കാലിക്കറ്റ് സര്‍വകലാശാല പരിസരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം; സുരക്ഷാ ജീവനക്കാരന്‍ അറസ്റ്റില്‍
NewsKerala

കാലിക്കറ്റ് സര്‍വകലാശാല പരിസരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം; സുരക്ഷാ ജീവനക്കാരന്‍ അറസ്റ്റില്‍

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല പരിസരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു. താത്ക്കാലിക സുരക്ഷാ ജീവനക്കാരന്‍ മണികണ്ഠന്‍ അറസ്റ്റിലായി. യൂണിവേഴ്‌സിറ്റിയോട് ചേര്‍ന്നുള്ള കാടുപിടിച്ചു കിടന്ന സ്ഥലത്താണ് പീഡനം നടന്നത്. ഡ്യൂട്ടി സമയത്തായിരുന്നു മണികണ്ഠന്‍ പെണ്‍കുട്ടിയോട് അതിക്രമം കാട്ടിയത്. വള്ളിക്കുന്ന് സ്വദേശിയായ മണികണ്ഠനെ തേഞ്ഞിപ്പാലം പൊലീസാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം സമീപത്തെ സ്‌കൂളില്‍ പഠിക്കുന്ന മൂന്ന് വിദ്യാര്‍ഥികള്‍ സര്‍വകലാശാലയ്ക്ക് സമീപമുള്ള പീഡനം നടന്ന സ്ഥലത്തുകൂടി നടന്നുപോയിരുന്നു. ഇത് ചോദ്യം ചെയ്ത മണികണ്ഠന്‍ പാടില്ലെന്ന് പറഞ്ഞ് പെണ്‍കുട്ടികളെ പറഞ്ഞയച്ചു. തുടര്‍ന്ന് ഇതിലൊരു പെണ്‍കൂട്ടിയെ തിരിച്ചുവിളിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ദീര്‍ഘകാലമായി യൂണിവേഴ്‌സിറ്റിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ സുരക്ഷാ ജവനക്കാരനായി ജോലി ചെയ്തുവരികയാണ് മണികണ്ഠന്‍.

ഡ്യൂട്ടിയിലുള്ള സമയത്ത് യൂണിഫോമിലാണ് അതിക്രമം കാണിച്ചത്. 12 വയസുള്ള പെണ്‍കുട്ടിയാണ് പീഡനനത്തിന് ഇരയായതെന്നാണ് വിവരം. പ്രതിക്കെതിരെ പൊലീസ് പോക്‌സോ ചുമത്തി. കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് ചുറ്റും കാടുപിടിച്ച നിരവധി സ്ഥലങ്ങളുണ്ട്. മണികണ്ഠനെ ജോലിയില്‍നിന്ന് പിരിച്ചുവിടുമെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചു.

Related Articles

Post Your Comments

Back to top button