ശബരിമല പ്രവേശനം, അന്ന് അങ്ങനെ ഇന്ന് ഇങ്ങനെ, എന്തൊരു മറിമായം.

പത്തനംതിട്ട / അൻപത് വയസിനു താഴെയുള്ള സ്ത്രീകളെ ശബരിമലയിൽ ദർശനത്തിന് അനുവദിക്കില്ലെന്ന് കേരള പൊലീസ്. ശബരിമല ദർശനത്തിനായുള്ള ഓൺലൈൻ സംവിധാനമായ വിർച്വൽ ക്യൂ ബുക്കിംഗിനായുള്ള നിർദേശത്തിലാണ് കേരള പൊലീസ് ഇക്കാര്യം കിറുകൃത്യമായി വ്യക്തമാക്കിയിരിക്കുന്നത്. കേരള പൊലീസിന്റെ നിയന്ത്രണത്തിലുള്ള ശബരിമല ഓൺലൈൻ സർവീസസ് എന്ന വെബ്സൈറ്റിലാണ് ഇക്കാര്യമുള്ളത്.
മാർഗനിർദേശങ്ങൾ എന്ന ലിങ്കിലാണ് കൊവിഡ് മാർഗ നിർദേശത്തിന്റെ മൂന്നാതായി 50 വയസിനു താഴെയുള്ള സ്ത്രീകളെ ശബരിമലയിൽ ദർശനത്തിന് അനുവദിക്കില്ലെന്ന് ചേർത്തിയിരിക്കുന്നത്. 50 വയസിൽ താഴെയുള്ള സ്ത്രീകളെയോ മറ്റ് ലിംഗക്കാരെയോ, 65 വയസിന് മുകളിലുള്ള സ്ത്രീകളെയോ ശബരിമലയിൽ ദർശനത്തിന് അനുവദിക്കില്ല എന്നാണ് നിർദേശം ഉള്ളത്. 2019 ജനുവരി രണ്ടിനാണ് ബിന്ദു അമ്മിണിയും കനക ദുർഗയും ശബരിമലയിൽ ദർശനം നടത്തുന്നത്. പൊലീസ് സംരക്ഷണയിലായിരുന്നു ഇരുവരും അന്ന് ദർശനം നടത്തുന്നത്. അതേ കേരള പൊലീസ് തന്നെയാണ് ഒരു വർഷം കഴിയുമ്പോൾ 50 വയസിന് താഴെയുള്ള സ്ത്രീകളെ ദർശനത്തിന് അനുവദിക്കില്ല എന്ന പൊതു നിർദേശം വെച്ചിരിക്കുന്നത്. അന്ന് മുഖ്യമന്ത്രിയുടെ ഉത്തരവനുസരിച്ച് പോലീസ് സംരക്ഷണം ഒരുക്കുമെന്ന് പറഞ്ഞ പോലീസ്, ഇന്ന് ഇങ്ങനെ പറഞ്ഞിരിക്കുന്നു. ഈ തലകീഴ് മറിച്ചിലിനു കാരണം സാക്ഷാൽ ശബരിമല അയ്യപ്പനാണെന്നാണ് അയ്യപ്പസേവാസംഘം പറയുന്നത്. പിണറായി വിജയന്റെ മുന്നോട്ടുള്ള പോക്ക് അടിക്കടി താഴേക്കായതിനു കാരണവും തെറ്റായ ശബരിമല ഇടപെടലാണെന്ന് വിശ്വാസികൾ സ്ഥാപിക്കുകയാണ്.
ശബരിമല യുവതി പ്രവേശനം, വിശാല ബെഞ്ചിന് വിട്ടുകൊണ്ട് കഴിഞ്ഞ വർഷം നവംബർ 14ന് ആണ് സുപ്രീം കോടതി ഉത്തരവിട്ടത്.
ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ അദ്ധ്യക്ഷതയിലുള്ള ഭരണഘടന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. എന്നാൽ യുവതീപ്രവേശം അനുവദിച്ച വിധിക്ക് സ്റ്റേയുണ്ടോയെന്ന് വിധിയിൽ പരാമർശിച്ചിരുന്നില്ല.