കോഴിക്കോട്: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ബുധനാഴ്ച രാത്രി എട്ടരയോടെ കുന്ദമംഗലത്താണ് സംഭവം. കുന്ദമംഗലത്ത് താമസിക്കുന്ന എറണാകുളം സ്വദേശിനിയായ യുവതിയാണ് ആക്രമണത്തിന് ഇരയായത്. പ്രതിയായ കൗമാരക്കാരനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. യുവതി ഫെയ്സ്ബുക്കിലിട്ട കുറിപ്പിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. ബസിറങ്ങി വീട്ടിലേക്ക് നടക്കുകയായിരുന്ന തന്നെ കൗമാരക്കാരനായ പ്രതി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു.
ബസില്‍നിന്ന് ഇറങ്ങിയപ്പോള്‍ മുതല്‍ പ്രതി യുവതിയെ പിന്തുടര്ന്നു. തുടര്‍ന്ന് തെരുവ് വിളക്കുകള്‍ ഇല്ലാത്ത ഇടത്തുവച്ച് ആക്രമിക്കുകയായിരുന്നു. പെട്ടെന്ന് ഒരാള്‍ ശരീരത്തില്‍ കയറി പിടിക്കുകയായിരുന്നുവെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത ഒഴിഞ്ഞ സ്ഥലത്തേക്ക് പ്രതി തന്നെ വലിച്ചിഴച്ചു. വയറ്റില്‍ ചവിട്ടിയശേഷം വായ പൊത്തിപ്പിടിക്കാന്‍ ശ്രമിച്ചു. പിന്നീട് താന്‍ പ്രതിയെ ചവിട്ടിമാറ്റിയശേഷം ബഹളമുണ്ടാക്കി.
സമീപത്തെ ജംഗ്ഷനില്‍നിന്ന് ആളുകളെത്തുന്നത് കണ്ട് കൗമാരക്കാരന് കടന്നുകളയാന്‍ ശ്രമിച്ചു. താനും പ്രതിക്ക് പിന്നാലെ പാഞ്ഞു. ഇതിനുശേഷം ചിലര്‍ ബൈക്കില്‍ പിന്തുടര്ന്ന് കൗമാരക്കാരനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. സംഭവത്തെ തുടര്‍ന്നുള്ള ഞെട്ടലില്‍ യുവതി ആദ്യം പരാതി നല്‍കാതിരുന്നതോടെ കൗമാരക്കാരനെ പൊലീസ് മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. എന്നാല്‍ അഭിഭാഷകന്റെ സഹായത്തോടെ യുവതി പിന്നീട് പരാതി നല്കി.
Post Your Comments