'കാലനും കഞ്ചനു'മായി തിറയാട്ടം: വേറിട്ട നാട്ടുപാട്ടരങ്ങൊരുക്കി അഥീന
NewsLocal News

‘കാലനും കഞ്ചനു’മായി തിറയാട്ടം: വേറിട്ട നാട്ടുപാട്ടരങ്ങൊരുക്കി അഥീന

കണ്ണൂര്‍: ‘കാലമായോരെ കയറില്‍ കുരുക്കി തെക്കോട്ടെടുക്കും കരിങ്കാലന്‍.. കാലാ കാലാകാല….’ എന്നു തുടങ്ങുന്ന വരികളിലൂടെ കാലനും കഞ്ചനും അരങ്ങ് കീഴടക്കുന്നു. കണ്ണൂര്‍ മയ്യില്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മയ്യില്‍ അഥീന നാടക – നാട്ടറിവ് വീട് അരങ്ങിലെത്തിക്കുന്ന തിറയാട്ടം നാടന്‍ പാട്ട് മേളയിലാണ് ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിനായി ‘കാലനും കഞ്ചനും ‘എന്ന പേരില്‍ ദൃശ്യാവിഷ്‌കാരം വേദികളില്‍ അവതരിപ്പിക്കുന്നത്. ഉത്തര മലബാറിലെ നാടന്‍ പാട്ടു സമിതികളുടെ പാട്ടരങ്ങുകളുടെ പതിവു രീതികളില്‍ നിന്നും വ്യത്യസ്തമായി ഉത്സവഛായയുള്ള ദൃശ്യാവിഷ്‌കാരങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് തിറയാട്ടം അവതരിപ്പിക്കപ്പെടുന്നത്.

പത്തിലധികം ദൃശ്യാവിഷകാരങ്ങളും ഇരുപതിലേറെ കലാരൂപങ്ങളുമായി അരങ്ങിലെത്തുന്ന തിറയാട്ടം നാടന്‍ പാട്ടുമേളയില്‍ ആസ്വാദനത്തിനപ്പുറം ചിന്തകള്‍ ഉണര്‍ത്തുന്ന ഇനങ്ങള്‍ കൂടി വേണമെന്ന ആലോചനയിലാണ് കാലനും കഞ്ചനും ദൃശ്യാവിഷ്‌കാരം പിറക്കാനിടയായതെന്ന് സാംസ്‌കാരിക വകുപ്പ് വജ്ര ജൂബിലി ഫെലോഷിപ്പ് ജേതാവും അഥീനയുടെ പ്രസിഡണ്ടുമായ ദില്‍ന കെ തിലക് പറഞ്ഞു.
ഈ കാലഘട്ടം ഏറ്റവും ശ്രദ്ധ ചെലുത്തേണ്ട വിഷയം എന്ന നിലയിലാണ് ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിനായി നാടന്‍ പാട്ടില്‍ക്കൂടി ഒരു ശ്രമം നടത്തുന്നതെന്ന് ഫോക് ലോര്‍ അവാര്‍ഡ് ജേതാവ് റംഷി പട്ടുവം പറയുന്നു.


കാലന്‍ അരങ്ങിലെത്തി തന്റെ ഇരയെ തിരയുകയും ന്യൂജന്‍ ലഹരി അടിമയായ വിദ്യാര്‍ത്ഥിയെ സദസില്‍ നിന്നും കണ്ടെത്തി വിചാരണ നടത്തി യമപുരിയിലേക്ക് കൊണ്ടുപോകുന്നതോടൊപ്പം സദസിന് ലഹരി വിരുദ്ധ സന്ദേശം കൈമാറുന്ന ലഘു ലേഖ വിതരണവും ചെയ്യുന്നു. രാധാകൃഷ്ണന്‍ പട്ടാന്നൂരിന്റെ രചനയില്‍ വജ്ര ജൂബിലി ഫെലോഷിപ്പ് ജേതാവും ഗായകനുമായ ശരത്കൃഷ്ണ സംഗീതം നല്‍കി റംഷി പട്ടുവം, ജിത്തു കൊടക്കാട്, ശ്രീത്തു ബാബു എന്നിവരാണ് ആലപിക്കുന്നത്.
നാടക പ്രവര്‍ത്തകനും സിനിമാ നടനുമായ അനുരാഗ് സതീഷ്, ഇടൂഴി മാധവന്‍ നമ്പൂതിരി സ്മാരക ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി വിധുന്‍ പി. കോറളായിയുമാണ് കാലനും കഞ്ചനുമായി വേഷമിടുന്നത്. കലാസംവിധായകനും കൊറിയോഗ്രാഫറുമായ സന്തോഷ് കരിപ്പൂല്‍, നന്ദു ഒറപ്പടി എന്നിവരാണ് രംഗഭാഷ്യം ഒരുക്കിയത്.

Related Articles

Post Your Comments

Back to top button