Latest NewsNationalNews

റിപ്പബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രിയെ തടയുന്നവര്‍ക്ക് 10 ലക്ഷം ഡോളര്‍ സമ്മാനവുമായി എസ്എഫ്‌ജെ

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ പ്രധാനമന്ത്രിയെ തടയുന്നവര്‍ക്ക് 10 ലക്ഷം ഡോളര്‍ സമ്മാനത്തുക പ്രഖ്യാപിച്ച് സിഖ്സ് ഫോര്‍ ജസ്റ്റിസ് (എസ്എഫ്‌ജെ). മോദിയെയും ത്രിവര്‍ണ പതാക ഉയര്‍ത്തലും തടയുന്നതോടൊപ്പം ഖലിസ്ഥാന്‍ കൊടി ഉയര്‍ത്തുകയും വേണം. സമാധാനപരമായി നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ നുഴഞ്ഞുകയറാന്‍ ഖലിസ്ഥാന്‍ സംഘടനയായ എസ്എഫ്ജെ പല രീതിയില്‍ ശ്രമം നടത്തുകയാണ്.

ഫേസ്ബുക്കില്‍ എസ്എഫ്‌ജെ തലവന്‍ ഗുര്‍പത് വന്ത് സിംഗ് പന്നുവാണ് ഈ പ്രചാരണ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇത് സിഖുകാരും ഹിന്ദുക്കളും തമ്മിലുള്ള പ്രശ്നമാണ്. ഇക്കുറി ത്രിവര്‍ണ പതാക ഡല്‍ഹിയില്‍ എവിടെയും അനുവദിക്കുകയില്ല. 2022ല്‍ നടക്കുന്ന പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പിന് സമാന്തരമായി പഞ്ചാബിനെ ഇന്ത്യയുടെ ആധിപത്യത്തില്‍ നിന്നും സ്വതന്ത്രമാക്കുന്ന പ്രചാരണവും ഖാലിസ്ഥാന്‍ ഹിതപരിശോധനയും നടക്കുമെന്നും പന്നു വീഡിയോയില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യ ഗേറ്റില്‍ ഖാലിസ്ഥാന്‍ പതാക ഉയര്‍ത്തുന്നതിന് രണ്ടര ലക്ഷം യുഎസ് ഡോളറാണ് എസ്എഫ്‌ജെ പ്രഖ്യാപിച്ചിരുന്നത്. എസ്എഫ്ജെ കര്‍ഷകസമരത്തെ ഒന്നടങ്കം ഹൈജാക്ക് ചെയ്യുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം റിപ്പബ്ലിക് ദിനത്തില്‍ തലസ്ഥാനത്ത് സമാധാനപരമായി ട്രാക്ടര്‍ റാലി നടത്താന്‍ ഉദ്ദേശിച്ചെത്തിയ കര്‍ഷകരുടെ ഉദ്ദേശ്യങ്ങളെ അട്ടിമറിച്ച് കര്‍ഷകരുടെ ലേബലില്‍ എസ്എഫ്‌ജെ പ്രവര്‍ത്തകര്‍ തലസ്ഥാനത്ത് അരാജകത്വം സൃഷ്ടിച്ച് അഴിഞ്ഞാടുകയായിരുന്നു.

Related Articles

Back to top button