കൊല്ലത്ത് ക്രൂഡ് ഓയില്‍ സാന്നിധ്യമെന്ന് റിപ്പോര്‍ട്ട്
NewsKerala

കൊല്ലത്ത് ക്രൂഡ് ഓയില്‍ സാന്നിധ്യമെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: കൊല്ലത്തിന്റെ തീരത്ത് നിന്ന് 10 നോട്ടിക്കല്‍ മൈല്‍ അകലെ ക്രൂഡ് ഓയില്‍ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ട്. കൊല്ലത്തിന്റെ ആഴക്കടലില്‍ 18 ബ്ലോക്കുകളിലാണ് ക്രൂഡ് ഓയില്‍ സാന്നിധ്യം കണ്ടെത്തിയതായി സൂചന ലഭിച്ചിട്ടുള്ളത്. ഇവിടെ വൈകാതെ തന്നെ പര്യവേഷണം ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഇതില്‍ ഒരു ബ്ലോക്കില്‍ പര്യവേഷണത്തിന് പുറമെ ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ അടുത്ത വര്‍ഷം പകുതിയോടെ ഖനനത്തിനും പദ്ധതികള്‍ തയാറാകുന്നുണ്ട്. ഇന്ധനസാന്നിധ്യം കണ്ടെത്താനുള്ള മൂന്ന് ഘട്ടങ്ങളായുള്ള പര്യവേഷണമാണ് ആദ്യം നടക്കുക. ഇന്ധനസാന്നിധ്യം സ്ഥിരീകരിച്ചാല്‍ അടുത്തവര്‍ഷം പകുതിയോടെ ഖനനം ആരംഭിക്കും.

ഇതിനായി കൂറ്റന്‍ സര്‍വേ കപ്പല്‍ വാടകയ്ക്ക് എടുക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഡല്‍ഹി ആസ്ഥാനമായ സ്വകാര്യ കമ്പനിയുമായി ഓയില്‍ ഇന്ത്യ ലിമിറ്റഡ് പര്യവേഷണത്തിന് വേണ്ടി കരാറിലെത്തിയതായാണ് ലഭ്യമാകുന്ന വിവരം. കടലിന് നടുവില്‍ ഇരുമ്പ് കൊണ്ട് കൂറ്റന്‍ പ്ലാറ്റ്‌ഫോം നിര്‍മിച്ച് കടലിന്റെ അടിത്തട്ടിലേക്ക് കൂറ്റന്‍ പൈപ്പ് ലൈനുകള്‍ കടത്തിവിടും.

പര്യവേഷണ സമയത്തും ഖനനസമയത്തും മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും ഇതുവഴി അനുവദിക്കുകയില്ല. പര്യവേഷണത്തിനെത്തുന്ന കപ്പലുകളിലെ ജീവനക്കാര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിക്കാന്‍ ചുറ്റും ടഗുകള്‍ ഉണ്ടാവും. കൊല്ലം പോര്‍ട്ട് കേന്ദ്രീകരിച്ചാണ് കപ്പലില്‍ ഇന്ധനവും ഭക്ഷണവും എത്തിക്കുക.

Related Articles

Post Your Comments

Back to top button