
കൊച്ചി: പറവൂരിലെ മജ്ലിസ് ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം സാൽമോണല്ല എന്റെറൈറ്റിഡിസ് ബാക്ടീരിയ ആണെന്ന് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. പഴകിയ ഇറച്ചി, മുട്ട എന്നിവയിൽ കൂടിയാണ് ഇത് ശരീരത്തിൽ പ്രവേശിക്കുക. പറവൂരിൽ മജ്ലിസ് ഹോട്ടലിൽ നിന്ന് 70 പേരാണ് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയത്.
മയോണൈസ്, അൽഫാം, മന്തി, പെരി പെരിമന്തി, മിക്സഡ് ഫ്രൈഡ് റൈസ് എന്നിവ കഴിച്ചവരിലാണ് ഭക്ഷ്യ വിഷബാധ ഉണ്ടായിട്ടുള്ളത്. മയോണൈസ് കഴിച്ചവരിലാണ് കൂടുതലും രോഗബാധ ഉണ്ടായിട്ടുള്ളത്. ഭക്ഷണം കഴിച്ച് 5-6 മണിക്കൂറിനു ശേഷമാണ് മിക്കവരിലും പനി, ഛർദ്ദി, വയറു വേദന , വയറിളക്കം, ഓക്കാനം തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടമായത്. കളമശ്ശേരി മെഡിക്കൽ കോളേജിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്.
ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് ഹോട്ടലിലെ പ്രധാന പാചകക്കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കാസർകോട് മൈപ്പാടി ഖാഷിദ് മൻസിലിൽ ഹസൈനാർ (50) ആണ് അറസ്റ്റിലായത്. പോലീസ് എഫ്.ഐ.ആറിൽ ലൈസൻസിയുടെ പേര് രേഖപ്പെടുത്തിയിട്ടില്ല. ഇയാൾ സംഭവത്തെ തുടർന്ന് ഒളിവിലാണ്. ഇയാളെ ഇതുവരെ പോലീസിന് പിടികൂടാനായിട്ടില്ല.
Post Your Comments