ശബരിമല വെര്‍ച്വല്‍ ക്യൂ സംവിധാനം ദേവസ്വം ബോര്‍ഡിന് കൈമാറും; തീരുമാനം ഹൈക്കോടതി വിധിയെ തുടര്‍ന്ന്
NewsKerala

ശബരിമല വെര്‍ച്വല്‍ ക്യൂ സംവിധാനം ദേവസ്വം ബോര്‍ഡിന് കൈമാറും; തീരുമാനം ഹൈക്കോടതി വിധിയെ തുടര്‍ന്ന്

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഏര്‍പ്പെടുത്തിയ വെര്‍ച്വല്‍ ക്യൂ സംവിധാനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കൈമാറും. പൊലീസ് ആവിഷ്‌കരിച്ച സംവിധാനത്തിന്റെ നടത്തിപ്പും നിയന്ത്രണവും അടക്കമാണ് ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കൈമാറുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് വെര്‍ച്വല്‍ ക്യൂ സംവിധാനം സംബന്ധിച്ച തീരുമാനം. വെര്‍ച്വല്‍ ക്യൂ സംവിധാനം ദേവസ്വം ബോര്‍ഡിന് കൈമാറണമെന്ന് ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍ ഹൈക്കോടതിക്ക് കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

തുടര്‍ന്ന് ഈ റിപ്പോര്‍ട്ട് പരിഗണിച്ച ഹൈക്കോടതിയിലെ ദേവസ്വം ബോര്‍ഡ് കേസുകള്‍ കേള്‍ക്കുന്ന ബെഞ്ച്, വെര്‍ച്വല്‍ ക്യൂ ബോര്‍ഡിന് കൈമാറാന്‍ ഈ വര്‍ഷം മെയിലാണ് ഉത്തരവിട്ടത്. മന്ത്രി കെ രാധാകൃഷ്ണന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് അഡ്വ. കെ അനന്തഗോപന്‍, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് തുടങ്ങിയവരും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തു. സാങ്കേതിക നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വെര്‍ച്വല്‍ ക്യൂ ദേവസ്വം ബോര്‍ഡിന് കൈമാറിയാലും സംവിധാനം നിയന്ത്രിക്കുന്നതിലും തീര്‍ഥാടകരുടെ സൂക്ഷ്മ പരിശോധന നടത്തുന്നതിലും പൊലീസ് തുടര്‍ന്നും സഹായിക്കും.

വെര്‍ച്വല്‍ ക്യൂ സുഗമമാക്കാന്‍ ബോര്‍ഡ് പ്രത്യേക സംവിധാനം നടപ്പാക്കും. ഐടി വിഭാഗം വിപുലീകരിക്കുകയും പൊലീസ് ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുകയും ചെയ്യം. ആവശ്യം വരുന്ന സാഹചര്യത്തില്‍ സാങ്കേതികമായും സഹായിക്കും. പമ്പ, നിലക്കല്‍ എന്നിവിടങ്ങളിലെ സ്ഥിരം പരിശോധനാ കേന്ദ്രം, സ്‌പോട്ട് ബുക്കിംഗ് കേന്ദ്രം എന്നിവ മാറ്റില്ല. ഉത്സവ സീസണുകളില്‍ 11 ഇടങ്ങളിലായി പൊലീസ് ക്രമീകരിച്ചിരിക്കുന്ന സ്‌പോട്ട് ബുക്കിംഗ് കേന്ദ്രങ്ങള്‍ ഇനി മുതല്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലായിരിക്കും. ആശ്യമായ അടിസ്ഥാന സൗകര്യ വികസനത്തിന് പൊലീസ് സഹായം നല്‍കും.

Related Articles

Post Your Comments

Back to top button