ഓര്‍മയിലെ നടുക്കം
NewsNationalPolitics

ഓര്‍മയിലെ നടുക്കം

ആധുനിക ഇന്ത്യയുടെ സ്രഷ്ടാവായ രാജീവ് ഗാന്ധി 1991 മെയ് 21 ശ്രീപെരുമ്പത്തൂരില്‍ വെച്ച് എല്‍ടിടി തീവ്രവാദികളാല്‍ വധിക്കപ്പെട്ടപ്പോള്‍ നഷ്ടപ്പെട്ടത് നമ്മുടെ രാജ്യത്തിന്റെ പ്രതീക്ഷകളായിരുന്നു. യുവത്വത്തിന്റെ പ്രസരിപ്പോടെ ഇന്ത്യയുടെ വികസനസ്വപ്നങ്ങള്‍ക്കു പുതിയൊരു ദിശാബോധം നല്‍കിയ നേതാവാണ് രാജീവ് ഗാന്ധി. ശാസ്ത്രസാങ്കേതിക, വാര്‍ത്ത വിനിമയ രംഗങ്ങളില്‍ ഇന്ന് രാജ്യത്ത് കാണുന്ന പുരോഗതിക്ക് അടിത്തറയിട്ടത് രാജീവ് ഗാന്ധിയാണ്. ഇന്ത്യയിലെ ഗ്രാമീണ അധികാര വികേന്ദ്രീകരണ സംവിധാനമായ പഞ്ചായത്തീരാജ് നടപ്പാക്കുന്നതില്‍ അദ്ദേഹം മുഖ്യ പങ്ക് വഹിച്ചു.

മുഖത്ത് ചെറുപുഞ്ചിരിയും ഹൃദയത്തില്‍ സഹാനുഭൂതിയും നിറച്ച അധികം നേതാക്കള്‍ നമുക്കുണ്ടായിട്ടില്ല. രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി രാജീവ് ഏറെ സ്വപ്നങ്ങള്‍ കണ്ടു. അദ്ദേഹം പറഞ്ഞു. ഇന്ത്യ പ്രാചീനമായൊരു ദേശമാണ്; ഒരു യുവ രാഷ്ര്ടവും. ഞാനൊരു യുവാവാണ്. എനിക്കും ഒരു സ്വപ്നമുണ്ട്. ലോകരാജ്യങ്ങളുടെ മുന്‍നിരയില്‍, മാനവ സമൂഹത്തിന്റെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ശക്തവും സ്വതന്ത്രവും സ്വാശ്രയത്വവുമുള്ള ഇന്ത്യയെ കുറിച്ചുള്ള സ്വപ്നം.ശ്രീപെരംപുത്തൂരില്‍ ചിതറിത്തെറിച്ചത് ഇന്ത്യ കണ്ട സ്വപ്നമായിരുന്നു; ആ ദുരന്തവാര്‍ത്തയറിഞ്ഞ് ഒരു രാജ്യം മുഴുവന്‍ ഒരു നിമിഷംകൊണ്ടു മൗനമായി. അന്നത്തെ രാത്രിക്കു പതിവിലേറെ ഇരുട്ടുണ്ടായിരുന്നു. രാജ്യമാകെ വ്യാപിച്ച കറുത്ത നിറം.. അപ്രതീക്ഷിതമായിട്ടാണ് രാജീവ് ഗാന്ധി രാഷ്ര്ടീയത്തിലേക്ക് വരുന്നത്. ഇന്ത്യയ്ക്കത് വലിയ പ്രതീക്ഷയുടെ നാളുകളായിരുന്നു. ഒരു കാലഘട്ടത്തില്‍ നമ്മുടെ രാജ്യത്തെ പുതിയ സാങ്കേതിക വിദ്യയുടെ മേഖലകളിലേക്ക് എത്തിക്കാന്‍ ശ്രമിച്ച ദീര്‍ഘവീക്ഷണമുള്ള മികച്ച ഭരണാധികാരി. ആധുനിക സാങ്കേതികവിദ്യകളെ ജനങ്ങളിലേയ്ക്ക് എത്തിക്കുവാന്‍ രാജീവ്ജിയ്ക്ക് കഴിഞ്ഞു..

