വിഭാഗീയത സംഘര്‍ഷമായി; സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കാര്‍ തല്ലിപ്പൊളിച്ചു
ആലപ്പുഴ: സിപിഎം പാര്‍ട്ടി സമ്മേളനത്തില്‍ രൂപംകൊണ്ട കടുത്ത വിഭാഗീയതയെ തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ അക്രമസംഭവങ്ങള്‍. രാമങ്കരിയില്‍ പാര്‍ട്ടി നേതാവിന്റെ വാഹനത്തിന് നേരെ ആക്രമണം. കഴിഞ്ഞദിവസം രാത്രി രാമങ്കരി ബ്രാഞ്ച് സെക്രട്ടറി ശരവണന്റെ വീട്ടിലെത്തിയ അക്രമിസംഘം നിര്‍ത്തിയിട്ടിരുന്ന ബൈക്ക് പെട്രോളൊഴിച്ച് കത്തിച്ചു.
12 അംഗ അക്രമിസംഘത്തിന്റെ ആക്രമണത്തില്‍ ശരവണന്‍, ഡിവൈഎഫ്ഐ മേഖല പ്രസിഡന്റ് രഞ്ജിത് എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ കാറില്‍ സഞ്ചരിക്കവെയായിരുന്നു ആക്രമണം. കാര്‍ വഴിയില്‍ തടഞ്ഞശേഷം അടിച്ചുതകര്‍ക്കുകയായിരുന്നു. ശരവണന്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് തമ്മിലടിച്ചതിനാല്‍ മുന്‍പ് രാമങ്കരി ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ പത്ത് ബ്രാഞ്ച് സമ്മേളനങ്ങള്‍ നടത്താനായില്ല. ആക്രമണത്തിനിരയായവര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.