റിപ്പോ നിരക്ക് വര്‍ധിപ്പിച്ച് ആര്‍ബിഐ: പലിശ നിരക്ക് കുത്തനെ ഉയര്‍ത്തി ബാങ്കുകള്‍
Business

റിപ്പോ നിരക്ക് വര്‍ധിപ്പിച്ച് ആര്‍ബിഐ: പലിശ നിരക്ക് കുത്തനെ ഉയര്‍ത്തി ബാങ്കുകള്‍

മുംബൈ: മൂന്നാം ധനനയ അവലോകന യോഗത്തിലും റിപ്പോ നിരക്ക് ഉയര്‍ത്തി റിസര്‍വ് ബാങ്ക്. അവശ്യ ഘട്ടങ്ങളില്‍ റിസര്‍വ് ബാങ്കില്‍ നിന്നും വായ്പ സ്വീകരിക്കുന്നതിന് വാണിജ്യ ബാങ്കുകള്‍ നല്‍കേണ്ട പലിശയാണ് റീപര്‍ച്ചേസ് എഗ്രിമെന്റ് റേറ്റ് അഥവാ റിപ്പോ നിരക്ക്. ഇത്തവണ 0.50 ശതമാനമാണ് റിപ്പോ നിരക്ക് ആര്‍ബിഐ വര്‍ധിപ്പിച്ചത്. ഇതോടെ റിപ്പോ നിരക്ക് 5.40 ശതമാനമായി ഉയര്‍ന്നു.

ഉയര്‍ന്ന് നില്‍ക്കുന്ന പണപ്പെരുപ്പവും ആഗോളതലത്തിലെ കേന്ദ്രബാങ്കുകളുടെ നിലപാടുമാണ് റിപ്പോ നിരക്ക് ഉയര്‍ത്താന്‍ പ്രേരണയായതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ റിപ്പോ നിരക്കില്‍ 1.40 ശതമാനമാണ് വര്‍ധനവുണ്ടായിരിക്കുന്നത്. രാജ്യത്തെ പണപ്പെരുപ്പം ഇപ്പോഴും ആറ് ശതമാനത്തിന് മുകളില്‍ തുടരുകയാണ്. മാത്രമല്ല ഉപഭോക്തൃ വില സൂചിക പ്രകാരമുള്ള വിലക്കയറ്റം ജൂണില്‍ രേഖപ്പെടുത്തിയത് 7.01 ശതമാനമാണ്.

റിപ്പോ നിരക്കില്‍ ആര്‍ബിഐ വര്‍ധനവ് പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ ബാങ്കുകള്‍ പലിശനിരക്ക് വര്‍ധിപ്പിച്ച് തുടങ്ങിയിരുന്നു. ബാങ്കുകള്‍ നല്‍കുന്ന വായ്പകളെ നേരിട്ട് സ്വാധീനിക്കുന്നതാണ് റിപ്പോ നിരക്ക്. റിപ്പോ നിരക്കില്‍ 0.35 ശതമാനം മുതല്‍ 0.50 ശതമാനം വരെ വര്‍ധനയാണ് പൊതുവെ പ്രതീക്ഷിച്ചിരുന്നത്. റിപ്പോ നിരക്ക് ഉയര്‍ത്തിയതോടെ സ്റ്റാന്‍ഡിംഗ് ഡെപോസിറ്റ് ഫെസിലിറ്റി (എസ്ഡിഎഫ്) റേറ്റും ആനുപാതികമായി ഉയര്‍ന്നു. എസ്ഡിഎഫ് 4.65 ശതമാനമായിരുന്നത് ഇപ്പോള്‍ 5.15 ശതമാനമായാണ് ഉയര്‍ന്നിരിക്കുന്നത്.

ഇതോടൊപ്പം മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി (എംഎസ്എഫ്) റേറ്റ് 5.15 ശതമാനത്തില്‍ നിന്ന് 5.65 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. റിപ്പോ നിരക്ക് തുടര്‍ച്ചയായി വര്‍ധിപ്പിച്ചതോടെ കോവിഡിന് മുമ്പുള്ള നിലവാരത്തിലേക്ക് എത്തിയിട്ടുണ്ട്. പലിശ നിരക്കുകളില്‍ വര്‍ധന വന്നതോടെ ഓഹരി വിപണിയും മുന്നേറ്റം തുടങ്ങിയിട്ടുണ്ട്. വായ്പകളുടെ പലിശ നിരക്കില്‍ വര്‍ധന വന്നപ്പോള്‍ നിക്ഷേപങ്ങളുടെ കാര്യത്തിലും വര്‍ധനവുണ്ടായത് പൊതുവെ മാര്‍ക്കറ്റിന്റെ ചലനത്തിന്റെ വേഗത കൂട്ടിയിട്ടുണ്ട്.

വാണിജ്യ ബാങ്കുകളുടെ കൈവശമുള്ള അധിക പണം റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുന്നതിന് ലഭ്യമാകുന്ന പലിശയാണ് റിവേഴ്‌സ് റിപ്പോ നിരക്ക്. സമാനമായി ബാങ്കിന്റെ കൈവശം നിക്ഷേപമായി എത്തുന്നതില്‍ നിന്നും പണമായി തന്നെ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട അനുപാതമാണ് കരുതല്‍ ധനാനുപാതം അഥവാ സിആര്‍ആര്‍. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി വിപണിയിലെ പണലഭ്യത നിയന്ത്രിക്കുക എന്നതാണ് കേന്ദ്രബാങ്ക് ഇതിലൂടെ ലക്ഷ്യമിടുന്നത്. സമ്പദ് വ്യവസ്ഥയ്ക്ക് സ്ഥിരതയുള്ള വളര്‍ച്ച കൈവരിക്കാനും ബാങ്കിംഗ് സംവിധാനത്തിലെ പണലഭ്യത നിയന്ത്രിക്കാനുമായി ഒരു രാജ്യത്തെ കേന്ദ്രബാങ്ക് കൈക്കൊള്ളുന്ന ഇടക്കാല നടപടികളെയാണ് പണനയമെന്ന് പറയുന്നത്.

ഇന്ത്യയില്‍ റിസര്‍വ് ബാങ്കും അതിന്റെ ഭാഗമായ ധന സമിതിയുമാണ് പണനയത്തിന്റെ ഗതി നിയന്ത്രിക്കുന്നത്. ആര്‍ബിഐ കാര്യക്ഷമമായി വിപണിയില്‍ ഇടപെടുന്നതിനാലാണ് സാമ്പത്തിക മാന്ദ്യം ഇന്ത്യയില്‍ കാര്യമായി അനുഭവപ്പെടാത്തതെന്ന് പ്രശസ്ത സാമ്പത്തിക വിദഗ്ധര്‍ പറയുന്നുണ്ട്. റിപ്പോ നിരക്കുകള്‍ ഉയര്‍ത്തിയത് ഫലത്തില്‍ ഇന്ത്യന്‍ വിപണിക്ക് കാര്യമായ ഉണര്‍വ് നല്‍കിയെന്നതാണ് വസ്തുത. പണപ്പെരുപ്പം പിടിച്ചുനിര്‍ത്തി സ്ഥായിയായ പുരോഗതിക്ക് അനുയോജ്യമായ തരത്തിലാണ് ഇപ്പോള്‍ റിപ്പോ നിരക്ക് വര്‍ധനയെ എല്ലാവരും നോക്കിക്കാണുന്നത്.

Related Articles

Post Your Comments

Back to top button