സഞ്ജിത് വധം: അറസ്റ്റിലായ പ്രതികളുടെ ദൃശ്യങ്ങള്‍ പുറത്ത്

പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത് വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഒറ്റപ്പാലം ചുനങ്ങാട് സ്വദേശി നിഷാദ് എന്ന നിസാറാണ് പിടിയിലായത്. പിടിയിലായ പ്രതികളുടെ പേരുവിവരങ്ങള്‍ ഫോട്ടോ സഹിതം പോലീസ് പുറത്തുവിട്ടു. കേസില്‍ മൂന്നാം പ്രതിയും അറസ്റ്റിലായതിന് പിന്നാലെയാണ് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിട്ടത്.
മൂന്ന് പേരും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളാണെന്ന് പാലക്കാട് എസ്പി ആര്‍. വിശ്വനാഥ് അറിയിച്ചു. കേസില്‍ മറ്റുപ്രതികളെ ഉടന്‍പിടികൂടുമെന്ന് എസ്പി വ്യക്തമാക്കി. കൃത്യത്തിന് ശേഷം പ്രതികളെ ആലത്തൂരില്‍ നിന്ന് ഒറ്റപ്പാലത്തേക്ക് ഓട്ടോറിക്ഷയില്‍ രക്ഷപ്പെടാന്‍ സഹായിച്ചത് ഇയാളാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഗൂഡാലോചനയിലും നിസാറിന് പങ്കുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കഴിഞ്ഞ ജൂലൈയില്‍ എലപ്പുള്ളി പട്ടത്തലച്ചിയില്‍ വെട്ടേറ്റ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സക്കീര്‍ ഹുസൈന്റെ ബന്ധുവാണ് ഇയാള്‍.
പോപ്പുലര്‍ഫ്രണ്ട് യൂണിറ്റ് ഭാരവാഹിയാണ് നിസാറെന്നും പോലീസ് വ്യക്തമാക്കി. കൃത്യം നിര്‍വഹിച്ച ശേഷം പ്രതികള്‍ ആലത്തൂരിലെത്തുകയും ഇവിടെനിന്നും ഒറ്റപ്പാലത്തേക്ക് ഓട്ടോറിക്ഷയില്‍ രക്ഷപ്പെടുകയുമായിരുന്നു. ഈ ഓട്ടോറിക്ഷ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കേസില്‍ നേരത്തെ അറസ്റ്റിലായവരുടെ പേരുകളും പോലീസ് പുറത്തുവിട്ടു.
കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി ജാഫര്‍ സിദ്ദിഖ്, നെന്മാറ അടിപെരണ്ട സ്വദേശി അബ്ദുള്‍ സലാം എന്നിവരുടെ പേരുകളാണ് പുറത്തുവിട്ടത്. കൊലപാതകികള്‍ സഞ്ചരിച്ച വാഹനം ഓടിച്ചത് അബ്ദുള്‍ സലാമാണ്. സഞ്ജിത്തിനെ വെട്ടിയ നാല് പേരില്‍ ഒരാളാണ് ജാഫര്‍. കൃത്യത്തില്‍ പങ്കെടുത്ത മൂന്ന് പേരും രക്ഷപ്പെടാന്‍ സഹായിച്ച രണ്ടു പേരും ഇനി പിടിയിലാകാനുണ്ട്. ഗൂഢാലോചന സംബന്ധിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.