എല്‍ടിടിഇയുടെ പ്രതികാര ദൗത്യമേറ്റെടുത്ത ചാവേറുകളാണ് ശ്രീപെരുമ്പൂത്തുരില്‍ തെരഞ്ഞെടുപ്പു പ്രചരണത്തിനെത്തിയ രാജീവിനെ അതിനിഷ്ഠൂരമായി വധിക്കുന്നത്. വംശീയ ഭീകരതയുടെ ഇരയായിട്ടാണ് രാജീവിന് ദാരുണമായ അന്ത്യം സംഭവിച്ചത്. അത്യന്തം ദുഃഖകരവും രോഷകജനകവുമായ രാജീവ് വധത്തിലേക്ക് എത്തിയ രാഷ്ര്ടിയ സംഭവഗതികളും അതിന് പിറകിലെ ആഗോള താല്പര്യങ്ങളും ഇന്നേറെ ഗൗരവ്വത്തോടെ തന്നെ പരിശോധിക്കപ്പടേണ്ടതുണ്ടു്. അതിന്റെ പാഠങ്ങള്‍ വിലപ്പെട്ടതാണ്.1981 മുതല്‍ 1991 വരെ വെറും 10 കൊല്ലം മാത്രം നീണ്ടുനിന്ന രാഷ്ര്ടീയ ജീവിതമാണ് രാജീവിന്റേത്.

അതിനിടെ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായി. ഭരണകാലയളവിനെ അടയാളപ്പെടുത്തും വിധമുള്ള നിര്‍ണായകവും ശ്രദ്ധേയവുമായ തീരുമാനങ്ങളും നടപടികളും. അതിലൊന്നിന്റെ പരിണിതഫലമെന്നോണം ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെടുമ്പോള്‍ രാജീവ് ഗാന്ധിക്ക് വയസ്സ് 46. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ ലാല്‍ നെഹ്‌റുവിന്റെ കൊച്ചുമകന്‍ ഇന്ത്യയുടെ ഇതുവരെയുള്ള ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് 1984 ഒകേ്ടാബര്‍ 31-ന് ആയിരുന്നു. അംഗരക്ഷകരാല്‍ കൊല്ലപ്പെട്ട അമ്മയും പ്രധാനമന്ത്രിയുമായിരുന്ന ഇന്ദിര ഗാന്ധിയുടെ ചിതയ്ക്ക് അഗ്‌നി പകരുംമുന്‍പേ ആയിരുന്നു പ്രധാനമന്ത്രിപദത്തിലേക്കുള്ള രാജീവിന്റെ ആരോഹണം.രണ്ടു ദുരന്തങ്ങള്‍ക്കിടയിലുണ്ടായ ഇടവേളയെന്ന് രാജീവിന്റെ രാഷ്ര്ടീയകാലമെന്നു വേണമെങ്കില്‍ പറയാം. അതില്‍ ആദ്യത്തെ ദുരന്തം സഹോദരന്‍ സഞ്ജയിന്റെ മരണമായിരുന്നെങ്കില്‍ രണ്ടാമത്തെ ദുരന്തത്തില്‍ രാജീവിന് സ്വന്തം ജീവന്‍ നഷ്ടമായി. സയന്‍സ്, എന്‍ജിനീയറിങ് പുസ്തകങ്ങള്‍ വായിക്കാനും ഹിന്ദുസ്ഥാനി-പാശ്ചാത്യസംഗീതം കേള്‍ക്കാനും ആഗ്രഹിച്ചിരുന്ന രാജീവ്, ഒരിക്കലും രാഷ്ര്ടീയം തന്റെ മേഖലയായി തിരഞ്ഞെടുക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. ഫോട്ടോഗ്രാഫിയിലും അദ്ദേഹത്തിന് ഏറെ കമ്പമുണ്ടായിരുന്നു. ഇന്ത്യയിലെയും വിദേശത്തെയും പഠനശേഷം ഡല്‍ഹി ഫ്‌ലൈയിങ് ക്ലബില്‍ ചേര്‍ന്ന് കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് നേടിയ രാജീവ്, എയര്‍ ഇന്ത്യയില്‍ പൈലറ്റായി ജോലി ചെയ്യുകയായിരുന്നു.

