സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രൂപ ബോണസ്, ഓഗസ്റ്റ്, സെപ്റ്റംബർമാസത്തിലെ ശമ്പളവും പെൻഷനും, 24 മുതൽ

ഓണത്തിന് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4000 രൂപ ബോണസ് അനുവദിച്ച് ഉത്തരവായി. 27,360 രൂപ വരെ ശമ്പളമുള്ളവര്‍ക്കാണ് ബോണസ്. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് 2,750 രൂപ ഉത്സവബത്ത നല്‍കും. പെന്‍ഷന്‍കാര്‍ക്ക് ആയിരം രൂപയാണ് ഉത്സവബത്ത. കഴിഞ്ഞവര്‍ഷത്തെ അതേ ബോണസും ഉത്സവബത്തയും അഡ്വാന്‍സുമാണ് സര്‍ക്കാര്‍ ഇത്തവണയും നല്‍കുന്നത്. കൊവിഡ് മൂലമുള്ള സാമ്പത്തിക പ്രയാസത്തിലും മുന്‍വര്‍ഷത്തെ ആനുകൂല്യങ്ങളില്‍ കുറവ് വരുത്തേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം.
ശമ്പളവും പെന്‍ഷനും മുന്‍കൂറായി നല്‍കും. പാര്‍ട്ട്‌ടൈം കണ്ടിന്‍ജന്റ്, കരാര്‍, ദിവസ വേതനക്കാര്‍, സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് പുറത്ത് നിയമിക്കപ്പെട്ടവര്‍ തുടങ്ങി എല്ലാ വിഭാഗങ്ങള്‍ക്കും 1200 രൂപ മുതല്‍ മുകളിലോട്ട് ഉത്സവ ബത്ത ലഭിക്കും. പൊതുമേഖലയില്‍ ബോണസിന് അര്‍ഹത ഇല്ലാത്തവര്‍ക്ക് 2750 രൂപയാണ് കഴിഞ്ഞവര്‍ഷം ഉത്സവ ബത്ത ലഭിച്ചത്. ഓണം അഡ്വാന്‍സായി 15,000 രൂപവരെ അനുവദിക്കും. ഗഡുക്കളായി തിരിച്ചടയ്‌ക്കേണ്ട തുകയാണിത്. പാര്‍ട്ട്‌ടൈം കണ്ടിന്‍ജന്റ് ജീവനക്കാര്‍ക്ക് ഉള്‍പ്പെടെ 5000 രൂപവീതം മുന്‍കൂറുണ്ടാകും. ഓഗസ്‌റ്റിലെ ശമ്പളവും, സെപ്‌തംബറിലെ പെന്‍ഷനും മുന്‍കൂറായി നല്‍കും. ഇത് 24, 25, 26 തീയതികളില്‍ വിതരണം പൂര്‍ത്തിയാക്കാനാണ് തീരുമാനം.