രാജീവ് കുമാര്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി മെയ് 15ന് സ്ഥാനമേല്‍ക്കും

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മിഷണറായി സേവനമനുഷ്ഠിച്ചു വരുന്ന രാജീവ് കുമാര്‍ രാജ്യത്തിന്റെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറായി മെയ് 15ന് സ്ഥാനമേല്‍ക്കും. നിലവിലെ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുശീല്‍ ചന്ദ്ര വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. രാജീവ് കുമാറിന്റെ നിയമനം രാഷ്ട്രപതി അംഗീകരിച്ചതായി കേന്ദ്ര നീതിന്യായ മന്ത്രാലയം അറിയിച്ചു. പുതിയ നിയമനം ലഭിച്ച രാജീവ് കുമാറിന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു എല്ലാവിധ ആശംസകളും അറിയിച്ചു.
2020 സെപ്റ്റംബര്‍ ഒന്നിനാണ് തിരഞ്ഞെടുപ്പ് കമ്മിഷണറായി സ്ഥാനമേറ്റത്. ഇതിനുമുന്‍പ് പബ്ലിക് എന്റര്‍പ്രൈസസ് സെലക്ഷന് ബോര്‍ഡിന്റെ ചെയര്‍മാനായിരുന്നു അദ്ദേഹം. 1984 ഐഎഎസ് ബാച്ചുകാരനായ രാജീവ് കുമാര്‍ വിവിധ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലായി നീണ്ട 37 വര്‍ഷത്തെ സേവനത്തിനുശേഷം 2020 ഫെബ്രുവരിയില്‍ വിരമിച്ചു.
വിവിധ ധനകാര്യ വകുപ്പുകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സേവനകാലത്താണ് ദേശീയ പെന്ഷന് പദ്ധതി(എന്‍പിഎസ്) നിലവില്‍ വന്നത്. ബിഎസ്സി, എല്എസ്ബി, പിജിഡിഎം, എംഎ തുടങ്ങിയ ബിരുദങ്ങള്‍ നേടിയിട്ടുണ്ട്.