1968-ലായിരുന്നു സോണിയയുമായുള്ള വിവാഹം. കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പഠനവേളയിലെ പ്രണയം അങ്ങനെ സഫലമായി.ന്യൂഡല്‍ഹിയില്‍ ഇന്ദിര ഗാന്ധിക്കൊപ്പമായിരുന്നു താമസമെങ്കിലും രാഷ്ര്ടീയത്തില്‍നിന്ന് ഏറെ അകലെയായിരുന്നു രാജീവും സോണിയയും. എന്നാല്‍, ഇളയ സഹോദരന്‍ സഞ്ജയ് ഗാന്ധിയുടെ മരണം രാജീവിന്റെ ജീവിതത്തെയാകെ മാറ്റിയെഴുതി. സജീവരാഷ്ര്ടീയത്തില്‍ പ്രവേശിക്കാന്‍ അത് രാജീവിനെ നിര്‍ബന്ധിതനാക്കി. 1980 ജൂണ്‍ 23-നായിരുന്നു സഞ്ജയ് വിമാനാപകടത്തില്‍ മരിക്കുന്നത്. രാജീവില്‍നിന്ന് ഏറെ വ്യത്യസ്തനായിരുന്നു സഞ്ജയ്. രാഷ്ര്ടീയത്തില്‍ ഏറെ താല്‍പര്യമുണ്ടായിരുന്ന അദ്ദേഹം, അന്ന് പ്രധാനമന്തിയായിരുന്ന ഇന്ദിരയുടെ വലംകൈ ആയിരുന്നു. അടിയന്തരാവസ്ഥ പോലുള്ള കടുത്ത തീരുമാനങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും ഇന്ത്യന്‍ രാഷ്ര്ടീയത്തെയും ഇന്ദിരയെയും കലുഷിതമാക്കിയ സമയത്തായിരുന്നു സഞ്ജയ് ഗാന്ധിയുടെ അപ്രതീക്ഷിതമരണം. അന്ന് ഉത്തര്‍ പ്രദേശിലെ അമേത്തിയില്‍നിന്നുള്ള എം.പിയായിരുന്നു സഞ്ജയ്. സഞ്ജയുടെ മരണസമയത്ത് രാജീവ് ലണ്ടനില്‍ ആയിരുന്നു. മരണവാര്‍ത്ത അറിഞ്ഞതിനു പിന്നാലെ ഡല്‍ഹിയില്‍ മടങ്ങിയെത്തിയ രാജീവ് സഹോദരന്റെ അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചു.സഞ്ജയ് ഗാന്ധിയുടെ മരണമാണ്, രാഷ്ര്ടീയത്തില്‍നിന്ന് അകന്നുനില്‍ക്കാന്‍ ആഗ്രഹിക്കുകയും എയര്‍ ഇന്ത്യയില്‍ പൈലറ്റായി ജോലി ചെയ്യുകയും ചെയ്തിരുന്ന രാജീവിന്റെ രാഷ്ര്ടീയപ്രവേശനം അനിവാര്യമാക്കിയത്.

ഡല്‍ഹിയില്‍ ദേശീയ കര്‍ഷകറാലിയെ അഭിസംബോധന ചെയ്തുകൊണ്ട് 1981 ഫെബ്രുവരി 16-നായിരുന്നു രാജീവിന്റെ രാഷ്ര്ടീയപ്രവേശനം. 1981 മേയ് നാലിന് ഇന്ദിര ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എ.ഐ.സി.സി. യോഗം. സഞ്ജയിന്റെ മരണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന അമേഠിയില്‍ രാജീവ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി. ലോക്ദളിന്റെ ശരത് യാദവിനെ 2,37,000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി ലോക്സഭയിലെത്തി. പിന്നാലെ ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിന്റെ ചുമതല കൂടി രാജീവിനെ തേടിയെത്തി. 1982-ലെ ഏഷ്യന്‍ ഗെയിംസിന് രാജീവ് തന്റെ സംഘാടകമികവ് പുറത്തെടുത്തു.


