മൂന്നില്‍രണ്ട് എംഎല്‍എമാരെ അടര്‍ത്തിയെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു; ഗോവയില്‍ വിമതനീക്കം പാളി
NewsNational

മൂന്നില്‍രണ്ട് എംഎല്‍എമാരെ അടര്‍ത്തിയെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടു; ഗോവയില്‍ വിമതനീക്കം പാളി

പനജി: മൂന്നില്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരെ അടര്‍ത്തിയെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ഗോവയില്‍ വിമതനീക്കം പാളി. കോണ്‍ഗ്രസിന്റെ 11 എംഎല്‍എമാരില്‍ പത്തുപേരും നിയമസഭാ സമ്മേളനത്തിന് എത്തി. അസുഖബാധിതനായതിനാലണ് ഒരാള്‍ എത്താതിരുന്നത്. മൂന്നില്‍ രണ്ട് എംഎല്‍എമാരെ ബിജെപി പാളയത്തിലെത്തിക്കാനുള്ള നീക്കമായിരുന്നു കഴിഞ്ഞദിവസം നടന്നത്. പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോയുടെ നേതൃത്വത്തിലാണ് ഇത്തരമൊരു നീക്കം തുടങ്ങിവച്ചത്.

ഇന്നലെ വൈകിട്ട് മൂന്ന് എംഎല്‍എമാരുമായി മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ വസതിയിലെത്തി ചര്‍ച്ച നടത്തി. ഒപ്പം പിസിസി ആസ്ഥാനത്ത് വിളിച്ച കോണ്‍ഗ്രസ് എംഎല്‍എമാരുടെ വാര്‍ത്താസമ്മേളനത്തില്‍നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു. പിന്നാലെ സംസ്ഥാനത്തിന്റെ ചമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദിനേശ് ഗുണ്ടുറാവു മൈക്കിള്‍ ലോബോയെ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് നീക്കി പ്രഖ്യാപനം നടത്തി.

മൈക്കിള്‍ ലോബോയും മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തും ചേര്‍ന്ന് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ഗൂഢാലോചന നടത്തുന്നുവെന്നും ഇന്നലെ ഗുണ്ടുറാവു ആരോപിച്ചു. കോണ്‍ഗ്രസ് വിടുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നെും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പിന്നീട് കൂടുതല്‍ പേര്‍ മറുപക്ഷത്തേക്ക് പോകാതിരിക്കാന്‍ രാത്രി അഞ്ചു എംഎല്‍എമാരെ സുരക്ഷിതയിടത്തേക്ക് മാറ്റി.

ശനിയാഴ്ച എത്തിയ ഗുണ്ടുറാവു വിമതനീക്കം മനസിലാക്കിയതോടെ ഞായറാഴ്ചയും സംസ്ഥാനത്ത് തുടരുകയായിരുന്നു. കോണ്‍ഗ്രസില്‍ അടിയുറച്ചുനില്‍ക്കുന്നുവെന്ന് ഇന്ന് നിയമസഭാ സമ്മേളനത്തിനെത്തിയ ദിഗംബര്‍ കാമത്തും മൈക്കിള്‍ ലോബോയും വ്യക്തമാക്കി. എട്ട് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍നിന്ന് മറുപക്ഷത്തേക്ക് മാറിയാലേ അയോഗ്യത നടപടികളില്‍നിന്ന് ഒഴിവാവാകാനാകൂ.

Related Articles

Post Your Comments

Back to top button