CrimeHealthKerala NewsNews

ലൈംഗീക അധിക്ഷേപം, കക്കൂസ് കഴുകിക്കല്‍: ആലപ്പുഴ എസ്എച്ച് നഴ്‌സിങ്ങ് കോളേജില്‍ നടക്കുന്നത് കൊടിയ പീഡനം

ആലപ്പുഴ: ചേര്‍ത്തല എസ്എച്ച് നഴ്‌സിങ് കോളേജ് വൈസ് പ്രിന്‍സിപ്പലിനെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാര്‍ത്ഥികള്‍. വൈസ് പ്രിന്‍സിപ്പല്‍ ലൈംഗീക അധിക്ഷേപം വരെ നടത്തിയെന്നാണ് ആരോഗ്യ സര്‍വ്വകലാശാലയ്ക്ക് നഴ്‌സിങ് കൗണ്‍സില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കുട്ടികള്‍ ഒരുമിച്ച് നടക്കുകയോ പഠുക്കുകയോ ചെയ്യുന്നത് കണ്ടാല്‍ കുട്ടികള്‍ തമ്മില്‍ സ്വവര്‍ഗ ലൈംഗിക ബന്ധമാണെന്ന് വൈസ് പ്രിന്‍സിപ്പല്‍ ചിത്രീകരിക്കുന്നതായി കുട്ടികളുടെ പരാതി റിപ്പോര്‍ട്ടിലുണ്ട്.

അധ്യാപകരുടെ ചെരിപ്പും ഓപ്പറേഷന്‍ തിയേറ്ററിലെ കക്കൂസും വരെ വിദ്യാര്‍ത്ഥികളെക്കൊണ്ട് വൃത്തിയാക്കിക്കുന്നുവെന്നും വീട്ടില്‍പ്പോകാന്‍ പോലും അനുവദിക്കാറില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. നഴ്‌സിങ് ആന്‍ഡ് മിഡൈ്വസ് കൗണ്‍സില്‍ നടത്തിയ തെളിവെടുപ്പിലാണ് മൂന്ന്, നാല് വര്‍ഷ വിദ്യാര്‍ത്ഥികള്‍ പരാതി പറഞ്ഞത്. ഇവിടെ ജയിലിന് സമമാണ് എന്നാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മറ്റന്നാള്‍ നഴ്‌സിങ് കൗണ്‍സിലും ആരോഗ്യസര്‍വ്വകലാശാലയും ഉള്‍പ്പടെ പങ്കെടുത്ത് യോഗം നടക്കും.

‘ഒരുമിച്ച് പഠിക്കുന്നത്, സംസാരിക്കുന്നത്, നടക്കുന്നത്, ഇതൊന്നും കാണാന്‍ പാടില്ല. കണ്ടാല്‍ അത് വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സ്വവര്‍ഗ ലൈംഗിക ബന്ധമായി വൈസ് പ്രിന്‍സിപ്പല്‍ ചിത്രീകരിക്കും. വസ്ത്രത്തില്‍ ചുളിവുകള്‍ കണ്ടാലും ഇതേ സ്ഥിതി’. ക്ലിനിക്കല്‍ ഡ്യൂട്ടിയിലുള്ള കുട്ടികള്‍ ലേബര്‍ റൂമിലെയും സര്‍ജിക്കല്‍ വാര്‍ഡിലെയും ഓപ്പറേഷന്‍ തിയേറ്ററിലെയും വരെ വാഷ്‌ബേസിനുള്‍പ്പടെ ടോയ്‌ലറ്റ് വൃത്തിയാക്കണം. അവധി ദിനത്തില്‍പ്പോലും പുറത്തോ വീട്ടിലോ പോവാനാവില്ല. പോയാല്‍ പിഴ ഈടാക്കും.

ദിവസേന നിര്‍ബന്ധമായും പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുക്കണം. മൊബൈല്‍ ഫോണ്‍ അനുവദിച്ചിരിക്കുന്നത് ഒരു മണിക്കൂര്‍ മാത്രം, ഹോസ്റ്റല്‍ മുറി തിങ്ങിനിറഞ്ഞതില്‍ പരാതി പറഞ്ഞാല്‍ പിന്നെ ഇരുട്ടുമുറിയിലേക്ക് മാറ്റും. ആഭ്യന്തര സെല്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല ഇങ്ങനെ നിരവധി പ്രശ്‌നങ്ങളാണ് ഇവിടെയുള്ളത്.

യോഗത്തിന് ശേഷം നിയമ നടപടിയിലേക്ക് നീങ്ങുമെന്നാണ് കൗണ്‍സില്‍ പറയുന്നത്. എന്നാല്‍ ആരോപണങ്ങള്‍ തുറന്ന് പറയാന്‍ കുട്ടികള്‍ക്ക് ഭയമാണ്. നഴ്‌സസ് കൗണ്‍സിലിന് ഒരു വിദ്യാര്‍ത്ഥി മെസേജ് അയച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

Related Articles

Back to top button