സുവര്‍ണക്ഷേത്രത്തിലെ സൈനിക നടപടിയില്‍ പ്രകോപിതരായ സിഖ് അംഗരക്ഷകര്‍ 1984 ഒകേ്ടാബര്‍ 31-ന് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്കു നേര്‍ക്ക് വെടിയുതിര്‍ത്തു. രാവിലെ 9.20-ഓടെയായിരുന്നു ആക്രമണം.30 വെടിയുണ്ടകളാണ് ഇന്ദിരയുടെ ദേഹത്തേറ്റത്. ബിയാന്തും സത്വന്തും ചേര്‍ന്ന് ഇന്ദിരയ്ക്കു നേര്‍ക്ക് 33 വെടിയുണ്ടകളാണ് ഉതിര്‍ത്തത്. ഇതില്‍ 23 എണ്ണം അവരുടെ ദേഹം തുളച്ചു കടന്നുപോയി. ഏഴെണ്ണം ശരീരത്തില്‍ തറച്ചുകയറി. ഇന്ദിര കൊല്ലപ്പെടുന്ന സമയത്ത് പശ്ചിമ ബെംഗാളിലായിരുന്നു രാജീവ്. വിമതപ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന പശ്ചിമ ബെംഗാളിലെ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു അദ്ദേഹത്തിന്റെ യാത്ര. 1984 ഒകേ്ടാബര്‍ 29-ന് രാജീവ് വടക്കന്‍ ബെംഗാളിലെ ബാഗ്‌ദൊര്‍ഗയിലെത്തി. അന്നത്തെ ഇന്ദിര സര്‍ക്കാരിലെ മന്ത്രിമാരായിരുന്ന പ്രണാബ് മുഖര്‍ജി ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ എത്തിയിരുന്നു. പിന്നീട് ഡാര്‍ജിലിങ് ഉള്‍പ്പെടെ വിവിധയിടങ്ങളിലെ യോഗങ്ങളില്‍ രാജീവ് സംസാരിച്ചു.31-ാം തീയതി കാന്തിയില്‍ ആ ദിവസത്തെ രണ്ടാമത്തെ യോഗത്തെ അഭിസംബോധന ചെയ്യുന്നതിനിടെ രാവിലെ 9.30-നാണ് പോലീസ് വയര്‍ലെസ്സില്‍ ആ സന്ദേശം എത്തുന്നത്- ഇന്ദിര ഗാന്ധി ആക്രമിക്കപ്പെട്ടു, ഉടന്‍ ഡല്‍ഹിയിലേക്ക് മടങ്ങുക. രാജീവിന് ഒപ്പമുണ്ടായിരുന്ന പ്രണാബ് മുഖര്‍ജിക്കാണ് ആ സന്ദേശം ലഭിച്ചത്. ആ സമയം വേദിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്നു രാജീവ്. തുടര്‍ന്ന് പ്രസംഗം ചുരുക്കാന്‍ ആവശ്യപ്പെട്ട് പ്രണാബ്, രാജീവിന് ഒരു കുറിപ്പ് കൈമാറി. പ്രസംഗം അവസാനിപ്പിച്ച് വേദിയില്‍ ഇരുന്ന രാജീവിനോട് പ്രണാബാണ് ഇന്ദിര ആക്രമിക്കപ്പെട്ട വിവരം പറയുന്നത്. ഇക്കാര്യങ്ങള്‍ പ്രണാബ് മുഖര്‍ജി അദ്ദേഹത്തിന്റെ ഓര്‍മക്കുറിപ്പുകളില്‍ പറയുന്നുണ്ട്. ഡല്‍ഹിയിലേക്കുള്ള വിമാനം ടേക്ക് ഓഫ് ചെയ്ത് തൊട്ടുപിന്നാലെ രാജീവ് കോക്ക്പിറ്റിലേക്ക് പോയി. അല്‍പസമയത്തിനു ശേഷം മടങ്ങിവന്ന അദ്ദേഹം, ഇന്ദിര മരിച്ചുവെന്ന് എല്ലാവരെയും അറിയിച്ചു. ആ യാത്ര നിരവവധി ആശങ്കകള്‍ നിറഞ്ഞതായിരുന്നു. അടുത്തത് എന്ത്? അസാധാരണ സാഹചര്യത്തില്‍ ആരാകണം അടുത്ത പ്രധാനമന്ത്രി? ചര്‍ച്ചകള്‍ ആ വിമാനത്തിനുള്ളിലും പുറത്ത് രാജ്യതലസ്ഥാനത്തും ശക്തമായി. ഒടുവില്‍ പ്രധാനമന്ത്രിപദം ഏറ്റെടുക്കണമെന്ന് രാജീവിനോട് അഭ്യര്‍ഥിക്കാന്‍ വിമാനത്തിലുണ്ടായിരുന്നവര്‍ തീരുമാനിച്ചു. അതിനായി പ്രണാബ് നിയോഗിക്കപ്പെട്ടു. ശേഷം താന്‍ രാജീവിനെ വിമാനത്തിന്റെ പിറകുവശത്തേക്ക് കൊണ്ടുപോയെന്നും പ്രധാനമന്ത്രിപദം ഏറ്റെടുക്കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്‌തെന്നും പ്രണാബ് ഓര്‍മക്കുറിപ്പുകളില്‍ പറയുന്നുണ്ട്. പാര്‍ട്ടിതലത്തിലെ മുതിര്‍ന്ന നേതാക്കളുടെ കൂടിയാലോചനകള്‍ക്കും നടപടിക്രമങ്ങള്‍ക്കും ശേഷം 1984 ഒകേ്ടാബര്‍ 31 വൈകിട്ട് 6.45-ന് രാഷ്ര്ടപതി ഭവനിലെ അശോകാ ഹാളില്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ശേഷം ഇന്ദിരയുടെ മരണം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്ദിരയുടെ കൊലപാതകത്തിന് പിന്നാലെയുണ്ടായ സിഖ് വിരുദ്ധ കലാപത്തെ നിസ്സാരവത്കരിച്ചു കൊണ്ട് രാജീവ് നടത്തിയ പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വന്മരങ്ങള്‍ വീഴുമ്പോഴെല്ലാം ഭൂമി നടുങ്ങുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

