പഞ്ചാബികൾ കനഡയിലേക്ക് കുടിയേറുന്നു: ഇരച്ചു കയറി ക്രിസ്തുമതം. സിഖ് മതം സ്വത്വ പ്രതിസന്ധിയിൽ
NewsPoliticsNational

പഞ്ചാബികൾ കനഡയിലേക്ക് കുടിയേറുന്നു: ഇരച്ചു കയറി ക്രിസ്തുമതം. സിഖ് മതം സ്വത്വ പ്രതിസന്ധിയിൽ

ജലന്ധർ: പഞ്ചാബിലെ സിഖുകാർക്കിടയിൽ വൻ തോതിൽ മത പരിവർത്തനം നടക്കുന്നതായ പരാതിയുമായി അകാൽ തഖ്ത് രംഗത്തെത്തി. സിഖ് സമുദായം നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും ഇത് മുതലെടുത്ത് പഞ്ചാബി ഗ്രാമങ്ങളിൽ ക്രിസ്തുമതം പടർന്നു പന്തലിക്കുകയാണെന്നുമുള്ള തുറന്നു പറച്ചിൽ നടത്തിയിരിക്കുകയാണ് അകാൽ തഖ്ത്.അകാൽ തക്ത് ജതേദാർ ഗ്യാനി ഹർപ്രീത് സിങ്ങാണ് പരസ്യമായിത്തന്നെ ക്രിസ്ത്യൻ മിഷനറിമാർ നടത്തുന്ന മതപരിവർത്തനത്തിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. സാമൂഹ്യമായും സാമ്പത്തികമായും സിഖ് സമൂഹം ദുർബലമായിക്കൊണ്ടിരിക്കുകയാണെന്നും ഇത് മതപരമായും സിഖുകാരെ തളർത്തുമെന്നും വൈകാതെ രാഷ്ട്രീയമായ വിലപേശൽ ശേഷി സമുദായത്തിന് നഷ്ടമാകുമെന്നും അകാൽ തക്ത് മനസ്സിലാക്കുന്നു. പ്രതിരോധം തീർക്കുന്നതിൻ്റെ ഭാഗമായി അതിർത്തി പ്രദേശങ്ങളിലെ സിഖ് വിശ്വാസികൾ ഗൌരവമായ മതപ്രചാരണത്തിനിറങ്ങണമെന്ന് അകാൽ തക്ത് ആഹ്വാനം ചെയ്തിരിക്കുകയാണിപ്പോൾ.

എന്തുകൊണ്ട് സിഖ് സമൂഹത്തിന് ഈ വെല്ലുവിളി നേരിടേണ്ടി വരുന്നുവെന്ന ചർച്ചയും സജീവമാവുകയാണ്. സിഖ് മതനേതൃത്വത്തിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല എന്നാണ് സിഖുകാരിൽ തന്നെ വലിയ വിഭാഗം പറയുന്നത്. ശക്തമായ ജാതീയതയും ഉച്ചനീചത്വവും തൊട്ടുകൂടായ്മയുമൊക്കെ സിഖ് മതത്തിൽ നിന്ന് ആളുകൾ കൊഴിഞ്ഞു പോകാൻ കാരണമായിട്ടുണ്ടെന്നാണ് ഇവർ വാദിക്കുന്നത്.താഴേത്തട്ടിൽ എല്ലാ ജാതിക്കാരേയും ഒരു പോലെ കാണാൻ സാധിക്കാത്തതു കൊണ്ടാണ് ദേരാ സച്ചാ വിഭാഗത്തിലേക്കും ക്രിസ്തു മതത്തിലേക്കുമൊക്കെ ആളുകൾ പോകുന്നത്. ഗുരുനാനാക്കും സിഖ് മതത്തിലെ മറ്റു ഗുരുക്കൻമാരുമൊക്കെ ജാതീയതയെ തള്ളിയിരുന്നെങ്കിലും ഇന്നും സിഖ് മതത്തിൽ ജാതീയത ശക്തമായി തുടരുകയാണ്. ജാട്ടുകളും ഖത്രികളും ജാതിമാറി വിവാഹം പോലും കഴിക്കില്ല.സിഖ് മതത്തിലെ ഉയർന്ന ജാതിക്കാരായി കണക്കാക്കപ്പെടുന്ന ജാട്ടുകൾ വലിയ തോതിൽ മത പരിവർത്തനത്തിന് വിധേയരാക്കപ്പെടുന്നില്ല. അവർണ്ണ സിഖുകാരാണ് വൻ തോതിൽ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നത്.

ഭൂവുടമകളായ ജാട്ട് സമുദായക്കാർ മുൻ കാലങ്ങളിലൊക്കെ കൃഷിയിലായിരുന്നു ശ്രദ്ധ പുലർത്തിയിരുന്നത്. കൃഷി അനാകർഷകമാവുകയും ലാഭകരമല്ലാതാവുകയും ചെയ്തതോടെ സിഖ് മതത്തിലെ ജാട്ട് വിഭാഗക്കാർ വൻ തോതിൽ ഭൂമി വിറ്റഴിച്ച് കാനഡയിലേക്കും ഓസ്ട്രേല്യയിലേക്കും കുടിയേറുകയാണ്.രൂക്ഷമായ തൊഴിലില്ലായ്മയും ഉള്ള തൊഴിലുകൾക്ക് തന്നെ ലഭിക്കുന്ന തുച്ഛമായ ശമ്പളവും സിഖുകാരിൽ കുടിയേറ്റ മോഹം വളർത്തുകയാണ്. വ്യവസായങ്ങളാണെങ്കിൽ പഞ്ചാബ് വിട്ട് ഹിമാചൽ പ്രദേശിലേക്കും ഗുജറാത്തിലേക്കും മധ്യപ്രദേശിലേക്കും പോകുന്നതോടെ പഞ്ചാബി യുവാക്കൾക്ക് അവസരങ്ങൾ കുറയുകയാണ്.ഖലിസ്ഥാൻ ഉയർത്തുന്ന ഭീകരവാദ ഭീഷണിയും വർധിച്ചു വരുന്ന മയക്കു മരുന്നും ഒക്കെ മാതാ പിതാക്കളിൽ ആശങ്ക നിറയ്ക്കുന്നു. ഇതും കനഡയിലേക്കുള്ള കുടിയേറ്റത്തിന് വൻ തോതിൽ വഴി വെക്കുന്നുണ്ട്

വിദ്യാഭ്യാസ , ഭക്ഷണ കാര്യങ്ങളിൽ കാര്യമായ സഹായമെത്തിച്ചു കൊണ്ടാണ് ക്രിസ്തുമതം പഞ്ചാബിൽ വ്യാപകമാകുന്നത്.ജലന്ധർ, ഗുർദാസ് പൂർ ഭാഗങ്ങളിൽ ഗ്രാമീണ മേഖലയിൽ വലിയതോതിൽ മതപരിവർത്തനം നടക്കുന്നുവെന്നാണ് റിപ്പോർട്ട്.

Related Articles

Post Your Comments

Back to top button