ക്രൈസ്റ്റ്ചര്‍ച്ച്: ഒരു ടെസ്റ്റ് ക്രിക്കറ്റര്‍ക്ക് ലഭിച്ച ഏറ്റവും നല്ല യാത്രയയപ്പിന്റെ മധുരിക്കുന്ന ഓര്‍മകളുമായി കളം വിടുകയാണ് റോസ് ടെയ്ലര്. 112 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ടെയ്ലറിന് പക്ഷേ 100 പന്തുകള്‍ തികച്ചെറിയാന്‍ സാധിച്ചില്ല. എങ്കിലും വിരമിക്കല്‍ ടെസ്റ്റില്‍ എറിഞ്ഞ അവസാന പന്തില്‍ വിക്കറ്റെടുത്ത് ബംഗ്ലദേശിനെതിരെ ന്യൂസീലന്‍ഡിന് ഇന്നിംഗ്സ് വിജയവും സമ്മാനിച്ച് ടെയ്ലര് രാജ്യാന്തര ക്രിക്കറ്റിന്റെ പടിയിറങ്ങി.
ഒന്നര പതിറ്റാണ്ട് പിന്നിടുന്ന ടെസ്റ്റ് കരിയറില്‍ എറിഞ്ഞ 99ാം പന്തില്‍ കരിയറിലെ മൂന്നാമത്തെ മാത്രം വിക്കറ്റ് സ്വന്തമാക്കിയാണ് ടെയ്ലര് രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ചത്. ബംഗ്ലദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസീലന്‍ഡ് ഇന്നിംഗ്സ് വിജയം ആഘോഷിക്കുമ്പോള്‍, ബംഗ്ലദേശിനെ തോല്‍വിയിലേക്കു തള്ളിയിട്ട അവസാന വിക്കറ്റ് വിരമിക്കല്‍ മത്സരം കളിച്ച റോസ് ടെയ്ലറിന്. രണ്ടാം ഇന്നിങ്സില്‍ ബംഗ്ലദേശ് താരം എബാദത്ത് ഹുസൈനെ പുറത്താക്കിയാണ് ടെയ്ലര് ന്യൂസീലന്‍ഡിന് ഇന്നിംഗ്സ് വിജയം സമ്മാനിച്ചത്. മത്സരത്തില്‍ ടെയ്ലറിന്റെ ആദ്യ ഓവറിലെ മൂന്നാം പന്തിലാണ് ഹുസൈന് പുറത്തായത്.
ബാറ്റ് കൊണ്ട് ഒന്നര പതിറ്റാണ്ടു കാലം ന്യൂസീലന്‍ഡ് ടീമിനെ താങ്ങിനിര്‍ത്തിയ ടെയ്ലറിന് രാജ്യാന്തര കരിയറില്‍ എറിഞ്ഞ അവസാന പന്തില്‍ വിക്കറ്റ് വീഴ്ത്തി പടിയിറക്കം. ആദ്യ ടെസ്റ്റില്‍ ബംഗ്ലദേശിനോടു തോറ്റ് നാണംകെട്ട ന്യൂസീലന്‍ഡ് രണ്ടാം ടെസ്റ്റില്‍ ഇന്നിംഗ്സിനും 117 റണ്‍സിനുമാണ് ജയിച്ചത്. ഒന്നാം ഇന്നിംഗ്സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 521 റണ്‍സെടുത്ത ന്യൂസീലന്‍ഡിനെതിരെ വെറും 126 റണ്‍സിന് പുറത്തായി ബംഗ്ലദേശ് ഫോളോഓണ്‍ ചെയ്തപ്പോള്‍ത്തന്നെ ടെസ്റ്റിന്റെ വിധി വ്യക്തമായിരുന്നു.
രണ്ടാം ഇന്നിംഗ്സില്‍ ലിറ്റന്‍ ദാസ് നേടിയ സെഞ്ചുറിക്കും (102) ബംഗ്ലദേശിന്റെ ഒന്നാം ഇന്നിംഗ്സ് കടം വീട്ടാനാകാതെ പോയതോടെ, അവര്‍ 278 റണ്‍സിന് പുറത്തായി. ഇരട്ടസെഞ്ചുറി നേടിയ ടോം ലാതമാണ് കളിയിലെ കേമന്‍. ഡിവോണ്‍ കോണ്‍വേ പരമ്പരയുടെ താരമായും തിരഞ്ഞെടുക്കപ്പെട്ടു. 18 ഓവറില്‍ 82 റണ്‍സ് വഴങ്ങഇ നാലു വിക്കറ്റ് പിഴുത കൈല്‍ ജയ്മിസനാണ് ബംഗ്ലദേശിനെ തകര്‍ത്തത്. നീല്‍ വാഗ്നര്‍ മൂന്നും ടിം സൗത്തി, ഡാരില്‍ മിച്ചല്‍, റോസ് ടെയ്ലര് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതവും ലഭിച്ചു. ഒന്നാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റുമായി വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തിയ ട്രെന്റ് ബോള്‍ട്ടിന് രണ്ടാം ഇന്നിംഗ്സില്‍ വിക്കറ്റ് ലഭിച്ചില്ല.
ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി20യിലും 100 മത്സരം പൂര്‍ത്തിയാക്കുന്ന ആദ്യ രാജ്യാന്തര താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ ടെയ്ലര് ഒന്നരപതിറ്റാണ്ട് നീളുന്ന രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് പാഡഴിച്ചതോടെ അഴിഞ്ഞുവീഴുന്നത് ന്യൂസീലന്‍ഡ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഒരു ഭാഗം കൂടിയാണ്. 112 ടെസ്റ്റുകളില്‍നിന്ന് 44.16 ശരാശരിയില്‍ 7684 റണ്‍സാണ് ടെയ്ലറിന്റെ സമ്പാദ്യം. ഇതില്‍ 19 സെഞ്ചുറികളും 35 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നു. മൂന്നെണ്ണം ഇരട്ടസെഞ്ചുറികളാണ്. 290 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ടെസ്റ്റില്‍ മൂന്നു വിക്കറ്റുകളും 163 ക്യാച്ചുകളും സ്വന്തമാക്കി.
233 ഏകദിനങ്ങളില്‍നിന്ന് 48.20 ശരാശരിയില്‍ 8581 റണ്‍സ് നേടി. ഇതില്‍ 21 സെഞ്ചുറികളും 51 അര്ധസെഞ്ചുറികവും ഉള്‍പ്പെടുന്നു. പുറത്താകാതെ നേടിയ 181 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. 139 ക്യാച്ചുകളും ടെയ്ലറിന്റെ പേരിലുണ്ട്. 102 ട്വന്റി 20 മത്സരങ്ങളില്‍നിന്ന് 26.15 ശരാശരിയില്‍ 1909 റണ്‍സ് നേടി. ഇതില്‍ ഏഴ് അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നു. 63 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. 46 ക്യാച്ചുകളും ടെയ്ലറിന്റെ പേരിലുണ്ട്.
Post Your Comments