Latest NewsNationalUncategorized

ലൈംഗികാരോപണ വിവാദം; ബിജെപി നേതാവും കര്‍ണാടക മന്ത്രിയുമായ രമേഷ് ജര്‍ക്കിഹോളി രാജിവെച്ചു

ബെംഗളൂരു: ലൈംഗികാരോപണ വിവാദത്തിൽ കുടുങ്ങിയ ബി.ജെ.പി. നേതാവും കർണാടകയിലെ മന്ത്രിയുമായ രമേഷ് ജർക്കിഹോളി രാജിവെച്ചു. കഴിഞ്ഞദിവസമാണ് ജർക്കിഹോളിക്കെതിരെയുള്ള ലൈംഗികാരോപണ വീഡിയോ പുറത്തെത്തിയത്. വീഡിയോ വ്യാജമാണെന്നും തെറ്റുകാരനെന്ന് കണ്ടെത്തിയാൽ രാഷ്ട്രീയം വിടുമെന്നും ആയിരുന്നു വീഡിയോ പുറത്തുവന്നതിനു പിന്നാലെയുള്ള ജർക്കിഹോളിയുടെ പ്രതികരണം.

എന്നാൽ ഇന്ന് ജർക്കിഹോളി രാജിക്കത്ത് മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് കൈമാറുകയായിരുന്നു. ജർക്കിഹോളിയുടെ രാജി സ്വീകരിച്ച യെദ്യൂരപ്പ, അത് ഗവർണറുടെ അംഗീകാരത്തിനായി അയച്ചു. യെദ്യുരപ്പ സർക്കാരിൽ ജലവിഭവ വകുപ്പിന്റെ ചുമതലയായിരുന്നു ജർക്കിഹോളി വഹിച്ചിരുന്നത്. തനിക്കെതിരായ ആരോപണം സത്യത്തിൽനിന്ന് ഏറെ അകലെ ആണെന്നും സത്യസന്ധമായ അന്വേഷണം നടക്കേണ്ടതിനാൽ ധാർമികത മുൻനിർത്തി രാജിവെക്കുകയാണെന്നുമാണ് രാജിക്കത്തിൽ ജർക്കിഹോളി പറഞ്ഞിരിക്കുന്നത്.

ബെംഗളൂരുവിലെ സാമൂഹിക പ്രവർത്തകനും നാഗരിക ഹക്കു ഹോരാട്ട സമിതി പ്രസിഡന്റുമായ ദിനേഷ് കല്ലഹള്ളിയാണ് ജർക്കിഹോളിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. അശ്ലീല വീഡിയോ മാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തു. സർക്കാർ ജോലി വാഗ്ദാനം ചെയ്ത് മന്ത്രി യുവതിയെ ചൂഷണം ചെയ്തതായായാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സിറ്റി പോലീസ് കമ്മീഷണർക്ക് ദിനേഷ് കല്ലഹള്ളി പരാതിയും നൽകിയിട്ടുണ്ട്.

നേരത്തേ കോൺഗ്രസ് നേതാവും രണ്ടുതവണ മന്ത്രിയുമായ രമേശ് ജാർക്കിഹോളി കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യകക്ഷി സർക്കാരിനെ മറിച്ചിട്ട് ബി.ജെ.പിയിലേക്ക് ചുവടുമാറിയ എം.എൽ.എ.മാരിലൊരാളാണ്. ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥിയായി വിജയിച്ച ശേഷം മന്ത്രിയാകുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button