സ്‌കൂള്‍ സമയം മാറ്റുന്നതില്‍ ആര്‍ക്കാണ് പ്രശ്‌നം..?
NewsKeralaLocal NewsEducation

സ്‌കൂള്‍ സമയം മാറ്റുന്നതില്‍ ആര്‍ക്കാണ് പ്രശ്‌നം..?

സ്‌കൂള്‍ സമയക്രമങ്ങളില്‍ മാറ്റം വരുത്തുന്നതിനെ പറ്റിയാണ് ചര്‍ച്ച… സമയം രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയാക്കാനാണ് ഖാദര്‍ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. പുതിയ രീതി നടപ്പായാല്‍ സംസ്ഥാനത്ത് മതവിദ്യാഭ്യാസം ഇല്ലാതാകുമെന്നാണ് പ്രധാന ആരോപണം. വഖഫ് വിഷയത്തിലേത് പോലെ സര്‍ക്കാരിന് അബദ്ധം പറ്റരുതെന്നും തീരുമാനം എടുക്കുന്നതിനു മുന്‍പ് എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച നടത്താന്‍ തയ്യാറാകണമെന്നുമാണ് സംഘടനകള്‍ മുന്നോട്ട് വെക്കുന്ന ആവശ്യം. യഥാര്‍ത്ഥത്തില്‍ സമയക്രമം മാറ്റിയാല്‍ അത് ആരെയെങ്കിലും ബാധിക്കുമോ…. മാറ്റുന്നതില്‍ ആര്‍ക്കാണ് ഇത്ര…എതിര്‍പ്പ്… മാറ്റിയാല്‍ എന്തു സംഭവിക്കും…

കേരളത്തിലെ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പൊതു വിദ്യാഭ്യാസരംഗത്ത്.. സാമൂഹ്യനീതി, അവസരതുല്യത, ഗുണമേന്മ എന്നിവ ഉറപ്പുവരുത്തുന്നതിനും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ സമഗ്ര നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുവേണ്ടി കേരളസര്‍ക്കാര്‍ കൊണ്ടുവന്ന വിദഗ്ധ സമിതിയാണ് ഖാദര്‍ വിദഗ്ധ സമിതി. വിദ്യാഭ്യാസ വിദഗ്ധനും എസ്‌സിഇആര്‍ടി മുന്‍ ഡയറക്ടറുമായ പ്രൊഫ. എം.എ. ഖാദര്‍ അധ്യക്ഷനായ മൂന്നംഗ വിദഗ്ധസമിതിയാണിത്. ഒട്ടേറെ സിറ്റിങ്ങുകള്‍ നടത്തി കമ്മിറ്റി നല്‍കിയ ആദ്യ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പ്ലസ് ടുവിനെയും ഹൈസ്‌കൂളിനയും ഒരു യൂണിറ്റാക്കി മാറ്റിയത്.

ഇപ്പോള്‍ കമ്മിറ്റി സമര്‍പ്പിച്ച രണ്ടാമത്തെ റിപ്പോര്‍ട്ടിലാണ് സംസ്ഥാനത്തെ സ്‌കൂളുകളില്‍ പഠനസമയം രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയാക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. നാലര വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്ന കമ്മിറ്റിയുടെ കാലാവധി ഈ മാസം 30ന് അവസാനിക്കാനിരിക്കെയാണ് കമ്മിറ്റി മുഖ്യമന്ത്രിക്ക് അന്തിമ റിപ്പോര്‍ട്ട് കൈമാറിയത്. കുട്ടികള്‍ക്ക് പഠിക്കാന്‍ പറ്റിയ സമയം രാവിലെയാണെന്നും ഉച്ചയ്ക്ക് ശേഷം കായിക പഠനങ്ങള്‍ക്ക് കൊടുക്കണമെന്നുമാണ് റിപ്പോര്‍ട്ടില്‍ ഒന്നാമതായി പ്രതിപാദിക്കുന്നത്. റിപ്പോര്‍ട്ടിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഇതിനോടകം പല സംഘടനകളും ഉയര്‍ത്തിക്കഴിഞ്ഞു.

