NationalNews

മൊബൈൽ ഫോണുകളിൽനിന്നുള്ള റേഡിയേഷൻ കുറയ്ക്കാൻ ചാണകം, ചാണക ചിപ്പുമായി രാഷ്ട്രീയ കാമധേനു ആയോഗ്

മൊബൈൽ ഫോണുകളിൽനിന്നുള്ള റേഡിയേഷൻ കുറയ്ക്കാൻ ചാണകത്തിന് സാധിക്കുമെന്ന് രാഷ്ട്രീയ കാമധേനു ആയോഗ് (ആർകെഎ) ചെയർമാൻ വല്ലഭായ് കതിരിയ. ചാണകം റേഡിയേഷനെ ചെറുക്കുമെന്ന് മാത്രമല്ല, ഇതിനായി ചാണകത്തിൽ നിർമിച്ച ഒരു ചിപ്പ് രാഷ്ട്രീയ കാമധേനു ആയോഗ് പുറത്തിറക്കിയിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഡൽഹിയിൽ നടന്ന വാർത്താ സമ്മേളത്തിൽ ഈ ചിപ്പ് അദ്ദേഹം പ്രദർശിപ്പിച്ചു.

‘ഗോസത്വ കവച്’ എന്ന ഈ ചിപ്പ് രാജ്കോട്ട് ആസ്ഥാനമാക്കിയ ശ്രിജി ഗൗശാലയാണ് ഇത് നിർമിച്ചിരിക്കുന്നത്. കേന്ദ്ര മൃഗസരക്ഷണ ക്ഷീരകർഷക വകുപ്പിന് കീഴിലുള്ള സ്ഥാപനമാണ് രാഷ്ട്രീയ കാമധേനു ആയോഗ്. പശുക്കളുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കും വികസനത്തിനുമായി 2019ലാണ് രാഷ്ട്രീയ കാമധേനു ആയോഗിന് രൂപം നൽകിയത്.

റേഡിയേഷൻ മൂലമുണ്ടാകുന്ന രോഗങ്ങളെ ചെറുക്കുന്നതിനും ഇത് സഹായിക്കുന്നതായി കതിരിയ പറയുന്നു. ചാണകത്തിൽനിന്നുള്ള വസ്തുക്കൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായിട്ട് ദേശീയ തലത്തിൽ നടത്തുന്ന ‘കാമധേനു ദീപാവലി അഭിയാൻ’ പ്രചാരണപരിപാടിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാണകത്തിൽ നിന്നുള്ള ഉത്പന്നങ്ങളുടെ വിൽപ്പന വർധിപ്പിക്കുകയാണ് ഈ കാമ്പയിനിൻറെ ലക്ഷ്യം.

ചാണകം എല്ലാവരെയും സംരക്ഷിക്കും, ഇത് റേഡിയേഷൻ വിരുദ്ധമാണ്. ഇതു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ഈ റേഡിയേഷൻ ചിപ്പുകൾ മൊബൈൽ ഫോണുകളിൽ ഉപയോഗിച്ചാൽ റേഡിയേഷൻ കുറയ്ക്കാൻ സാധിക്കും. ഇതുമൂലമുണ്ടാകുന്ന രോഗങ്ങളെ ചെറുക്കുന്നതിനും ഇത് സഹായകമാകുന്നതായി കതിരിയ പറഞ്ഞു.

മൊബൈൽ ഫോണിൽ നിന്നുള്ള റേഡിയേഷനുകളെ ഈ ചാണക ചിപ്പ് പ്രതിരോധിക്കും. റേഡിയേഷൻ മൂലം രോഗങ്ങൾ വരാതിരിക്കണമെങ്കിൽ ചിപ്പ് ഫോണുകളിൽ ഉപയോഗിക്കണമെന്നും കത്തിരിയ വ്യക്തമാക്കി. കേന്ദ്ര മൃഗസംരക്ഷണ ക്ഷീരകർഷക വകുപ്പിന് കീഴിലുള്ള സ്ഥാപനമാണ് രാഷ്ട്രീയ കാമധേനു ആയോഗ്. പശുക്കളുടെ സംരക്ഷണത്തിനും സുരക്ഷയ്ക്കും വികസനത്തിനുമായി 2019 ഫെബ്രുവരി ആറിനാണ് രാഷ്ട്രീയ കാമധേനു ആയോഗിന് രൂപം നൽകിയത്. 2019-20ലെ യൂണിയൻ ബഡ്‍ജറ്റിലാണ് ഇത്തരമൊരു പദ്ധതി സർക്കാർ പ്രഖ്യാപിക്കുന്നത്.

”ഇതൊരു ആൻറി റേഡിയേഷൻ ചിപ്പാണ്. മൊബൈൽ ഫോണിൽ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള ചിപ്പ്. ഈ ചിപ്പ് നിങ്ങളുടെ ഫോണിൽ ഉപയോഗിക്കുകയാണെങ്കിൽ അത് ഫോണിൽ നിന്നുള്ള റേഡിയേഷനെ കുറയ്ക്കും. അസുഖങ്ങളിൽ നിന്ന് രക്ഷ തേടണമെങ്കിൽ ഈ ചിപ്പ് നിങ്ങൾക്ക് ഫോണിൽ ഉപയോഗിക്കാം”- എന്നായിരുന്നു ചിപ്പ് പരിചയപ്പെടുത്തിക്കൊണ്ട് വല്ലഭായ് കത്തിരിയ പറഞ്ഞത്.

താൻ ഗോമൂത്രം കഴിക്കാറുണ്ടെന്ന്, കുറച്ചുദിവസം മുമ്പാണ് ബോളിവുഡ് നടൻ അക്ഷയ് കുമാർ വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന് ചാണകവും കഴിക്കാം, അദ്ദേഹത്തിനെന്നല്ല ആർക്കും ചാണകം കഴിക്കാവുന്നതാണെന്നും കത്തിരിയ കൂട്ടിച്ചേർത്തു. രാജ്യത്തെ 500 ലധികം ഗോശാലകൾ ഇപ്പോൾ ചിപ്പ് നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്നുണ്ട്. 50 മുതൽ 100 രൂപ വരെയാണ് ഇത്തരത്തിലുള്ള ചിപ്പിൻറെ വില. ഈ ചിപ്പിന് ഏതെങ്കിലും അംഗീകൃത ലബോട്ടറി പരിശോധിച്ച് അംഗീകാരം നൽകിയിട്ടുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അതില്ലെന്നായിരുന്നു കത്തിരിയയുടെ മറുപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button