സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്: അന്വേഷണം പൊലീസ് അവസാനിപ്പിക്കുന്നു
NewsKerala

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ്: അന്വേഷണം പൊലീസ് അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നു. മൂന്നരവര്‍ഷത്തിനുശേഷവും പ്രതിയെ കണ്ടെത്താനായില്ല. പെട്രോള്‍ ഒഴിച്ചാണ് തീയിട്ടതെന്ന വിവരത്തിനപ്പുറം മറ്റൊന്നും കണ്ടെത്താനായില്ല. ചിലതുകൂടി പരിശോധിച്ചശേഷം അന്വേഷണം അവസനിപ്പിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. 2018 ഒക്ടോബര്‍ 27ന് പുലര്‍ച്ചെയാണ് ആശ്രമത്തിന് തീപിടിച്ചനിലയില്‍ കണ്ടെത്തിയത്. ആശ്രമവളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു.

സംഭവം വിവാദമായതോടെ മുഖ്യമന്ത്രിയടക്കം ആശ്രമം സന്ദര്‍ശിക്കുകയും വലിയ രീതിയിലുള്ള അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ആറുമാസത്തോളം പൊലീസിന്റെ പ്രത്യേക സംഘം അന്വേഷിച്ചു. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ചിന്റെ തിരുവനന്തപുരത്തുള്ള പ്രത്യേക വിഭാഗമാണ് അന്വേഷണം നടത്തുന്നത്. എന്നാല്‍ അന്വേഷണം തുടങ്ങിയ മൂന്നുവര്‍ഷവും എട്ടുമാസവും പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനായില്ല.

പെട്രോള്‍ ഒഴിച്ചാണ് കത്തിച്ചതെന്ന് സ്ഥിരീകരിക്കാനല്ലാതെ വിരലടയാളമൊന്നും സംഭവസ്ഥലത്തുനിന്ന് കിട്ടിയില്ല. രാത്രി 12 മണിക്കുശേഷം നടന്നുവെന്ന് കരുതുന്ന സംഭവത്തില്‍ ഉള്‍പ്പെട്ട ആരെയും കണ്ടെത്താന്‍ സഹായിക്കുന്ന സിസിടിവി ദൃശ്യങ്ങളും ശേഖരിക്കാനായില്ല. അന്വേഷണം മരവിച്ചിട്ട് ഒരുവര്‍ഷത്തോളമായി. ഈ പശ്ചാത്തലത്തില്‍ ഏതാനും പരിശോധനകള്‍കൂടി നടത്തി തെളിവൊന്നും ലഭിച്ചില്ലെങ്കില്‍ അന്വേഷണം അവസാനിക്കാനുള്ള അനുമതിക്കായി കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

Related Articles

Post Your Comments

Back to top button