Kerala NewsLatest NewsNews

സംസ്ഥാനത്ത് ഇന്നും റേഷന്‍ വിതരണം മുടങ്ങി

തിരുവനന്തപുരം: ഇ പോസ് മെഷീന്‍ തകരാര്‍ തുടരുന്നതിനാല്‍ ഇന്നും സംസ്ഥാനത്ത് റേഷന്‍ വിതരണം നിശ്ചലമായി. കഴിഞ്ഞ അഞ്ച് ദിവസമായി ഇ പോസ് മെഷിന്‍ തകരാറിലാണ്. ഭക്ഷ്യവകുപ്പ് അനാസ്ഥ തുടര്‍ന്നതോടെ വ്യാപാരികള്‍ കടകള്‍ പൂട്ടിയിടാന്‍ തീരുമാനിക്കുകയായിരുന്നു. റേഷന്‍ സാധനം വാങ്ങാന്‍ ആളെത്തുമ്പോള്‍ ഇ പോസ് മെഷിന്‍ പണിമുടക്കുകയാണെന്നും കഴിഞ്ഞ അഞ്ച് ദിവസമായി ഇതാണവസ്ഥയെന്നും റേഷന്‍ വ്യാപാരികള്‍ പറയുന്നു.

പലയിടത്തും ഉപഭോക്താക്കളും വ്യാപാരികളും തമ്മില്‍ തര്‍ക്കം ഉണ്ടായതോടെയാണു കടകള്‍ പൂട്ടിയിടാന്‍ വ്യാപാരി സംഘടനകള്‍ തീരുമാനിച്ചത്. ഇതാദ്യമായല്ല ഇ പോസ് മെഷീന്‍ പണിമുടക്കുന്നത്. ഇതിന് ശാശ്വത പരിഹാരം ഉണ്ടാകുന്നില്ലെന്നാണ് റേഷന്‍ വ്യാപാരികളുടെ പരാതി. സെര്‍വര്‍ തകരാറിലാണെങ്കില്‍ കടകള്‍ പൂര്‍ണമായും അടച്ചിടേണ്ടിവരുമെന്നാണ് റേഷന്‍ വ്യാപാരികള്‍ നല്‍കുന്ന മുന്നറിയിപ്പ്.

പ്രതിസന്ധി തുടങ്ങിയപ്പോള്‍ തന്നെ വിവരം അധികൃതരെ അറിയിച്ചിരുന്നുവെന്നും കഴിഞ്ഞ മൂന്നു ദിവസമായിട്ടും നടപടിയുണ്ടായില്ലെന്നും റേഷന്‍ കടയുടമകള്‍ ആരോപിക്കുന്നു. റേഷന്‍ വ്യാപാരികളുടെ സംഘടനയും കഴിഞ്ഞ ദിവസം പ്രതിസന്ധി മന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. എന്‍ഐസിക്കാണ് സോഫ്റ്റ്വെയര്‍ കാര്യങ്ങളുടെ ചുമതലയെന്നും അവരെ അറിയിച്ചിട്ടുണ്ടെന്നുമാണ് ഓഫീസില്‍ നിന്നും ലഭിച്ച മറുപടി. എന്നാല്‍ ഇപ്പോഴും സാങ്കേതിക തകരാറ് പരിഹരിച്ചിട്ടില്ല.

Related Articles

Back to top button