ഹജ്ജ് എക്‌സ്‌പോയില്‍ 60ഓളം രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കാളികളായി
GulfNews

ഹജ്ജ് എക്‌സ്‌പോയില്‍ 60ഓളം രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കാളികളായി

ജിദ്ദ: സൗദിയിലെ ജിദ്ദയില്‍ നാല് ദിവസമായി നടന്ന് വന്നിരുന്ന ഹജ്ജ് എക്‌സ്‌പോ സമാപിച്ചു. അറുപതോളം രാജ്യങ്ങളിലെ പ്രതിനിധികള്‍ എക്‌സ്‌പോയില്‍ പങ്കെടുത്തു. ഹജ്ജ് സേവനങ്ങള്‍ മികവുറ്റതാക്കുന്നിനുള്ള വിവിധ പദ്ധതികളും പ്രഖ്യാപനങ്ങളും കൊണ്ട് എക്‌സ്‌പോ ശ്രദ്ധേയമായി. മുന്‍ വര്‍ഷങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ പുത്തന്‍ അനുഭവങ്ങള്‍ ഈ വര്‍ഷം ഹജ്ജ് തീര്‍ഥാകര്‍ക്ക് ഉണ്ടാകുമെന്ന വ്യക്തമായ സൂചനകള്‍ നല്‍കിയാണ് ഹജ്ജ് എക്‌സപോ അവസാനിച്ചത്.

മക്കയും മദീനയും വരുംവര്‍ഷങ്ങളില്‍ എങ്ങിനെയായിരിക്കുമെന്നതിന്റെ കൃത്യമായ സൂചനകള്‍ നല്‍കുന്നതായിരുന്നു നാല് ദിവസങ്ങളിലായി നടന്ന ഹജ്ജ് എക്‌സ്‌പോ. ജിദ്ദ സൂപ്പര്‍ ഡോമില്‍ അറുപതോളം രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത എക്‌സ്‌പോയില്‍ വെച്ച് ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളുമായുള്ള ഈ വര്‍ഷത്തെ ഹജ്ജ് കരാര്‍ ഒപ്പിടല്‍ ചടങ്ങും നടന്നു. മക്ക മദീന ഗവര്‍ണര്‍മാരും ഹജ്ജ് ഉംറ മന്ത്രിമാരും ചേര്‍ന്ന് തുടക്കം കുറിച്ച ഹജ്ജ് എക്‌സ്‌പോയില്‍ പല പ്രധാന പ്രഖ്യാപനങ്ങളുമുണ്ടായി.

ഈ വര്‍ഷം കോവിഡിന് മുന്നേയുള്ള അതേ എണ്ണം ഹാജിമാര്‍ക്ക് അവസരം നല്‍കുമെന്നതും, തീര്‍ഥാടകരുടെ ഇന്‍ഷൂറന്‍സ് തുക നാലിലൊന്നായി കുറച്ചതും, ഹജ്ജിന്റെ ഭാഗമായി പ്രവാചക ചരിത്രം വിശദീകരിക്കുന്ന 20 എക്‌സിബിഷനുകള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചതും ഇവയില്‍ പ്രധാനപ്പെട്ടവയാണ്. മനുഷ്യകരങ്ങളാല്‍ നിര്‍മിച്ച വിശുദ്ധ കഅ്ബയുടെ മുറ്റവും അതിനോട് ചേര്‍ന്നുണ്ടായിരുന്ന വീടുകളും സംസം കിണറിന്റെ ആദ്യ കാല രൂപവുമെല്ലാം കാണാനും മനസിലാക്കാനും എക്‌സ്‌പോ അവസരമൊരുക്കിയത് സന്ദര്‍ശകരെ ഏറെ ആകര്‍ഷിച്ചു. തീര്‍ത്ഥാടകരുടെ യാത്രയും നടപടിക്രമങ്ങളും എളുപ്പമാക്കുന്നതിനായി സൗദി ജവാസാത്ത് നടപ്പാക്കുന്ന പദ്ധതികളുടെ അവതരണം ഹജ് എക്സ്പോയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു. തീര്‍ഥാടകരുടെ മുഖവും, വിരലടയാളവും സ്‌കാന്‍ ചെയ്തുകൊണ്ട് ഓരോ രാജ്യത്ത് നിന്നും എത്തുന്ന തീര്‍ഥാകരുടെ മുഴുവന്‍ വിവരങ്ങളും കണ്ടെത്താന്‍ സഹായിക്കുന്ന അത്യാധുനിക ഉപകരണങ്ങളും എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചു.

Related Articles

Post Your Comments

Back to top button