക്ക് ഏഴുവര്‍ഷം തടവ്
NewsNationalCrime

രാജസ്ഥാനിലെ ആള്‍വാര്‍ ആള്‍ക്കൂട്ടകൊല: നാല് ഗോരക്ഷ ഗുണ്ടകള്‍ക്ക് ഏഴുവര്‍ഷം തടവ്

ജയ്പുര്‍: രാജ്യത്ത് ഏറെ കോളിളക്കമുണ്ടാക്കിയ, രാജസ്ഥാനിലെ ആള്‍വാര്‍ ആള്‍ക്കൂട്ടകൊല കേസില്‍ നാലു ഗോരക്ഷ ഗുണ്ടകള്‍ക്ക് ഏഴുവര്‍ഷം തടവ്. ആള്‍വാറില്‍ പശുക്കടത്ത് ആരോപിച്ച് ഹരിയാന സ്വദേശി റക്ബര്‍ ഖാനെ (അക്ബര്‍ ഖാന്‍-31) ഗോരക്ഷാ ഗുണ്ടകള്‍ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷവിധിച്ചത്. പ്രതികളായ പരംജീത് സിങ്, ധര്‍മേന്ദ്ര യാദവ്, നരേഷ് ശര്‍മ, വിജയ് കുമാര്‍ എന്നിവരെയാണ് ജയ്പുരിലെ അഡീഷനല്‍ ജില്ല ജഡ്ജിയാണ് ശിക്ഷിച്ചത്. അഞ്ചാം പ്രതി നവല്‍ കിഷോറിനെ തെളിവുകളുടെ അഭാവത്തില്‍ കുറ്റവിമുക്തനാക്കി. കൊല്ലണമെന്ന ഉദ്ദേശ്യമില്ലാത്ത കുറ്റകരമായ നരഹത്യക്ക് (304(1)) ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ചതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അശോക് ശര്‍മ പറഞ്ഞു. ആള്‍ക്കൂട്ടകൊല എന്നതും പരിഗണിച്ചു.

2018 ജൂലൈ 20ന് ആള്‍വാര്‍ ജില്ലയിലെ രാംഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവമുണ്ടായത്. റക്ബര്‍ ഖാനെയും സുഹൃത്ത് അസ്‌ലമിനെയും ഗോരക്ഷ ഗുണ്ടകള്‍ പശുക്കടത്ത് ആരോപിച്ച് കൂട്ടം ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. അസ്‌ലം ഓടിരക്ഷപ്പെട്ടെങ്കിലും പരിക്കേറ്റ റക്ബര്‍ ഖാന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. ലാദ്പുര ഗ്രാമത്തില്‍നിന്ന് രണ്ട് പശുക്കളെ വാങ്ങി ഹരിയാനയിലെ സ്വന്തം ഗ്രാമത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. 2019ലാണ് കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. രാംഗഢിലെ ഗോരക്ഷ സെല്ലിന്റെ തലവനും പ്രാദേശിക വി.എച്ച്.പി നേതാവുമാണ് നവല്‍ കിഷോര്‍. ആക്രമണത്തിലെ മുഖ്യപ്രതി ഇയാളാണെന്ന ആരോപണം നിലനില്‍ക്കെയാണ് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി ഇയാളെ കുറ്റവിമുക്തനാക്കിയത്.

Related Articles

Post Your Comments

Back to top button