
മുംബൈ: ഒറ്റത്തവണ നിക്ഷേപിച്ച് മാസംതോറും വരുമാനം ലഭിക്കുന്ന എസ് ബി ഐ യുടെ ആന്വിറ്റി ഡെപ്പോസിറ്റ് സ്കീം. രാജ്യത്ത് സ്ഥിര താമസമുള്ളതും എസ് ബി ഐ അക്കൗണ്ട് ഉള്ള ഏത് ഇന്ത്യൻ പൗരനും നിക്ഷേപം നടത്താം.
എത് ബ്രാഞ്ചിൽ നിക്ഷേപം നടത്താനും ഏത് ബ്രാഞ്ചിലേക്കും ആന്വിറ്റി ഡെപ്പോസിറ്റ് മാറ്റാനും സാധിക്കും. 36, 60, 84, 120 എന്നിങ്ങനെ നാല് തരം മാസങ്ങളുടെ കാലാവധിയിലും ചേരാം.
മൂന്ന് വർഷ പദ്ധതിയിൽ ചേരുന്ന നിക്ഷേപകൻ ചുരുങ്ങിയ തുകയായി 36,000 രൂപ ആന്വിറ്റി ഡെപ്പോസിറ്റ് പദ്ധതിയിലേക്ക് നിക്ഷേപിക്കണം.
നിക്ഷേപിക്കുന്ന തുകയും പലിശയും ചേർന്നുള്ള തുകയാണ് മാസത്തിൽ ലഭിക്കുന്നത്. ചുരുങ്ങിയത് 1000 രൂപ നിക്ഷേപകന് ലഭിക്കും.
നിക്ഷേപത്തിന് ഉയർന്ന പരിധിയില്ല. എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാം. ഫിക്സഡ് ഡെപ്പോസിറ്റിന്റെ പലിശ നിരക്ക് തന്നെയാണ് എസ്.ബി.ഐ ആന്വിറ്റി നിക്ഷേപങ്ങൾക്കും ലഭിക്കുന്നത്.
നിലവിൽ 5.45 ശതമാനമാണ് പലിശ. 60 വയസ് കഴിഞ്ഞ നിക്ഷേപകർക്ക് 5.95 ശതമാനം പലിശ ലഭിക്കും. അഞ്ച് വർഷത്തിനും പത്ത് വർഷത്തിനും ഇടയിലുള്ള നിക്ഷേപത്തിന് 5.50 ശതമാനം പലിശയും മുതിർന്ന പൗരന്മാർക്ക് 6.30 ശതമാനം പലിശയും ലഭിക്കും.
പദ്ധതി പ്രകാരം 15 ലക്ഷം വരെയുള്ള നിക്ഷേപങ്ങൾക്ക് കാലവധിക്ക് മുൻപുള്ള പിൻവലിക്കൽ അനുവദിക്കും.
ഇത്തരത്തിൽ പിൻവലിക്കൽ നടത്തുമ്പോൾ ടേം ഡെപ്പോസിറ്റിന് ബാധകമായ പിഴ ഈടാക്കും. എന്നാൽ, ആന്വിറ്റി ഡെപ്പോസിറ്റ് ഉടമ മരണപ്പെട്ടാൽ നിബന്ധനകളില്ലാതെ പണം പിൻവലിക്കാൻ കഴിയുന്നതാണ്.
നിക്ഷേപകന് പലിശയോടൊപ്പം നിക്ഷേപത്തിന്റെ ഒരു ഭാഗവും മാസത്തിൽ തിരികെ ലഭിക്കുന്നതിനാൽ, കാലാവധി കഴിഞ്ഞ ശേഷം തിരികെ പണം ലഭിക്കില്ല.
Post Your Comments