രാജീവ് ഗാന്ധി വധക്കേസ്; നളിനി ഉള്‍പ്പടെ ആറ് പേരെ മോചിപ്പിക്കാന്‍ ഉത്തരവ്
NewsPoliticsNational

രാജീവ് ഗാന്ധി വധക്കേസ്; നളിനി ഉള്‍പ്പടെ ആറ് പേരെ മോചിപ്പിക്കാന്‍ ഉത്തരവ്

ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ നളിനി ഉള്‍പ്പെടെ ആറ് പ്രതികളെ മോചിപ്പിക്കാന്‍ ഉത്തരവിറക്കി സുപ്രീംകോടതി. ബി.ആര്‍. ഗവായ് അധ്യക്ഷനായ ബഞ്ചിന്റെതാണ് ഉത്തരവ്. രാജീവ് ഗാന്ധി വധക്കേസില്‍ 31 വര്‍ഷത്തില്‍ അധികമായി നളിനി ജയിലിലാണ്. കേസിലെ മറ്റൊരു പ്രതിയായിരുന്ന പേരറിവാളന്‍ മുപ്പത് കൊല്ലത്തിലധികത്തെ ജയിലില്‍ വാസത്തിന് പിന്നാലെ മാസങ്ങള്‍ക്ക് മുമ്പ് ജയില്‍ മോചിതനായിരുന്നു.

1991 മെയ് 21 -ന് രാത്രി ശ്രീപെരുംപുത്തൂരിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവേയാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. ചാവേര്‍ ബോംബാക്രമണത്തില്‍ ആണ് അദ്ദേഹം കൊല്ലപ്പെട്ടത്. കൊലക്കേസിലെ പ്രതികള്‍ 1998 ജനുവരിയില്‍ സ്പെഷ്യല്‍ ടാഡ കോടതിയില്‍ നടന്ന വിചാരണയ്ക്ക് ശേഷം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. 1999 മെയ് 11 -ന് മേല്‍ക്കോടതി വധശിക്ഷ ശരിവെച്ചു.

കേസിലെ മറ്റൊരു പ്രതിയായ പേരറിവാളനെ മെയ് 18 നാണ് മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ഇതിന് പിന്നാലെ പ്രതികളായ നളിനി ശ്രീഹരനും പി. രവിചന്ദ്രനും മദ്രാസ് ഹൈക്കോടതിയില്‍ മോചന ഹര്‍ജി നല്‍യിരുന്നെങ്കിലും കോടതി അത് തള്ളി. ആര്‍ട്ടിക്കിള്‍ 142ന്റെ പ്രത്യേകാധികാരം ഉപയോഗിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നായിരുന്നു മദ്രാസ് ഹൈക്കോടതി പറഞ്ഞത്. പ്രതികള്‍ക്ക് സുപ്രീം കോടതിയെ സമീപിക്കാവുന്നതാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

കൊലപാതകം നടന്ന് 24 കൊല്ലത്തിന് ശേഷം 2014 -ല്‍ സുപ്രീംകോടതി നളിനിയടക്കം മൂന്ന് പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി വെട്ടിച്ചുരുക്കി. അവര്‍ സമര്‍പ്പിച്ച ദയാഹര്‍ജി കേന്ദ്രം 11 കൊല്ലം വൈകിച്ചു എന്നതായിരുന്നു അന്ന് കോടതി ചൂണ്ടിക്കാണിച്ച കാരണം.

Related Articles

Post Your Comments

Back to top button