സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും, മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യും.

തിരുവന്തപുരത്തെ യു എ ഇ കോൺസുലേറ്റിനെ ദുരുപയോഗപ്പെടുത്തി നടന്ന സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും, മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യും. കസ്റ്റംസ് ആക്ടിലെ 108 വകുപ്പ് പ്രകാരം നോട്ടീസ് നൽകി കൊച്ചിയിലേക്ക് വിളിച്ചു വരുത്തിയാകും ചോദ്യം ചെയ്യുക.ശിവശങ്കരന്‍റെ ഫ്ലാറ്റിൽ വെച്ച് സ്വർണക്കടത്ത് കേസിൽ ഗൂഢാലോചന നടന്നെന്ന സരിത്തിന്‍റെ മൊഴി കസ്റ്റംസ് എടുത്തിരുന്നു. ശിവശങ്കറിന്റെ ഫ്‌ളാറ്റിൽ നടന്ന ഗൂഢാലോചനയിൽ ശിവശങ്കറിന് പങ്കില്ലെന്ന ശരത്തിന്റെ മൊഴി അന്വേഷണ സംഘം വിശ്വസിക്കുന്നില്ല.
നയതന്ത്ര ബാഗിലൂടെ സ്വർണം കടത്താൻ ഗൂഢാലോചന നടത്തിയത് ശിവശങ്കറിന്‍റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ വെച്ചാണെന്ന സൂചനകൾ നേരത്തെ തന്നെ കസ്റ്റംസിന് ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇവിടെ റെയ്ഡും നടത്തി. സിസിടിവി അടക്കുള്ള തെളിവുകൾ വെച്ച് സരിത്തിനെ കൂടുതൽ ചെയ്തതോടെയാണ് ഇക്കാര്യം സരിത്ത് സമ്മതിച്ചത്. സ്വപ്നയും സന്ദീപുമായി പല തവണ ഇവിടെ വെച്ച് കൂടിക്കാഴ്ച നടത്തിയതായി സരിത്ത് സമ്മതിക്കുകയായിരുന്നു. സ്വപ്നയ്ക്ക് ശിവശങ്കറുമായുള്ള ബന്ധം ഉപയോഗിച്ചാണ് ഫ്ലാറ്റ് ഗൂഢാലോചനയ്ക്കായി ഉപയോഗിച്ചത്.
അതേസമയം,സ്വർണ്ണക്കടത്ത് കേസിൽ മൂന്ന് പേരെ കൂടി കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു. സ്വർണം വാങ്ങിയ മൂന്ന് പേരെയാണ് കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. പിടിയിലായ റമീസ് നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് മൂന്ന് പേർ കസ്റ്റഡിയിലാവുന്നത്. ഇവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ഇവർ മുൻപും സ്വർണക്കടത്തുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നു അന്വേഷണ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിട്ടുണ്ട്.
അതേസമയം കരാർ ലംഘനം നടത്തിയതിന്‍റെ പേരിൽ കേരള സ്റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് പിഡബ്യൂസിക്ക് വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്വപ്നയെ ജോലിക്കെടുത്തതില്‍ പിഡബ്യൂസി, വിഷന്‍ ടെക്നോളജി എന്നീ സ്ഥാപനങ്ങള്‍ക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെയാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.