1984 പൊതുതിരഞ്ഞെടുപ്പ്പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തെങ്കിലും ലോക്സഭ അഞ്ചു കൊല്ലം പൂര്‍ത്തിയായതിനാല്‍, ലോക്‌സഭ പിരിച്ചുവിടാനും പുതിയ തിരഞ്ഞെടുപ്പ് നടത്താനും രാജീവ് രാഷ്ര്ടപതി ഗ്യാനി സെയില്‍സിങ്ങിനോട് അഭ്യര്‍ഥിച്ചു. സഹതാപതരംഗം വോട്ടായി പരിണമിച്ചു. ഇന്ത്യ കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചു. 533 സീറ്റുകളില്‍ 414 സീറ്റുകള്‍ കോണ്‍ഗ്രസ് നേടി. അമേത്തിയില്‍നിന്ന് വിജയിച്ച രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സഞ്ജയ് ഗാന്ധിയുടെ വിധവ മനേക ഗാന്ധിയായിരുന്നു അന്ന് രാജീവിനെതിരേ അമേത്തിയില്‍ മത്സരിച്ചത്. ശാസ്ത്ര സാങ്കേതിക രംഗം, കമ്പ്യൂട്ടര്‍, എയര്‍ലൈന്‍സ്, പ്രതിരോധം, കമ്യൂണിക്കേഷന്‍ തുടങ്ങി വിവിധ മേഖലകള്‍ക്ക് രാജീവ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കി. ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ദേശീയ നയവും രാജീവ് സര്‍ക്കാരിന്റെ സംഭാവനയാണ്. രാജ്യത്ത് പഞ്ചായത്തീരാജ് സംവിധാനത്തിന് അടിത്തറയിടുന്നതും രാജീവ് സര്‍ക്കാരിന്റെ കാലത്തായിരുന്നു. 73, 74 ഭേദഗതികള്‍ വഴി 1992-ലാണ് പഞ്ചായത്തീരാജ് നിലവില്‍ വരുന്നതെങ്കിലും ഇതിന് ആവശ്യമായ പശ്ചാത്തലം രാജീവും സര്‍ക്കാരും തയ്യാറാക്കിയിരുന്നു. വോട്ട് രേഖപ്പെടുത്താനുള്ള പ്രായം 21-ല്‍നിന്ന് 18-ലേക്ക് താഴ്ത്തിയത് 61-ാം ഭരണഘടനാ ഭേദഗതിയിലൂടെ രാജീവ് ഗാന്ധി സര്‍ക്കാരാണ്.


