
ന്യൂഡല്‍ഹി: ലിവ് ഇന്‍ പങ്കാളിയായ ശ്രദ്ധ വാല്‍ക്കറെ കൊലപ്പെടുത്തിയശേഷം അഫ്താബ് പൂനാവാല ശരീരം കഷണങ്ങളാക്കിയത് അറക്കവാള്‍ ഉപയോഗിച്ചാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അസ്ഥികളിലെ പരിക്കു പരിശോധിച്ചാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കഴിഞ്ഞമാസം നടത്തിയ ഡിഎന്‍എ പരിശോധനയില്‍, കണ്ടെടുത്ത അസ്ഥികള്‍ ശ്രദ്ധയുടേതാണെന്ന് തെളിഞ്ഞിരുന്നു. ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്.
മേയ് 18ന് മെഹ്റൗലിയിലെ വാടകയ്ക്കെടുത്ത ഫ്ലാറ്റില്‍ വച്ച് ശ്രദ്ധയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയശേഷം ശരീരം 35 കഷണങ്ങളാക്കി മുറിച്ചു. ഫ്രിഡ്ജില്‍ സൂക്ഷിച്ച ശരീര ഭാഗങ്ങള്‍ പിന്നീട് ദിവസങ്ങള്‍കൊണ്ട് വിവിധ സ്ഥലങ്ങളില്‍ നിക്ഷേപിക്കുകയായിരുന്നു. വഴക്കിനെത്തുടര്‍ന്ന് പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് കൊലപാതകം നടന്നതെന്ന് അഫ്താബ് അമിന്‍ പൂനെവാല പറഞ്ഞു. ഡല്‍ഹി സാകേത് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ജഡ്ജിക്ക് മുന്നില്‍ അഫ്താബിന്റെ കുറ്റസമ്മതം. ആ സമയത്തെ പ്രകോപനത്തിലാണ് അത്തരമൊരു തെറ്റ് സംഭവിച്ചതെന്നാണ് അഫ്താബ് ജഡ്ജിയോട് പറഞ്ഞത്.
ലിവിങ് ടുഗതര്‍ പങ്കാളിയായ ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊന്ന് 36 കഷ്ണങ്ങളാക്കി മുറിച്ച് 300 ലിറ്റര്‍ ഫ്രിഡ്ജില്‍ മൂന്ന് ആഴ്ചയോളം വീട്ടില്‍ സൂക്ഷിക്കുകയും പിന്നീട് ഓരോഭാഗങ്ങളായി വനമേഖലയില്‍ ഉപേക്ഷിച്ചെന്നുമാണ് പോലീസ് പറയുന്നത്.
Post Your Comments