പൊതുവേദിയില്‍ സമസ്ത നേതാവ് വിദ്യാര്‍ഥിനിയെ അപമാനിച്ച സംഭവം: ബാലാവകാശ കമ്മിഷന് കേസ് എടുത്തു

തിരുവനന്തപുരം: പെരിന്തല്‍മണ്ണയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പൊതുവേദിയില്‍ അപമാനിച്ച സംഭത്തില്‍ ബാലാവകാശ കമ്മിഷന് കേസ് എടുത്തു. പെണ്‍കുട്ടിയെ പുരസ്കാരം നല്‍കാനായി ക്ഷണിച്ച സംഘാടകരെ സമസ്ത നേതാവ് ശകാരിച്ച സംഭവത്തിലാണ് നടപടി. പരിപാടിയുടെ സംഘാടകന്‍ എന്ന നിലയില്‍ സമസ്തയുടെ സെക്രട്ടറിയോട് കമ്മിഷന് വിശദീകരണം തേടി. രണ്ടാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കണം.
പെരിന്തല്‍മണ്ണയിലെ പൊലീസിനോടും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറോടും അടിയന്തര റിപ്പോര്‍ട്ടും കമ്മിഷന് ആവശ്യപ്പെട്ടു. മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലാണ് പെണ്‍കുട്ടിക്ക് അപമാനം നേരിടേണ്ടിവന്നത്. ആദ്യം സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പെണ്‍കുട്ടിയെ സംഘാടകര്‍ വേദിയിലേക്ക് ക്ഷണിച്ചു.
തുടര്‍ന്ന് പെണ്‍കുട്ടിയെത്തി സര്‍ട്ടിഫിക്കറ്റ് സ്വീകരിച്ചപ്പോള്‍ സമസ്ത നേതാവ് അബ്ദുല്ല മുസ്ലിയാര് ഇതിനെതിരെ രംഗത്തുവരികയായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് കേസ് എടുത്തിരിക്കുന്നത്. നടപടി പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് മന്ത്രി വീണാ ജോര്‍ജ് പ്രതികരിച്ചു.