വമ്പന്‍ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയും അഭിനന്ദനാര്‍ഹമായ നിരവധി നടപടികള്‍ കൈക്കൊള്ളുകയും ചെയ്‌തെങ്കിലും രാജീവിന്റെ ശോഭ കെടുത്തുന്ന പലസംഭവ വികാസങ്ങളും ആ അഞ്ചു കൊല്ലത്തിനിടെ ഉണ്ടായി. ഷാ ബാനു കേസ് മുതല്‍ ബൊഫോഴ്‌സും രാജീവ് സര്‍ക്കാരിനെയും രാജീവിന്റെ തന്നെയും ശോഭ കെടുത്തി. ഇന്ദിരയുടെ മരണത്തിന് പിന്നാലെ വമ്പന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തിയ രാജീവ് പക്ഷെ, അഞ്ചുവര്‍ഷത്തിനിപ്പുറം നേരിട്ടത് വന്‍വെല്ലുവിളി ആയിരുന്നു. 1989 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വമ്പന്‍തോല്‍വിയായിരുന്നു അദ്ദേഹത്തെയും പാര്‍ട്ടിയേയും കാത്തിരുന്നത്. ബൊഫോഴ്‌സ് ഉയര്‍ത്തിയ തലവേദനയായിരുന്നു ഇതില്‍ പ്രധാനം. അതിനിടെ തമിഴ്‌നാട്ടിലും ഹരിയാണയിലും കോണ്‍ഗ്രസിന് അധികാരം നഷ്ടമാവുകയും ചെയ്തു. 1989 പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 197 സീറ്റുകളിലേക്കാണ് ചുരുങ്ങിയത്. ഒരു പാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത പശ്ചാത്തലത്തില്‍, അന്നത്തെ വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് നാഷണല്‍ ഫ്രണ്ട് രൂപവത്കരിച്ച് വി.പി. സിങ് പ്രധാനമന്ത്രിയായി.എന്നാല്‍ വി.പി. സിങ് സര്‍ക്കാരിന്റെ ആയുസ്സ് 1989 ഡിസംബര്‍ രണ്ടു മുതല്‍ 1990 നവംബര്‍ 10 വരെ മാത്രമായിരുന്നു. രാം ജന്മഭൂമി-ബാബ്റി മസ്ജിദ്, മണ്ഡല്‍ കമ്മിഷന്‍ വിഷയങ്ങളിലും വിവാദങ്ങളിലും വി.പി. സിങ് സര്‍ക്കാര്‍ ആടിയുലഞ്ഞു. അയോധ്യയിലേക്കുള്ള എല്‍.കെ. അദ്വാനിയുടെ രഥയാത്ര തടയുകയും അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തതോടെ ബി.ജെ.പി. നാഷണല്‍ ഫ്രണ്ട് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ഇതോടെ വി.പി. സിങ് സര്‍ക്കാര്‍ വിശ്വസവോട്ടു തേടാന്‍ നിര്‍ബന്ധിതരായി. സര്‍ക്കാരിന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനായില്ല. സിങ് രാജിവെച്ചു. രാജ്യം അടുത്ത തിരഞ്ഞെടുപ്പിലേക്ക് നീങ്ങി.ശ്രീപെരുമ്പത്തൂര്‍, ചെന്നൈ 1991 മേയ് 21കൈവിട്ട അധികാരം തിരിച്ചുപിടിക്കാനാവുമെന്ന ആത്മവിശ്വാസത്തിലാണ് 1991-ലെ തിരഞ്ഞെടുപ്പിനെ രാജീവ് നേരിട്ടത്.

