സഹകരണ വായ്പ തിരിച്ചടവില്‍ മൂന്ന് ലക്ഷം രൂപയുടെ ഇളവ്
NewsKeralaBusiness

സഹകരണ വായ്പ തിരിച്ചടവില്‍ മൂന്ന് ലക്ഷം രൂപയുടെ ഇളവ്

തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് വായ്പ എടുത്തവര്‍ മരിച്ചാല്‍ തിരിച്ചടവില്‍ മൂന്ന് ലക്ഷം രൂപയുടെ ഇളവ് അനുവദിക്കും. വായ്പാ കാലാവധിക്കുള്ളില്‍ വായ്പ എടുത്തവര്‍ക്ക് മാരകമായ അസുഖം ബാധിച്ച് കടം തിരിച്ചടക്കാന്‍ കഴിയാത്ത അവസ്ഥ വന്നാല്‍ പരമാവധി 1.25 ലക്ഷം രൂപയുടെ ഇളവും ലഭിക്കും. സഹകരണ റിസ്‌ക് ഫണ്ടില്‍ നിന്നാണ് ഇതിനാവശ്യമായ സഹായം അനുവദിക്കുന്നത്.

വായ്പാ കാലയളവിലോ കാലാവധി കഴിഞ്ഞ് ആറുമാസത്തിനുള്ളിലോ വായ്പാകാരന്‍ മരണപ്പെട്ടാല്‍ അന്നേ ദിവസം ബാക്കി നില്‍ക്കുന്ന ലോണ്‍ സംഖ്യയുടെ മുതല്‍ അല്ലെങ്കില്‍ മൂന്ന് ലക്ഷം രൂപ ഇതില്‍ ഏതാണോ കുറവ് ആ സംഖ്യ റിസ്‌ക് ഫണ്ടില്‍ നിന്ന് അനുവദിക്കും. വായ്പ എടുത്ത വ്യക്തി മരണപ്പെട്ടാല്‍ നേരത്തെ രണ്ടു ലക്ഷം രൂപയാണ് ഇളവ് അനുവദിച്ചിരുന്നത്.

മരണപ്പെട്ട വ്യക്തി ഒന്നില്‍ കൂടുതല്‍ വായ്പ എടുത്തിട്ടുള്ളയാളാണെങ്കില്‍ പരമാവധി ആറു ലക്ഷം രൂപയാണ് ഇളവ് ലഭിക്കക. രണ്ടു വ്യക്തികള്‍ കൂട്ടായി വായ്പ എടുക്കുകയും അതിലൊരാള്‍ മരണപ്പെടുകയും ചെയ്താല്‍ ബാക്കി നില്‍ക്കുന്ന വായ്പ തുകയ്ക്ക് ആനുപാതികമായും ഇളവ് അനുവദിക്കും. മാരക രോഗം ബാധിച്ച് വായ്പ തിരിച്ചടവില്‍ ആനുകൂല്യം ലഭിച്ച വ്യക്തി മരണപ്പെട്ടാല്‍ രോഗകാലത്ത് ലഭിച്ച തുകയുടെ ബാക്കി തുക മാത്രമേ ഇളവായി ലഭിക്കുകയുള്ളൂ. സഹകരണ സ്ഥാപനങ്ങള്‍ റിസ്‌ക് ഫണ്ടിലേക്ക് അടയ്ക്കുന്ന തുക ഉപയോഗിച്ചാണ് ആനുകൂല്യങ്ങള്‍ അനുവദിക്കുന്നത്.

Related Articles

Post Your Comments

Back to top button