യാത്രക്കാര്‍ക്ക് മികച്ച കണക്ടിവിറ്റിയൊരുക്കുക എന്നതായിരുന്നു റെയില്‍വേ സ്റ്റേഷനുകളിലെ സൗജന്യ വൈഫൈക്ക് പിന്നിലെ ഉദ്ദേശ്യം. എന്നാല്‍ പോണ് കാണാനും ഡൗണ്‍ലോഡ് ചെയ്യാനുമാണ് ഇതിപ്പോള്‍ കൂടുതലായി ഉപയോഗിക്കുന്നതെന്ന് റെയില്‍ടെല്‍ പറയുന്നു. സൗത്ത് സെന്‍ട്രല്‍ റെയില്‍വേക്ക്(എസ്സിആര്) കീഴിലുള്ള സെക്കന്തരബാദിലാണ് ഏറ്റവുമധികം ലൈംഗിക ഉള്ളടക്കങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഹൈദരാബാദ്, വിജയവാഡ, തിരുപ്പതി സ്റ്റേഷനുകളാണ് പിന്നില്‍.
സെക്കന്തരബാദിലും വിജയവാഡയിലും സെര്‍ച്ചുകളുടെയും ഡൗണ്‍ലോഡുകളുടെയും 35 ശതമാനം പോണോഗ്രഫിയാണെന്ന് റെയില്‍ടെല്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇവരാണ് റെയില്‍വേക്ക് ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനം നല്‍കുന്നത്. യാത്രക്കാര്‍ക്ക് ആദ്യ 30 മിനിറ്റ് മാത്രമാണ് വൈഫൈ സൗജന്യമായി ഉപയോഗിക്കാനാവുക. ഈ സമയപരിധിക്ക് ശേഷം തുടര്‍ന്ന് ഉപയോഗിക്കണമെങ്കില്‍ പണം നല്‍കണം. കുറഞ്ഞ ഇന്റര്‍നെറ്റ് ബാന്റ് വിഡ്ത്തിനെക്കുറിച്ചുള്ള ആശങ്കകള്‍ പഴിക്കുന്നത് സൗജന്യ വൈഫൈയുടെ ദുരുപയോഗത്തെയാണ്.
ഇതിനിടെ 588 സ്റ്റേഷനുകളില്‍കൂടി ഇന്റര്‍നെറ്റ് സേവനം നല്കാന് സൗത്ത് സെന്‍ട്രല്‍ റെയില്‍വേ നോക്കുന്നുണ്ട്. നൂറ് കണത്തിന് പോണ് സൈറ്റുകള്‍ വിലക്കിയിട്ടുണ്ടെങ്കിലും ഇതുവരെ കരിമ്പട്ടികയില്‍ പെടുത്താത്ത ചില വെബ്സൈറ്റുകളിലേക്കുള്ള പ്രവേശനവും വിപിഎനും ഉപയോഗിച്ചാണ് നീലച്ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതെന്ന് മുതിര്‍ന്ന റെയില്‍ടെല്‍ ഉദ്യോഗസ്ഥന് പറഞ്ഞു.
പോണ് ഡൗണ്‍ലോഡുകളുടെ കാര്യത്തില്‍ മാത്രമല്ല തെലങ്കാനയിലെ സെക്കന്തരബാദ് മുന്നിലുള്ളത്. എസ്സിആറില് ഉപയോഗിക്കുന്നവരുടെയും ഡാറ്റ ഉപയോഗത്തിന്റെയും കണക്കില്‍ ഒന്നാമതാണ്.
Post Your Comments