രഹസ്യമൊഴി പൊതുരേഖയല്ല: സ്വപ്‌നയുടെ രഹസ്യമൊഴി പകര്‍പ്പ് വേണമെന്ന സരിതയുടെ ആവശ്യം ഹൈക്കോടതി തള്ളി
NewsKerala

രഹസ്യമൊഴി പൊതുരേഖയല്ല: സ്വപ്‌നയുടെ രഹസ്യമൊഴി പകര്‍പ്പ് വേണമെന്ന സരിതയുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് വേണമെന്നാവശ്യപ്പെട്ട് സരിത നായര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ സ്വപ്‌ന നല്‍കിയ മൊഴിയില്‍ തനിക്കെതിരെയും പരാമര്‍ശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സരിത കോടതിയെ സമീപിച്ചത്.

എന്നാല്‍ രഹസ്യമൊഴി പൊതുരേഖയല്ലെന്ന കണ്ടെത്തലോടെ ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ച് സരിതയുടെ ഹര്‍ജി തള്ളി. കേസുമായി ഒരു ബന്ധവുമില്ലാത്ത ആള്‍ക്ക് രഹസ്യമൊഴിയുടെ പകര്‍പ്പ് എങ്ങിനെ ആവശ്യപ്പെടാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു. സ്വപ്‌ന സുരേഷ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴി വേണമെന്ന് സരിത ആവശ്യപ്പെട്ടത് കേസില്‍ കുറ്റാരോപിതനായ ഒരു ഉന്നതന് വേണ്ടിയാണെന്ന ആരോപണമുയര്‍ന്നിരുന്നു.

സ്വര്‍ണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇഡി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇഡി അന്വേഷണം അട്ടിമറിയ്ക്കാന്‍ ശ്രമിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഇഡി കേസിന്റെ വിചാരണ മാറ്റാന്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌ന നല്‍കിയ രഹസ്യമൊഴി സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനൊരുങ്ങുകയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

Related Articles

Post Your Comments

Back to top button