പൊന്നമ്പലമേട്ടിലെ അനധികൃത പൂജ, ഹൈക്കോടതി സ്വമേധയാ കേസെടുത്തു
NewsKerala

പൊന്നമ്പലമേട്ടിലെ അനധികൃത പൂജ, ഹൈക്കോടതി സ്വമേധയാ കേസെടുത്തു

സര്‍ക്കാരിനോടും വിശദീകരണം തേടി

കൊച്ചി:പൊന്നമ്പലമേട്ടില്‍ കടന്നുകയറി അനധികൃതമായി പൂജ നടത്തിയ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സര്‍ക്കാരിനോടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും വിശദീകരണം തേടി. ദേവസ്വം ബെഞ്ചിന്റെതാണ് നടപടി. ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി.
പൊന്നമ്പലമേട്ടില്‍ കടന്നുകയറി അനധികൃതമായി പൂജ നടത്തിയ സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി നാരായണന്‍ അടക്കം ഒന്‍പത് പേര്‍ക്കെതിരെയാണ് മൂഴിയാര്‍ പൊലീസ് കേസെടുത്തത്. സംഘത്തിന് സഹായം ചെയ്ത വനം വികസന കോര്‍പ്പറേഷന്‍ ജീവനക്കാരായ രാജേന്ദ്രന്‍, സാബു എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇടനിലക്കാരന്‍ ചന്ദ്രശേഖരന്‍ കഴിഞ്ഞ ദിവസവും അറസ്റ്റിലായി. സംഭവത്തില്‍ പൊലീസും വനം വകുപ്പും കേസെടുത്തതോടെ പൂജ നടത്തിയ പ്രധാന പ്രതി നാരായണന്‍ ഒളിവിലാണ്. ഇയാളടക്കമുള്ള പ്രതികളെ കണ്ടെത്താനായി വനം വകുപ്പ് അന്വേഷണ സംഘം തമിഴ്‌നാട്ടില്‍ തെരച്ചില്‍ നടത്തുന്നുണ്ട്. പൊലീസിന്റെ സഹായത്തോടെ പ്രതികളുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷനും വനം വകുപ്പ് ശേഖരിച്ചിട്ടുണ്ട്.
ഈ മാസം എട്ടിനാണ് ആറംഗ സംഘം പൊന്നമ്പലമേട്ടില്‍ എത്തിയത്. തമിഴ്‌നാട്ടില്‍ നിന്നും വള്ളക്കടവ് വരെ ജീപ്പിലും അവിടെ നിന്ന് കെഎസ്ആര്‍ടിസി ബസിലും യാത്ര ചെയ്താണ് സംഘം പൊന്നമ്പലമേട്ടിലെത്തിയത്. സംഘത്തിലുള്ളവര്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് വിവരം പുറത്തായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

Related Articles

Post Your Comments

Back to top button