ലങ്കയില്‍ വീണ്ടും കലാപം ; നേതൃമാറ്റ ചര്‍ച്ചകള്‍ തുടരുന്നു
NewsPoliticsWorld

ലങ്കയില്‍ വീണ്ടും കലാപം ; നേതൃമാറ്റ ചര്‍ച്ചകള്‍ തുടരുന്നു

കൊളംബോ:  ശ്രീലങ്കയില്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെ അയല്‍രാജ്യമായ മാലദ്വീപിലേയ്ക്കും അവിടെ നിന്നു സിംഗപ്പൂരിലേക്കും സൈനിക വിമാനത്തില്‍ രക്ഷപ്പെട്ടതിനു പിന്നാലെ രാജ്യത്തു വീണ്ടും കലാപം . രാജിവയ്ക്കാതെ രാജ്യംവിട്ട പ്രസിഡന്റ് ഗോട്ടബയ, പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയെ ആക്ടിങ് പ്രസിഡന്റാക്കിയെന്ന വാര്‍ത്ത വന്ന ഉടന്‍ പ്രക്ഷോഭകര്‍ കൊളംബോ ഫ്‌ലവര്‍ റോഡിലുള്ള പ്രധാനമന്ത്രിയുടെ ഓഫിസിലേക്കു തള്ളിക്കയറി പിടിച്ചെടുത്തു. പൊലീസും പ്രക്ഷോഭകരും തമ്മില്‍ ഏറ്റുമുട്ടി. അജ്ഞാതകേന്ദ്രത്തിലുള്ള റനില്‍ രാജ്യത്ത് അടിയന്തരാവസ്ഥയും കൊളംബോയില്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചു. സൈനിക മേധാവികളോടു സമാധാനം പുനഃസ്ഥാപിക്കാന്‍ ഉത്തരവിട്ടു. പുതിയ സര്‍ക്കാര്‍ ചുമതലയേല്‍ക്കുമ്പോള്‍ താന്‍ സ്ഥാനമൊഴിയുമെന്നും റനില്‍ വ്യക്തമാക്കി. റനിലിന്റെ ഓഫിസ് കയ്യേറിയ സംഘം ഗോട്ടബയയെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്നാരോപിച്ച് സൈനിക മേധാവികളുടെ ഓഫിസും വളഞ്ഞതോടെ രാജ്യതലസ്ഥാനം ഭീതിയുടെ മുള്‍മുനയിലായി.പ്രക്ഷോഭകര്‍ പാര്‍ലമെന്റ് മന്ദിരവും കയ്യേറുമെന്നു വാര്‍ത്ത പരന്നു. ഗോട്ടബയയുടെ രാജി മുന്‍ നിശ്ചയ പ്രകാരം തന്റെ പക്കലെത്തുമെന്ന് സ്പീക്കര്‍ അറിയിച്ചെങ്കിലും പ്രക്ഷോഭകര്‍ പിന്തിരിഞ്ഞില്ല. തുടര്‍ന്നാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. പ്രക്ഷോഭകര്‍ സര്‍ക്കാര്‍ ചാനലായ രൂപവാഹിനി ടിവിയും പിടിച്ചെടുത്തു. പ്രധാനമന്ത്രിയുടെ ഓഫിസില്‍ പ്രക്ഷോഭകര്‍ സംഗീതവിരുന്നു സംഘടിപ്പിച്ച് ഗോട്ടയുടെ പലായനം ആഘോഷമാക്കി.
പാര്‍ലമെന്റില്‍ ഒരംഗം മാത്രമുള്ളയാളെ വീണ്ടും ആക്ടിങ് പ്രസിഡന്റാക്കി രാജപക്‌സെ കുടുംബം പാവഭരണം നടപ്പാക്കുകയാണെന്നു പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ കുറ്റപ്പെടുത്തി. പാര്‍ലമെന്റ് 20 നു ചേര്‍ന്നു പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനാണു തീരുമാനം. ഗോട്ടബയയെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്ന ആരോപണം ഇന്ത്യ നിഷേധിച്ചു.
പുലര്‍ച്ചെ അയല്‍ രാജ്യമായ മാലദ്വീപില്‍ അഭയം തേടിയ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോട്ടബയയും സംഘവും അവിടെനിന്ന് സിംഗപ്പൂരിലേയ്ക്കു പറന്നു. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഗോട്ടയും 13 അംഗ സംഘവും ബുധനാഴ്ച പുലര്‍ച്ചെ 3.50 ന് മാലദ്വീപിലെത്തിയത്. എന്നാല്‍, മാലദ്വീപിലെ പ്രതിപക്ഷ കക്ഷികള്‍ ഗോട്ടയ്‌ക്കെതിരെ തെരുവിലിറങ്ങിയതോടെ നില പരുങ്ങലിലായി.

Related Articles

Post Your Comments

Back to top button