ദലിത് സഹോദരിമാരുടെ ബലാത്സംഗവും കൊലപാതകവും രാജ്യത്തിന് അപമാനം; വിമൻ ഇന്ത്യാ മൂവ്മെന്റ്
NewsNational

ദലിത് സഹോദരിമാരുടെ ബലാത്സംഗവും കൊലപാതകവും രാജ്യത്തിന് അപമാനം; വിമൻ ഇന്ത്യാ മൂവ്മെന്റ്

ന്യൂഡൽഹി: യുപിയിൽ ദലിത് സഹോദരിമാർ ക്രൂരമായ ബലാൽസംഗത്തിന് ഇരയാക്കപ്പെട്ട ശേഷം കൊല ചെയ്ത സംഭവം രാജ്യത്തിന് തിരുത്താനാവാത്ത അപമാനമായി മാറിയെന്ന് വിമൻ ഇന്ത്യാ മൂവ്മെൻ്റ് ദേശീയ പ്രസിഡൻ്റ് യാസ്മിൻ ഇസ് ലാം. സ്ത്രീകൾക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങളുടെ ഗ്രാഫ് രാജ്യത്ത് കുത്തനെ ഉയർന്നു കൊണ്ടിരിക്കുകയാണ്. ബലാത്സംഗവും കൊലപാതകവും നിയന്ത്രിക്കുന്നതിൽ കേന്ദ്രത്തിലും ബി ജെ പി നിയന്ത്രണത്തിലുള്ള സംസ്ഥാനങ്ങളിലും നിലവിലെ സർക്കാറുകൾ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിലെ ദാരുണ സംഭവം ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ക്രമസമാധാന നില എത്രത്തോളം തകർന്നുവെന്നതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണ്.

കഴിഞ്ഞ 7 വർഷമായി പാർലമെന്റിൽ വൻ ഭൂരിപക്ഷം അവകാശപ്പെടുകയും രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു സർക്കാരിന് സ്ത്രീകളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനുമായി ഇതിനകം രൂപീകരിച്ച നിയമങ്ങൾ കൃത്യമായി നടപ്പാക്കാൻ കഴിയുന്നില്ല എന്നത് ഖേദകരമാണ്. രാജ്യത്തെ ജനസംഖ്യയുടെ പകുതിയുള്ള സ്ത്രീ സമൂഹത്തോട് സർക്കാരിന്റെ അവഗണനയും ഉദാസീനമായ മനോഭാവവുമാണ് ഇത് കാണിക്കുന്നത്.

ദലിത് സഹോദരിമാരുടെ കൊലപാതകം ഇന്ത്യയിലെ സ്ത്രീകളുടെ സുരക്ഷയിലുള്ള പ്രതീക്ഷയെ ഉലച്ചിരിക്കുകയാണ്. സർക്കാർ ഉദ്യോഗസ്ഥരും പാർലമെന്റ് അംഗങ്ങളും ബലാത്സംഗികളുടെ മോചനത്തെ ആഘോഷിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്യുന്ന രാജ്യത്ത് കാര്യങ്ങൾ ഇങ്ങനെയായി മാറുമെന്നതിൽ ആശ്ചര്യപ്പെടേണ്ടതില്ല.

ദലിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം അങ്ങേയറ്റം അപലപനീയമാണ്. കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും സ്ത്രീകളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിൽ സർക്കാർ പുലർത്തുന്ന നിസ്സംഗതയും അലംഭാവവും അവസാനിപ്പിക്കണമെന്നും യാസ്മിൻ ഇസ് ലാം ആവശ്യപ്പെട്ടു.

Related Articles

Post Your Comments

Back to top button