രഞ്ജിത് ശ്രീനിവാസന് കൊലപാതകം: രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. ഗൂഢാലോചനയില്‍ പങ്കാളികളായ ആലപ്പുഴ ആര്യാട് സ്വദേശി അനൂപ്, പത്തനംതിട്ട സ്വദേശി ഇമാമുദീന് എന്നിവരാണ് അറസ്റ്റിലായത്.
കൊലപാതകത്തിന്റെ സൂത്രധാരന്മാരില് ഒരാളായ ആലപ്പുഴ ആര്യാട് സൗത്ത് പഞ്ചായത്ത് ഒമ്പതാം വാര്‍ഡില്‍ കൈതത്തില്‍ അനൂപിനെ പോപ്പുലര്‍ ഫ്രണ്ട് പത്തനംതിട്ടാ ജില്ല കമ്മറ്റി ഓഫീസില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. അനൂപിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കുറ്റത്തിന് പത്തനംതിട്ട മുനിസിപ്പാലിറ്റി 22ാം വാര്‍ഡില്‍ മുബാറക് മന്‍സിലില്‍ ഇമാമുദീനെയും പിടികൂടി.
ആലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എന്‍.ആര്. ജയരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 21 ആയി. ഡിസംബര്‍ 19ന് 12 മണിക്കൂറിന്റെ ഇടവേളയിലാണ് ആലപ്പുഴയെ നടുക്കിയ രണ്ട് കൊലപാതകങ്ങള്‍ നടന്നത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്.