കേരള വിദ്യാഭ്യാസ ചട്ടം അനുസരിച്ച് ജനറല്‍ സ്‌കൂളുകളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെയും മുസ്ലിം സ്‌കൂളുകളില്‍ രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെയുമാണ് നിലവിലെ പഠന സമയം. 2007 ലെ സര്‍ക്കാര്‍ സകൂള്‍ സമയമാറ്റ നിര്‍ദേശം കൊണ്ടുവന്നപ്പോള്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെയും മറ്റു മുസ്ലിം സംഘടനകളുടെയും ശക്തമായ എതിര്‍പ്പ് കാരണം അത് ഉപേക്ഷിക്കുകയാണുണ്ടായത്. നിലവില്‍ പുതിയ സമയ ക്രമത്തിനെതിരെ കടുത്ത പ്രതിഷേധത്തിലാണ് സമസ്തയും മുസ്ലീം ലീഗും. പുതിയ രീതി നടപ്പായാല്‍ സംസ്ഥാനത്ത് മതവിദ്യാഭ്യാസം ഇല്ലാതാകുമെന്നും അതിനാല്‍ തീരുമാനം എടുക്കുന്നതിനു മുന്‍പ് എല്ലാ വിഭാഗങ്ങളുമായും ചര്‍ച്ച നടത്താന്‍ തയ്യാറാകണമെന്നുമാണ് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കിയത്.

ഈ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീരുമാനം അംഗീകരിക്കില്ലെന്നും ഇത് അടിച്ചേല്‍പ്പിക്കാന്‍ സിപിഎം ശ്രമിച്ചാല്‍ വിലപ്പോകില്ലെന്നും പികെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ലീഗിന്റെയും സമസ്തയുടെയും നിലപാട് തള്ളിക്കൊണ്ട് രംഗത്തുവന്നിരിക്കുകയാണ് ബിജെപി. സ്‌കൂള്‍ പ്രവര്‍ത്തന സമയം നിശ്ചയിക്കേണ്ടത് മതസംഘടനയെല്ലന്നാണ് ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി. രമേശ് വ്യക്തമാക്കിയത്. എന്നാല്‍ ഈ ഒരു സമയക്രമം നടപ്പാക്കുന്നതിലൂടെ കുട്ടികളുടെ സുരക്ഷിതത്വം അവതാളത്തിലാവുകയാണെന്നും, കേരളത്തിലെ പല രക്ഷിതാക്കളും കുട്ടികളെ സ്‌കൂളില്‍ അയച്ച ശേഷമാണ് ജോലിക്ക് പോകുന്നതെന്നും, തിരിച്ചു വരുമ്പോഴാണ് പലരും കുട്ടികളെ കൂട്ടുന്നതെന്നും. അല്ലെങ്കില്‍ രക്ഷിതാക്കള്‍ കുട്ടികള്‍ എത്തുമ്പോഴേക്കും വീടെത്തുന്നവരായിരിക്കണമെന്നുമാണ് എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്ലിയ പറയുന്നത്.

പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ സ്‌കൂള്‍ സമയ മാറ്റം ചര്‍ച്ച നടത്തിയേ തീരുമാനമെടുക്കുയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അറിയിച്ചിട്ടുണ്ട്. സ്‌കൂള്‍ സമയ മാറ്റത്തില്‍ ആദ്യമേ സമ്മര്‍ദ്ദം ഉണ്ടാക്കേണ്ട കാര്യമില്ലെന്നും എല്ലാമേഖലയിലും ചര്‍ച്ചകള്‍ നടത്തിയേ നിലപാട് എടുക്കുവെന്നും, നിലവില്‍ തീരുമാനങ്ങള്‍ ഒന്നുമായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.. പൊരുത്തപ്പെടാന്‍ ആവാത്ത നിലപാടുകള്‍ എടുക്കുമ്പോള്‍ സമൂഹം അതിനെ എതിര്‍ത്തേക്കാം.. എന്നാല്‍ പുതിയ കാലത്ത്.. പുതിയ സമൂഹത്തിനായി ചില തീരുമാനങ്ങള്‍ എടുക്കേണ്ടി വരും…നടപ്പാക്കേണ്ടിവരും.. അതിനാല്‍ നല്ലതിലേക്ക് നയിക്കുന്നതിനെ പല താല്‍പര്യങ്ങളാല്‍ മുടക്കുന്നത് നല്ലതല്ല…

Related Articles

Post Your Comments

Back to top button