രാജ്യവ്യാപകമായി ശക്തമായ പ്രചാരണമായിരുന്നു രാജീവും കോണ്‍ഗ്രസും നടത്തിയത്. മേയ് 21- ഒന്നാം ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതിന്റെ തൊട്ടു പിറ്റേദിവസം. വൈകുന്നേരം ആറു മണിയോടെ ആന്ധ്രാപ്രദേശിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ അവസാനിപ്പിച്ച് വിശാഖപട്ടണത്തുനിന്ന് രാജീവ് തമിഴ്നാട്ടിലേക്ക് തിരിക്കാന്‍ ഒരുങ്ങി. എന്നാല്‍, യാത്ര നിശ്ചയിച്ചിരുന്ന വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്നും യാത്ര മാറ്റിവെക്കണമെന്നും പൈലറ്റുമാര്‍ അറിയിച്ചു. ഇതിനു പിന്നാലെ രാജീവ് ഗസ്റ്റ് ഹൗസിലേക്ക് മടങ്ങി. എന്നാല്‍, അല്‍പ സമയത്തിനു ശേഷം, സാങ്കേതിക തകരാര്‍ പരിഹരിച്ചെന്ന അറിയിപ്പ് ലഭിക്കുകയും രാജീവ് തമിഴ്നാട്ടിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. ഒരുപക്ഷെ അന്ന് ആ യാത്ര മുടങ്ങിയിരുന്നെങ്കില്‍ രാജീവ് ഗാന്ധിയുടെ ജീവിതം മറ്റൊന്നാകുമായിരുന്നു.വന്‍ജനാവലിയായിരുന്നു അദ്ദേഹത്തെ കാത്ത് അവിടെ ഉണ്ടായിരുന്നത്. സുരക്ഷാസംവിധാനങ്ങളെ മറയ്ക്കുംവിധമുള്ള ആള്‍ക്കൂട്ടം. അവരെ അഭിവാദ്യം ചെയ്ത് രാജീവ് മുന്നോട്ടുനടന്നു. അതിനിടെ ജനക്കൂട്ടത്തില്‍നിന്ന് മുപ്പതുവയസ്സ് പ്രായം തോന്നുന്ന ഒരു സ്ത്രീ കയ്യില്‍ മാലയുമായി മുന്നോട്ടുവന്നു. എന്നാല്‍ അവിടെ ഉണ്ടായിരുന്ന അനസൂയ എന്ന പോലീസ് കോണ്‍സ്റ്റബിള്‍ അവരെ തടഞ്ഞു. പക്ഷേ അനസൂയയെ തടഞ്ഞ രാജീവ്, ആ സ്ത്രീയെ വേലി കടന്ന് മുന്നോട്ടു വരാന്‍ അനുമതി നല്‍കാന്‍ ആവശ്യപ്പെട്ടു. അടുത്തെത്തിയ ആ സ്ത്രീ രാജീവിന് കഴുത്തില്‍ മാലയിട്ടു. ശേഷം കാല്‍തൊട്ടുവണങ്ങാനെന്നോണം കുനിഞ്ഞു. പിന്നീടുണ്ടായത് അതിഭീകര സ്ഫോടനം. രാജീവും സമീപത്തുണ്ടായിരുന്ന 14 പേരും ചിന്നിച്ചിതറി. അപ്പോള്‍ സമയം 10.21.എല്‍.ടി.ടി.ഇയുടെ ചാവേര്‍ ആക്രമണത്തില്‍ ഇന്ത്യക്ക് രാജീവിനെ നഷ്ടമായി.

Related Articles

Post Your Comments

Back to top button